ഫിലാഡല്‍ഫിയ: യേശു ശിഷ്യനും, ഭാരത അപ്പസ്‌തോലനുമായ മാര്‍ തോമ്മാശ്ലീഹാ രക്തസാക്ഷിത്വം വഹിച്ചതിന്റെ 1950ാം വാര്‍ഷികവും, ദുക്‌റാന തിരുനാളും സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 24 വെള്ളിയാഴ്ച്ച മുതല്‍ ജൂലൈ 4 തിങ്കളാഴ്ച്ച വരെ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിച്ചു. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മാതൃസംഘടനയായ മരിയന്‍ മദേഴ്‌സിലെ 63 മാതാക്കളും അവരുടെ കുടുംബങ്ങളുമായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. 

കൊവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ ദേവാലയത്തില്‍ നേരിട്ടെത്തി ഇടവക മദ്ധ്യസ്ഥന്റെ തിരുനാള്‍ക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ലൈവ് സ്റ്റ്രീമിങ്ങിലൂടെ പെരുനാളിന്റെ എല്ലാ ദൃശ്യമനോഹാരിതയും ആസ്വദിക്കുന്നതിനും, മദ്ധ്യസ്ഥനോടുള്ള തിക്ഷ്ണമായ പ്രാര്‍ത്ഥനയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും മീഡിയാ ടീം വഴിയൊരുക്കിയിരുന്നു.

ജൂണ്‍ 24 വെള്ളിയാഴ്ച്ച ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പു നടത്തി തിരുനാള്‍കൊടി ഉയര്‍ത്തി പതിനൊന്നുദിവസം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. 

ജൂണ്‍ 24 മുതല്‍ ജുലൈ 1 വരെ എല്ലാദിവസങ്ങളിലും ഇടവകയിലെ  കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടന്നു. പ്രധാന തിരുനാള്‍ ജുലൈ 1, 2, 3 ആയിരുന്നു.
 
ജുലൈ 1 നും, 2 നും വൈകുന്നേരം ദിവ്യബലിയും, ലദീഞ്ഞും.  ഫാ. ഡിജോ കോയിക്കര എം. സി. ബി. എസ്. (ഹെര്‍ഷി സെ. ജോസഫ് സീറോമലബര്‍ മിഷന്‍ ഡയറക്ടര്‍) വെള്ളിയാഴ്ച്ചയും, ഫാ. ഡെല്‍സ് അലക്‌സ് (സൗത്ത് ജേഴ്‌സി സെ. ജൂഡ് സീറോമലബാര്‍ മിഷന്‍ ഡയറക്ടര്‍) ശനിയാഴ്ച്ചയും തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ബാബു മഠത്തിപ്പറമ്പില്‍ (സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരി),  ഫാ. തോമസ് മലയില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

ശനിയാഴ്ച്ച 7 മണിമുതല്‍ മരിയന്‍ മദേഴ്‌സിന്റെ മേല്‍നോട്ടത്തില്‍ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന കലാസന്ധ്യ അരങ്ങേറി. ഇടവകയിലെ കലാപ്രതിഭകള്‍ ഗാനങ്ങളും, നൃത്തങ്ങളും, ബൈബിള്‍ നാടകവും, ഫാഷന്‍ ഷോയും സമന്വയിപ്പിച്ച് അവതരിപ്പിച്ച വിവിധകലാപരിപാടികള്‍ കാണികളില്‍ കൗതുകമുണര്‍ത്തി. മരിയന്‍ മദേഴ്‌സ് വൈസ് പ്രസിഡന്റ് ലിസി ചാക്കോയുടെ രചനയില്‍ അനുഗ്രഹീത നാടകനടന്‍ ജോര്‍ജ് ഓലിക്കല്‍ സംവിധാനവും, പ്രധാനവേഷവും, നൃത്താധ്യാപകന്‍ ബേബി തടവനാല്‍ ചമയവും നിര്‍വഹിച്ച് രംഗത്തവതരിപ്പിച്ച ബൈബിളിലെ എസ്‌തെര്‍ രാജ്ഞിയുടെ കഥപറയുന്ന നൃത്തസംഗീത നാടകമായ വചനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.ആധുനിക ടെലിവിഷന്‍ ഷോകളില്‍ കാണുന്നതുപോലുള്ള പശ്ചാത്തല ദൃശ്യവിസ്മയങ്ങള്‍ കംപ്യൂട്ടര്‍ സങ്കേതികവിദ്യയും, കലാപരമായ ഡിസൈനുകളും സമഞ്ജസമായി സമന്വയിപ്പിച്ച് സ്റ്റേജിന് മിഴിവേകിയ വീഡിയോ വാള്‍ ഈ വര്‍ഷത്തെ കലാസന്ധ്യയുടെ പ്രത്യേകതയായിരുന്നു

നാടകത്തിനുശേഷം പ്രസുദേന്തിമാരായ അമ്മമാരും, ദമ്പതിമാരും, യുവതീയുവാക്കളും കേരളത്തനിമയിലും, വൈവിധ്യങ്ങളിലൂമുള്ള ഫാഷന്‍ വേഷങ്ങള്‍ അണിഞ്ഞു അവതരിപ്പിച്ച അമ്മ മഴവില്‍ കള്‍ച്ചറല്‍ ഹെരിറ്റേജ് ഷോ എന്തുകൊണ്ടും മനോഹരമായിരുന്നു.

മരിയന്‍ മദേഴ്‌സ് പ്രസിഡന്റ് സെലിന്‍ ഓലിക്കല്‍ സ്വാഗതമാശംസിച്ച കലാസായാഹ്നം ഭദ്രദീപം തെളിച്ച് ഇടവകവികാരിയും, കൈക്കാരന്മാരുംം, മരിയന്‍ മദേഴ്‌സ് ഭാരവാഹികളും ഉത്ഘാടനം ചെയ്തു. മതാധ്യാപകരായ ജാന്‍സി ജോര്‍ജും, ജോസഫ് ഈപ്പനും കലാപരിപാടികളുടെ എംസിമാരായി.

ദുക്‌റാന തിരുനാളായ ജുലൈ 3 ഞായറാഴ്ച്ച 10 മണിക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ കാര്‍മ്മികരായി ആഘോഷമായ തിരനാള്‍ കുര്‍ബാന. ലദീഞ്ഞിനുശേഷം വിശുദ്ധന്റെ തിരുസ്വരൂപം സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, യുവജനങ്ങള്‍ തയാറാക്കിയ കാര്‍ണിവല്‍ തുടര്‍ന്ന് സ്‌നേഹവിരുന്ന്. 

ജുലൈ 4 തിങ്കളാഴ്ച്ച ഇടവകയില്‍നിന്നും വേര്‍പെട്ടുപോയവരെ അനുസ്മരിച്ച് ദിവ്യബലിയും ഒപ്പീസും. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ തിരുനാള്‍ കൊടിയിറക്കിയതോടെ തിരുനാളാഘോഷങ്ങള്‍ക്ക് തിരശീലവീണു. ഡീക്കന്‍ ജോര്‍ജ് പാറയില്‍ തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും സഹായി ആയിരുന്നു. 

വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, ജോര്‍ജ് വി. ജോര്‍ജ്, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, മരിയന്‍ മദേഴ്‌സ് ഭാരവാഹികളായ സെലിന്‍ ഓലിക്കല്‍, ലിസി ചാക്കോ, സോഫി നടവയല്‍, ആലീസ് ജോണി, റോസമ്മ സണ്ണി എന്നിവരും,പാരിഷ് കൗണ്‍സില്‍ അംഗങ്ങളും പെരുനാളിന്റെ ക്രമീകരണങ്ങള്‍ നടത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here