ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ‘ഭരത നാട്യം’, ‘മോഹിനിയാട്ടം ‘ തുടങ്ങിയ കലകളോടുള്ള അടങ്ങാത്ത അഭിനിവേശം ബാല്യം മുതല്‍ മനസ്സില്‍ അങ്കുരിക്കുകയും കഠിനവും നിരന്തരവുമായ പരിശീലനത്തിലൂടെ ജന്മസിദ്ധമായി ലഭിച്ച കലയെ വളര്‍ത്തിയെടുക്കുകയും ചെയ്ത, സിയാ നായരുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായി.

ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തവേദിയില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത തന്റെ മാതാവും ഗുരുവുമായ പ്രശസ്തയായ കലാശ്രീ ഡോ. സുനന്ദ നായരിന്റെ കീഴിലെ ചിട്ടയായ പഠനവും പരിശീലനവും സിയായുടെ അരങ്ങേറ്റത്തെ ഉജ്ജ്വലമാക്കി. സിയ അവതരിപ്പിച്ച ഓരോ നൃത്തരൂപങ്ങളും വര്‍ണപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ സമ്മാനിച്ച് കാണികളായ അതിഥികള്‍ക്കു ആനന്ദത്തിന്റെ വിസ്മയാനുഭവങ്ങള്‍ പകര്‍ന്നു നല്‍കി.

ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്തത്തിനും പ്രത്യേകിച്ച് മോഹിനിയാട്ടത്തിനു ഗുരു ഡോ.സുനന്ദ നായര്‍ നല്‍കിയ സംഭാവനകള്‍ അവര്‍ണനീയമാണ്. ജൂലൈ 17 നു ഞായറാഴ്ച സ്റ്റാഫോര്‍ഡിലെ സ്റ്റാഫോര്‍ഡ് സെന്ററില്‍ വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന നടന വിസ്മയത്തിനു .തുടക്കം കുറിച്ചു. ‘സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സംഗീതജ്ഞരെയും സദസ്സിനെയും വണങ്ങി, താളമാലികയുടെയും രാഗമാലികയുടെയും മിശ്രണത്തില്‍ ശ്രീ ധനഞ്ചയന്‍ ചിട്ടപ്പെടുത്തിയ ‘നാട്യാഞ്ജലിയോടെ’ യായിരുന്നു അരങ്ങേറ്റത്തിന് തുടക്കം.

സ്റ്റാഫ്ഫോര്‍ഡ് സെന്ററില്‍ എത്തിചേര്‍ന്ന കലാ പ്രേമികളെ സിയായുടെ സഹോദരന്‍ സണ്ണി നായര്‍ സ്വാഗതം ചെയ്തു. ചെറുപ്പവും മുതല്‍ യാതൊരു നിര്‍ബന്ധവും ഇല്ലാതെ പ്രകടിപ്പിച്ച കലാവാസനക്കു ഊര്‍ജം നല്‍കി പ്രോത്സാഹിപ്പിച്ചത് ലോക പ്രശസ്ത ഗുരുവും മാതാവുമായ കലാശ്രീ ഡോ സുനന്ദ നായരായിരുന്നുവെന്നു ആമുഖ പ്രസംഗത്തില്‍ സണ്ണി നായര്‍ അനുസ്മരിച്ചു .

യശോദയെയും കൃഷ്ണനെയും വര്‍ണിക്കുന്ന ‘ജഗദോദരണ’ നൃത്തത്തില്‍ യശോദയെ അവതരിപ്പിക്കുമ്പോള്‍ സിയാ അഭിനയത്തിന്റെ മൂര്‍ത്തമായ അവസ്ഥയില്‍ കൃഷ്ണ ഭക്തിയില്‍ ലയിച്ച് ഒരു സ്വര്‍ഗീയ അനുഭവം പകര്‍ന്ന പ്രകടനമായിരുന്നു കാഴ്ച വച്ചത്. അമ്മയേയും മകളെയും ഒരുമിച്ചവതരിപ്പിച്ച സിയ ഭാവാഭിനയത്തില്‍ മികച്ചു നിന്ന് ആസ്വാദകരുടെ നിറഞ്ഞ കൈയടി നേടി

തുടര്‍ന്നവതരിപ്പിച്ച ‘വര്‍ണം’ അരങ്ങേറ്റത്തിന്റെ ഏറ്റവും മികച്ച അനുഭവം നല്‍കി. ഒന്‍പതു രാഗങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച വര്‍ണത്തില്‍ സിയയുടെ ‘നവരസ’ങ്ങളുടെ ഭാവപകര്‍ച്ച ഈശ്വരന്‍ തനിക്കു നല്‍കിയ കഴിവുകളുടെ ആവിഷ്‌കരണമായി. കേരളത്തിന്റെ സ്വന്തം ഗാനം എന്ന് വിശേഷിപ്പിക്കാവുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ’ ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരയപ്പ’ എന്ന് തുടങ്ങുന്ന കീര്‍ത്തനത്തിനു ചേര്‍ന്ന നൃത്തരസഭാവങ്ങള്‍ കാഴ്ച വയ്ക്കുവാന്‍ സിയയക്കു അനായാസേന കഴിഞ്ഞു.

12 ആയുധങ്ങള്‍ വഹിച്ച, 6 തലകളുള്ള ദേവന്‍’ സൗന്ദര്യത്തിന്റെ പ്രതീകമായ മയിലിന്റെ പുറത്തു യാത്ര ചെയ്യുന്ന കാഴ്ചകള്‍ നല്കിയ ‘ മയില്‍ വാഹന’ നൃത്തം ഗംഭീരപ്രകടനമായി അരങ്ങേറ്റത്തെ കൂടുതല്‍ മികവുറ്റതാക്കി. ഭരതനാട്യം മാര്‍ഗത്തിന്റെ അവസാന ഭാഗമായ ‘തില്ലാന’ ഭക്തിനിര്‍ഭരമായ മനസ്സോടെ സിയാ നായര്‍ അവതരിപ്പിച്ചപ്പോള്‍ തിങ്ങി നിറഞ്ഞു നിന്ന സദസ്സ് കൊച്ചു കലാകാരിയുടെ മികച്ച പ്രകടനത്തിന് മുമ്പില്‍ നമ്ര ശിരസ്‌കരായി. ഏറ്റവും ഒടുവില്‍ ഈശ്വരനും ഗുരുവിനും ഈശ്വരസ്ഥാനീയര്‍ക്കും സദസ്സിനും നമസ്‌കാര മംഗളത്തോടെ അരങ്ങേറ്റം പൂര്‍ത്തിയാക്കുമ്പോള്‍ എഴുന്നേറ്റു നിന്ന് കരഘോഷം അര്‍പ്പിക്കുന്ന സദസ്സായിരുന്നു സിയയ്ക്കു മുമ്പില്‍.

2016 ല്‍ നടന്ന സ്റ്റാര്‍ കലാകാറില്‍ ടൈറ്റില്‍ വിജയി ആയിരുന്ന ഈ മിടുക്കി തന്റെ ഭാരതീയ നൃത്തകലാകോള്‍ഡുള്ള പ്രണയം പാശ്ചാത്യ നൃത്ത രൂപങ്ങളിലേക്കും വ്യാപിപ്പിച്ചു. സ്‌കൂള്‍ തലം മുതല്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സിയാ ഹൂസ്റ്റണ്‍ പേജന്റില്‍ പീപ്പിള്‍ ചോയ്‌സ് വിന്നര്‍, മിസ് ടീന്‍ ബോളിവുഡില്‍ ആദ്യ റണ്ണര്‍ അപ്പ് എന്നിവയെല്ലാം സിയയെ തേടിയെത്തിയ അംഗീകാരങ്ങളില്‍ ചിലതുമാത്രമാണ്. നൃത്തത്തില്‍ മാത്രമല്ല സംഗീതത്തിലും തല്പരയായ സിയ ആറാം വയസ്സ് മുതല്‍ സംഗീതം അഭ്യസിച്ചു വരുന്നു. 2022 ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സിയാ നായര്‍ ടെക്‌സാസ് എ ആന്‍ഡ് എമ്മില്‍ ബിസിനസ്സില്‍ ബിരുദത്തിനു ചേര്‍ന്നിരിക്കയാണ്.

ഭരത നാട്യ അരങ്ങേറ്റ ചടങ്ങില്‍ സുനന്ദയുടെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യയില്‍ നിന്നുമെത്തിയ സൂര്യ മൂവ്‌മെന്റ് സ്ഥാപകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി,
സിനിമാ നിര്‍മാതാവും തിരക്കഥാ രചയിതാവുമായ ജേര്ണലിസ്‌റ് വിനോദ് മക്കര തുടങ്ങിയവരുടെ സാന്നിധ്യവും അരങ്ങേറ്റത്തെ ധന്യമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൃത്ത സംഗീത പ്രേമികള്‍ ഓണ്‍ലൈനിലൂടെയും അനുഗ്രഹീത ചടങ്ങിനു സാക്ഷ്യം വഹിച്ചു

ഡോ. സുന്ദന്ദ നായരോടൊപ്പം പ്രശസ്ത സംഗീതജ്ഞരായ ബാബു പരമേശ്വരന്‍, വിജയകൃഷണ പരമേശ്വരന്‍, മൃദംഗ വിദ്വാന്‍ സതീഷ് കൃഷ്ണമൂര്‍ത്തി, കലാക്ഷേത്ര ശരണ്‍ മോഹന്‍, ഫ്‌ലൂട്ടിസ്‌ററ് കൃഷ്ണ പ്രസാദ്, വയലിനിസ്‌റ് സുകപവലന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ അടങ്ങിയ ഓര്‍ക്കസ്ട്ര ടീം സിയയുടെ അരങ്ങേറ്റത്തിന് താളവും മേളവും നല്‍കി. സുനന്ദ നായരിന്റെ ശിഷ്യ കൂടിയായ ഡോ.സുജ പിള്ള എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. സിയയുടെ പിതാവ് ആനന്ദ് നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here