മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് സോമന്‍ ബേബി രാജിവെച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ വിമത ഗ്രൂപ്പിന്റെ ബഹ്റൈനില്‍ നടന്ന കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തതിന് ഔദ്യോഗിക വിഭാഗം പ്രസിഡന്റ് ടി പി വിജയന്‍ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് രാജി. ഗോപാല പിള്ളയുടെ നേതൃത്വത്തിലുള്ളതാണ് വിമത ഗ്രൂപ്പ്.

60 രാജ്യങ്ങളില്‍ നിന്നും മൂന്നൂറോളം പ്രതിനിധികള്‍ പങ്കടുക്കുമെന്ന് വിമത വിഭാഗം പത്രസമ്മേളനം നടത്തി അവകാശപ്പെട്ടിരുന്നുവെങ്കിലും വളരെ കുറച്ച് പേര്‍ മാത്രമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. സൗദി അറേബിയയില്‍ നിന്നും മൂന്ന്, അമേരിക്കയില്‍ നിന്നും നാല്, ജര്‍മ്മനിയില്‍ നിന്നും രണ്ട്, ഇന്ത്യയില്‍ നിന്നും നാല്, യുഎഇയില്‍ നിന്നും ബഹ്റൈനില്‍ നിന്നും ഒമ്പത് വീതവും പ്രതിനിധികളാണ് പങ്കെടുത്തത്. അഞ്ച് രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളും കുടുംബങ്ങളുമടക്കം 31 പേര്‍ മാത്രമാണ് ആണ് വിമത വിഭാഗം കോണ്‍ഫറന്‍സില്‍ പങ്കടുത്തത്. വിശിഷ്ടാതിഥികളായി പത്തോളം ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മന്ത്രി ശശിധരനും മുഹമ്മദ് ബഷീര്‍ എംപി യും മാത്രമേ എത്തിച്ചേര്‍ന്നുള്ളു.

കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പങ്കാളിത്ത കുറവു കാരണം വന്‍ പരാജയമായി. സമ്മേളനത്തില്‍ ബഹ്‌റൈനിലെ പൊതു പ്രവര്‍ത്തകരുടെ പങ്കാളിത്തം പോലും ഉറപ്പാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. ഗ്ലോബല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു. ഏകപക്ഷീയമായ തീരുമാനമാണെന്നതായിരുന്നു പരാതി. പ്രധാന പദവികളായ ചെയര്‍മാന്‍, ജനറല്‍ സെകട്ടറി, അഡ്മിന്‍ വൈസ് പ്രസിസന്റ് എന്നീ പദവികള്‍ അമേരിക്കയില്‍ നിന്നുള്ള പ്രതിനിധികള്‍ കയ്യടക്കിയെന്നും കോണ്‍ഫറന്‍സ് നടത്തിയ ബഹ്റൈന്‍ പ്രൊവിന്‍സിനു ഒരു പരിഗണനയും ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നു.

2016ല്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുടെ നേതൃത്വത്തില്‍ നടത്തിയ ഐക്യശ്രമത്തെ പരാജയപ്പെടുത്തിയത് ഇപ്പോഴത്തെ ചെയര്‍മാന്‍ ഗോപാലപിള്ളയുടെയും പ്രസിഡന്റ് ജോണ്‍ മത്തായിയുടെയും അധികാരമോഹം കാരണമാണെന്ന് ഔദ്യോഗിക വിഭാഗം ആരോപിച്ചു. വിമത വിഭാഗം നടത്തിയ കോണ്‍ഫറന്‍സിനെതിരെ ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയ്ക്കും ബഹ്റൈന്‍ ഗവണ്‍മെന്റിനും ഔദ്യോഗിക വിഭാഗം പരാതി നല്‍കിയിരുന്നു. അഡ്വ. ശിവന്‍ മഠത്തില്‍ മുഖേന നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന ആഗോള സംഘടനയുടെ പേരില്‍ ബഹ്‌റൈനില്‍ നടന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന് സംഘടനയുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വിഭാഗം മുന്‍പ് തന്നെ അറിയിച്ചിരുന്നു. 1995 ഏപ്രില്‍ ഏഴിന് അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ രജിസ്റ്റര്‍ ചെയ്ത വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദ്യ ഗ്ലോബല്‍ ചെയര്‍മാന്‍ ഇന്ത്യയുടെ മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന ടി. എന്‍. ശേഷനും ആദ്യ ഗ്ലോബല്‍ പ്രസിഡന്റ് പ്രമുഖ സാങ്കേതിക വിദഗ്ധനും, വ്യവസായ പ്രമുഖനുമായിരുന്ന കെ.പി.പി.നമ്പ്യാരും ആയിരുന്നു.

27 വര്‍ഷമായി സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ & ഫാര്‍ ഈസ്റ്റ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിങ്ങനെ ആറ് റീജിയണുകളിലായി 57 പ്രോവിന്‍സുകളുമായി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി നിലകൊള്ളുന്നു. 2021 ഏപ്രില്‍ 18ന് ചേര്‍ന്ന് ഗ്ലോബല്‍ കോണ്‍ഫറന്‍സ് തിരഞ്ഞെടുത്ത ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ പ്രസിഡന്റ് ടി.പി.വിജയന്‍, ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സംഘടനയുടെ ഇപ്പോഴത്തെ ഭരണസമിതി. നിയമപ്രകാരം കേരളത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. സംഘടനയുടെ ലോഗോയും പേറ്റന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍ 2008ലാണ് സംഘടന രണ്ടു വിഭാഗമായി തിരിഞ്ഞത്. 2015 ഡിസംബര്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മറ്റ് സംസ്ഥാന മന്ത്രിമാരുടെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ ‘ഐക്യ ദിനം 2015’ എന്ന പേരില്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍ വച്ച് അംഗീകരിച്ച ധാരണ പത്രത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഒന്നായി.

ഇക്കഴിഞ്ഞ കോവിഡ് മഹാമാരി കാലത്ത് ആഗോളതലത്തിലും കേരളത്തിലും കേരള സര്‍ക്കാരും നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ച് 10 കോടിയിലധികം രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന് സാധിച്ചു. സംഘടനയുടെ ഗ്ലോബല്‍ ഗ്രീന്‍ വില്ലേജിന്റെയും സ്‌പോര്‍ട്‌സ് അക്കാദമിയുടെയും പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പുരോഗമിക്കുന്നുണ്ട്. ഗ്ലോബല്‍ ഗ്രീന്‍ വില്ലേജില്‍ പൂര്‍ത്തിയായ 12 വീടുകളുടെ താക്കോല്‍ കഴിഞ്ഞ മാര്‍ച്ച് 10ന് കേരള ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ കൈമാറിയിരുന്നു. കൊച്ചി താജ് ഹോട്ടലില്‍ വച്ചു നടന്ന ആഗോള ബിസിനസ്സ് കോണ്‍ഫറന്‍സില്‍ ഗ്ലോബല്‍ പരിസ്ഥിതി ഫോറത്തിന്റെ നേതൃത്വത്തില്‍ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ പ്രോജക്ടുകള്‍ക്ക് 12 ലക്ഷം രൂപയുടെ പരിസ്ഥിതി അവാര്‍ഡ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ പിണറായി വിജയന്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കി.

കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 10000ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ യുവജനോത്സവം സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈനില്‍ കലാപരിപാടികള്‍ നടത്തി 24 മണിക്കൂര്‍ നീണ്ട ഓണാഘോഷവും ശ്രദ്ധ നേടിയിരുന്നു. ആഗോളതലത്തില്‍ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനായി മലയാള ഭാഷാവേദിയുടെ നേതൃത്വത്തില്‍ വായനാദിനത്തോട് അനുബന്ധിച്ച് കവിയരങ്ങ് സംഘടിപ്പിച്ചു. ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവാസി മലയാളികളുടെ ഏറ്റവും മികച്ച സംഘടനയായി പ്രവര്‍ത്തിക്കുന്നു.

2016 ആഗസ്റ്റില്‍ നിരന്തരമായുള്ള സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ വേള്‍ഡ് മലയാളി കൗണ്‍സിലില്‍ നിന്നും പുറത്താക്കപ്പെട്ട ഗോപാല പിള്ളയുടെ നേതൃത്വത്തിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ ബഹ്‌റൈനില്‍ വച്ച് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇതിന് യഥാര്‍ത്ഥ വേള്‍ഡ് മലയാളി കൗണ്‍സിലുമായി യാതൊരു ബന്ധവുമില്ലായിരുന്നു. 2018ല്‍ അന്നത്തെ കേരള ഗവര്‍ണര്‍ ജസ്റ്റിസ്. പി. സദാശിവത്തെ പങ്കെടുപ്പിച്ച് ഇത്തരത്തില്‍ ഒരു പ്രോഗ്രാം നടത്താന്‍ ശ്രമിക്കുകയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അതില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന സംഘടന അല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം അതില്‍ നിന്ന് പിന്‍മാറിയിരുന്നു.

കൂടാതെ പലപ്പോഴായി ഇവരുടെ നേതൃത്വത്തില്‍ ദൃശൃപത്രമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഈ സംഘടനയുടെ പേരില്‍ ഇല്ലാത്ത പദ്ധതികളെ കുറച്ചു വാര്‍ത്ത പ്രസിദ്ധീകരിക്കുകയും സംഘടനയുടെ പേരിന് അവമതിപ്പുണ്ടാക്കുകയും ചെയ്തതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. 2021 മെയില്‍ സംഘടനയുടെ പേരുപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വ്യാജ പ്രോജക്ടുകള്‍ അവതരിപ്പിച്ചതിനെതിരെ കോട്ടയം എസ്.പി ഓഫീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ശിവന്‍ മഠത്തില്‍ മുഖേന കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടു നീണ്ട പ്രവര്‍ത്തന പാരമ്പര്യമുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പേരും ലോഗോയും അനധികൃത മാര്‍ഗ്ഗത്തിലൂടെ ഉപയോഗിച്ച് സംഘടനക്ക് അവമതിപ്പുണ്ടാക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നുവെന്നും ഇത്തരത്തില്‍ അനധികൃതമായി നടത്തുന്ന കോണ്‍ഫറന്‍സ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ പ്രസിഡന്റ് ടി. പി. വിജയന്‍, ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍, ഗ്ലോബല്‍ ട്രഷറര്‍ ജയിംസ് കൂടല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഷാജി മാത്യൂ, ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ അറിയിച്ചിരുന്നു.

ജോണി കുരുവിള
(വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍)

 

LEAVE A REPLY

Please enter your comment!
Please enter your name here