ആഷാ മാത്യു

ഫിലാഡല്‍ഫിയയിലെ മലയാളി വ്യവസായിയുടെ ഷോപ്പില്‍ നിന്ന് വിറ്റ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് അഞ്ച് മില്യണ്‍ ഡോളറിന്റെ സമ്മാനം. പെന്‍സില്‍വാനിയ ലോട്ടറി സ്‌ക്രാച്ച്-ഓഫ് ടിക്കറ്റ് ഇത്തവണ അടിച്ചിരിക്കുന്നത് സൗത്ത് ഫിലാഡല്‍ഫിയയിലെ മലയാളിയായ വിന്‍സെന്റ് ഇമ്മാനുവലിന്റെ 7-ഇലവന്‍ കണ്‍വീനിയന്‍സ് സ്റ്റോറില്‍ വിറ്റ ടിക്കറ്റിനാണ്. 1981 മുതല്‍ 7 ഇലവന്റെ ഫ്രാഞ്ചൈസി നടത്തുകയാണ് വിന്‍സെന്റ് ഇമ്മാനുവലും ഭാര്യ ബ്രിജിറ്റ് വിന്‍സെന്റും. കോതമംഗലം സ്വദേശിയാണ് വിന്‍സെന്റ് ഇമ്മാനുവല്‍.

അഞ്ച് മില്യണ്‍ സ്വന്തമാക്കിയ ഭാഗ്യവാന്‍ ആരാണെന്ന് അറിയാമെങ്കിലും സ്‌റ്റേറ്റ് ഒഫീഷ്യല്‍സിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത് വരെ വിജയിയുടെ പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിന്‍സെന്റ് ഇമ്മാനുവല്‍ പറഞ്ഞു. ഇതാദ്യമായാണ് ഈ ഷോപ്പില്‍ നിന്ന് വിറ്റ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് ഇനത്തില്‍ ഇത്ര വലിയ തുക സമ്മാനാര്‍ഹമാകുന്നത്. അഞ്ച് മില്യണ്‍ ഡോളറിന്റെ ടിക്കറ്റ് വിറ്റ വകയില്‍ ബോണസ് തുകയായി പതിനായിരം ഡോളര്‍ ഷോപ്പുടമയായ വിന്‍സെന്റ് ഇമ്മാനുവലിന് ലഭിക്കും.

സമീപകാലത്ത് ഫിലാഡല്‍ഫിയയിലെ പെന്‍സില്‍വാനിയ ലോട്ടറി സ്‌ക്രാച്ച്-ഓഫ് ടിക്കറ്റില്‍ സമ്മാനാര്‍ഹമായിരിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. രണ്ട് വര്‍ഷം മുന്‍പത്തെ ഡിസംബറില്‍ അടിച്ച 2.4 മില്യണ്‍ ഡോളറാണ് ഇതിനു മുന്‍പ് സമ്മാനാര്‍ഹമായ ഉയര്‍ന്ന തുക. ദീപാ കോവാട്ടാണ് 7-ഇലവന്‍ ഷോപ്പിന്റെ മാനേജര്‍. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് ഇനത്തില്‍ ദിനംപ്രതി പതിനായിക്കണക്കിനു രൂപയുടെ വിറ്റു വരവുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്ര വലിയൊരു തുക സമ്മാനമടിക്കുന്നതെന്ന് ദീപാ കോവാട്ട് പറഞ്ഞു.

ഫിലാഡല്‍ഫിയയില്‍ ഹണ്ടിംഗ്ഡണ്‍ വാലിയിലാണ് വിന്‍സെന്റ് ഇമ്മാനുവലും കുടുംബവും താമസിക്കുന്നത്. അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി പൊതുപ്രവര്‍ത്തകന്‍ കൂടിയായ വിന്‍സെന്റ് ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായില്‍ സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത ശേഷം ഇപ്പോള്‍ ബിസിനസ് രംഗത്ത് സജീവമാണ്. ഭാര്യ ബ്രിജിറ്റ് വിന്‍സെന്റ് 2018ല്‍ അമേരിക്കന്‍ നഴ്‌സിങ് ബോര്‍ഡ് അംഗമായ ആദ്യത്തെ മലയാളി വനിതയാണ്. പെന്‍സില്‍ വാനിയ ഗവര്‍ണറാണ് ബ്രിജിറ്റിനെ നഴ്‌സിങ് ബോര്‍ഡ് അംഗമായി നിയമിച്ചത്. നഴ്സിംഗ് പ്രാക്ടീഷണര്‍ ആയി ജോലി ചെയ്യുന്നതിനൊപ്പം നഴ്സിംഗ് ബോര്‍ഡംഗമായും തുടരുകയാണ് ബ്രിജിറ്റ് വിന്‍സെന്റ്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here