ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് രൂപതയുടെയും സഭാംഗങ്ങളുടെയും മൊത്തം സമൂഹത്തിന്റെയും ഉന്നമനം ലക്‌ഷ്യം വച്ച് രണ്ട് ഫണ്ടുകൾ ഉദ്ഘാടനം ചെയ്തു. അവക്ക് വേണ്ടി അര  മില്യൺ ഡോളർ ഇതിനകം സമാഹരിച്ചു. ഡയോസിസൻ   ക്യാപിറ്റൽ ഫണ്ടും എൻഡോവ്മെന്റ് ഫണ്ടുമാണ് മാർ ജോയി ആലപ്പാട്ടിന്‌ നൽകിയ അനുമോദന ചടങ്ങിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. പലരും സ്വീകരണ വേദിയിൽ തന്നെ ചെക്കുകൾ കൈമാറി. 

ഫണ്ടിന്റെ ആരംഭം മാർ ആലപ്പാട്ട് സരസമായി വിവരിച്ചു. ഡയോസിസൻ  കമ്മിറ്റി തനിക്ക് ഒരു ഉപഹാരം നൽകാൻ താല്പര്യം  പ്രകടിപ്പിച്ചു. എന്നാൽ തനിക്ക് ഉപഹാരമൊന്നും  വേണ്ടെന്നും പകരം   രൂപതയുടെ ഭാവിക്കായി എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണമെന്നും താൻ നിർദേശിച്ചു. കുറെ വർഷങ്ങൾ മുൻകൂട്ടി കണ്ടുള്ള ലക്‌ഷ്യം വേണം.

‘എനിക്ക് 66 വയസായി. ഇനി ഏറിയാൽ ഒൻപതര വർഷമാണ് ബിഷപ്പായിരിക്കുക. 3882 ദിവസം മാത്രം. അതിനാൽ ഞാനെന്ന വ്യക്തിയെ അല്ല കണക്കിലെടുക്കേണ്ടത്. അതെ സമയം രൂപത എല്ലാ കാലത്തേക്കുമുള്ളതാണ്. അത് മെത്രാനെയോ വൈദികനെയോ ആശ്രയിച്ചല്ല നിലനിൽക്കുന്നത്.

നമുക്ക് ഒരുപാട് കഴിവുകൾ ഉണ്ട്. പക്ഷെ അത് വേണ്ടരീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. നമുക്ക് ഒരു ദൈവ വിളി ഉണ്ട്. സഭക്കും നാടിനും നന്മ  ചെയ്യുക എന്നത്. കുർബാന കാണുകയും കുട്ടികളെ വേദപാഠം പഠിപ്പിക്കുകയും ചെയ്‌താൽ മാത്രം  പോരാ. ചക്രവാളത്തോളം അനന്തമായ  കാര്യങ്ങളാണ് വിശ്വാസം  ആവശ്യപ്പെടുന്നത്-മാർ ആലപ്പാട്ട് പറഞ്ഞു. 

രൂപത  തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംസ്കാരവും പൈതൃകവും കൈമാറുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് തന്റെ സ്ഥാനാഹോരണച്ചടങ്ങിൽ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് വിശദീകരിച്ചു.  ആത്മീയമായ ആവശ്യങ്ങൾക്കുപുറമേ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സംസ്കാര നവീകരണം, സ്വഭാവ രൂപീകരണം തുടങ്ങി എല്ലാത്തുറകളിലും   അത് മാർഗ്ഗദർശിയായി നിന്നു. വരുംതലമുറയ്ക്കും അതിന്റെ നല്ല അംശങ്ങൾ പകർന്നുനൽകാൻ രൂപത എന്നും ജാഗരൂകമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

21 വർഷങ്ങളായുള്ള സ്ഥിരോത്സാഹവും അർപ്പണമനോഭാവവും കൊണ്ടാണ് രൂപത   ഇന്നത്തേതുപോലെ സ്വയം പര്യാപ്തമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. സാമ്പത്തികമായി കൂടുതൽ  ഉന്നമനത്തിനു   മിഷനും രൂപീകരിച്ചിട്ടുണ്ട്.

റവ.ഫാ.കുര്യൻ നെടുവേലിചാലുങ്കൽ (ഡയോസെഷൻ ഫിനാൻസ് കൗൺസിൽ) ഫണ്ടുകളെപ്പറ്റി വിശദീകരടിക്കാൻ സി.പി.എ മാരായ  ആൻഡ്രു തോമസ്, ജെയിൻ  ജേക്കബ് എന്നിവരെ ക്ഷണിച്ചു. രൂപതയുടെയും ഇടവകകളുടെയും കാപിറ്റൽ വികസനത്തിന് മാത്രമാണ് ക്യാപിറ്റൽ ഫണ്ട് ഉപയോഗിക്കുകയെന്ന്   ആൻഡ്രു തോമസ് പറഞ്ഞു. എൻഡോവ്മെന്റ് ഫണ്ടിന്റെ  പലിശ മാത്രമേ ചെലവഴിക്കു.  നിത്യനിദാന ചെലവിന്  ഇവയിൽ നിന്ന് ഒരു പെനി പോലും എടുക്കില്ല. ഇത് വൈകാതെ രജിസ്റ്റർ ചെയ്യും. കൂടുതൽ വിവരങ്ങളും  അറിയിക്കും. 

പാരിഷുകളുടെയും മിഷന്റെയും വികസനത്തിനായി ഇത് വിനിയോഗിക്കും. യുവാക്കളുടെ ഉന്നമനം, കൗൺസിലിംഗ് സെന്ററുകളുടെ നടത്തിപ്പ്, വിശ്രമജീവിതം നയിക്കാനുള്ള കേന്ദ്രങ്ങൾ, എന്നിവ ഈ ഫണ്ട് ഉപയോഗിച്ച് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.

ഫണ്ടിനെപ്പറ്റി കുറച്ച് പേരെ മാത്രമേ അറിയിക്കാൻ കഴിഞ്ഞുള്ളു. എന്നിട്ടും അരമില്യൻ  തുകയായും വാഗ്ദാനമായും  സമാഹരിച്ചു. 35 കുടുംബങ്ങളിൽ 15 പേർ തങ്ങളുടെ  പേര് വെളിപ്പെടുത്തരുതെന്നു പറഞ്ഞു. 

പതിനായിരം ഡോളറിൽ കൂടുതൽ നൽകിയ ഏതാനും കുടുംബങ്ങൾ വേദിയിൽ വച്ച് ചെക്ക് മാർ ആലപ്പാട്ടിന് കൈമാറി. 

അവരിൽ അലക്സ്-അച്ചാമ്മ ദമ്പതികൾക്ക് സ്റ്റേജിലേക്ക് കയറാൻ വിഷമമായതിനാൽ ബിഷപ്പ് സദസ്സിലേക്ക് ചെന്ന് തുക  ഏറ്റു വാങ്ങി.  

ബിഷപ്പ്, നാഷണൽ കമ്മിറ്റി, മറ്റു കമ്മിറ്റികൾ, ഫോറോനാ, പാരിഷ്-മിഷൻ എന്നിവയുടെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ. ഇതിന്റെ നിയമവശങ്ങൾ പൂർത്തീകരിക്കാൻ മാസങ്ങൾ വേണ്ടിവന്നേക്കും. പുതിയ ആശയങ്ങളും പിന്തുണയും  പങ്കാളിത്തവുമായി  കൂടുതൽ പേർ മുന്നോട്ട് വന്ന് ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് ഇവക്കായുള്ള കമ്മിറ്റിയിലെ  അംഗങ്ങൾ അഭ്യർത്ഥിച്ചു. ഇതിനായി സുഹൃത്തുക്കളും കുടുംബവുമായി വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, റവ.ഫാ.കുര്യൻ നെടുവേലിചാലുങ്കൽ (ഡയോസെഷൻ ഫിനാൻസ് കൗൺസിൽ)  ജെയിൻ  ജേക്കബ് സിപിഎ, ജോസഫ് ചാമക്കാല സിപിഎ  എന്നിവരാണ് 
ഡയോസെഷൻ ഡെവലപ്മെന്റ് ഫണ്ട്റെയ്‌സിംഗ് കമ്മിറ്റിയിൽ. 

സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ താഴെ കൊടുക്കുന്ന വ്യക്തികളുമായി ബന്ധപ്പെടുക: 

റവ.ഫാ.കുര്യൻ നെടുവേലിചാലുങ്കൽ : (510) 688-7805
ആൻഡ്രൂ പി തോമസ് : (847) 702-3877
ജെയിൻ  ജേക്കബ് സിപിഎ :(845) 661-0084
ജോസഫ് ചാമക്കാല സിപിഎ :(847) 370 -5673 

LEAVE A REPLY

Please enter your comment!
Please enter your name here