
ഷിക്കാഗോ: അനുയോജ്യമായ കാലാവസ്ഥയുടെ അനുഗ്രഹത്തോടുകൂടി ജൂണ്‍ 27-ന് സ്‌കോക്കിയിലെ ലരാമി പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ട മാര്‍ക്ക് പിക്‌നിക്ക് നിരവധി നവാഗതരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. പുതുതായി റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ പ്രവേശിക്കുന്ന മലയാളി യുവാക്കള്‍ക്കിടയില്‍ മാര്‍ക്ക് എന്ന സംഘടനയോടുള്ള മതിപ്പിന്റെ സൂചനകൂടിയായിയിരുന്നു പിക്‌നിക്കിലുടനീളമുള്ള അവരുടെ ആവേശകരമായ പങ്കാളിത്തം.
രാവിലെ 10.30നു കേരള സ്റ്റൈലിലുള്ള പ്രഭാതഭക്ഷണത്തോടെ പിക്‌നിക്ക് പരിപാടികള്‍ ആരംഭിച്ചു. പ്രസിഡന്റ് സ്‌കറിയാക്കുട്ടി തോമസ് സ്വാഗതം ആശംസിച്ചതിനോടൊപ്പം പുതുമുഖങ്ങളെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്‌തു. മുന്‍ മാര്‍ക്ക് പ്രസിഡന്റും, ഷിക്കാഗോ മെതഡിസ്റ്റ് ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്ററുമായ ജോസഫ് ചാണ്ടി പിക്‌നിക്ക് ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് റവ. ഹാം ജോസഫ് പിക്‌നിക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ച് ഹ്രസ്വമായി വിശദീകരിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങള്‍ പിക്‌നിക്കില്‍ നടത്തപ്പെട്ടു. മദ്ധ്യാഹ്നം 12 മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ സയാഹ്നം ഏഴുവരെ തുടര്‍ന്നു. മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും തത്സമയം നടത്തപ്പെട്ടു. ബെന്‍സി ബെനഡിക്‌ട്, സമയാ ജോര്‍ജ് എന്നിവരുടെ മികച്ച നേതൃത്വത്തിലാണ് മത്സരങ്ങള്‍ എല്ലാം ചിട്ടയോടെ നടത്തപ്പെട്ടത്. മാര്‍ക്ക് ട്രഷറര്‍ സാം തുണ്ടിയില്‍, ജോയിന്റ് സെക്രട്ടറി മാക്‌സ് ജോയി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോമോന്‍ മാത്യു എന്നിവര്‍ക്കൊപ്പം റജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ്, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍, ജോര്‍ജ് ഒറ്റപ്ലാക്കല്‍ എന്നിവര്‍ പിക്‌നിക്കിന്റെ കാര്യക്ഷമമായ നടത്തിനു നേതൃത്വം നല്‍കി. മലബാര്‍ കേറ്ററിംഗ് ഒരുക്കിയ രുചികരമായ പിക്‌നിക്ക് വിഭവങ്ങള്‍ ഏവരും ആസ്വദിച്ചു. സെക്രട്ടറി വിജയന്‍ വിന്‍സെന്റ് അറിയിച്ചതാണിത്.