Selfie-stick-saves-life.jpg.image.784.410

ന്യൂയോർക്ക്∙ സെൽഫിയെടുക്കാൻ മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനും സെൽഫി സ്റ്റിക്കിനാകുമെന്ന് തെളിയിച്ച് ന്യൂയോർക്കിൽ നിന്നൊരു സംഭവകഥ. യുവജനങ്ങളുടെ സെൽഫിഭ്രമത്തെ കണ്ണടച്ച് വിമർശിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ടതാണ് പതിനാറുകാരിയെ മരണച്ചുഴിയിൽനിന്ന് ജീവിതത്തിലേക്ക് വലിച്ചുകയറ്റി സെൽഫി സ്റ്റിക്ക് താരമായി മാറിയ ഈ സംഭവം.

യുഎസിലെ ടെക്സാസിൽ നിന്നുമുള്ള എറിൻ ജോൺസ് എന്ന പതിനാറുകാരിക്കാണ് സെൽഫി സ്റ്റിക്ക് മരണത്തിൽനിന്നും ജീവിതത്തിലേക്കുള്ള പിടിവള്ളിയായത്. മസാച്യുസെറ്റ്സിലെ ബീച്ചിൽ കുടുംബാംഗങ്ങൾക്കൊപ്പം അവധിയാഘോഷിക്കാനെത്തിയതായിരുന്നു എറിൻ‌. കടൽത്തീരത്തെ കുടുംബാംഗങ്ങളുടെ അവധിയാഘോഷങ്ങളുടെ വിവിധ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്ന എറിനെ പെട്ടെന്നെത്തിയ തിര കരയിൽനിന്നും കടലിലേക്ക് വലിച്ചിട്ടു. തിരയിൽപ്പെട്ടു പോയതിന്റെ അങ്കലാപ്പിനിടയിലും കൈയിലിരുന്ന സെൽഫി സ്റ്റിക്കിലെ പിടി വിടാതിരുന്നതാണ് എറിന് തുണയായത്.

തിരയിൽപ്പെട്ട് മകൾ ഒഴുകിനീങ്ങുന്നതു കണ്ടെത്തിയ പിതാവ് ഡെറിക് ജോൺസ് സെൽഫി സ്റ്റിക്കിന്റെ ഇങ്ങേയറ്റത്ത് പിടിത്തമിടുകയായിരുന്നു. മകളെ കരയിലേക്ക് വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ ഡെറിക്കും തിരയിലേക്ക് വീണുപോയി. ഇതിനിടെ എറിൻ ഒരുവിധത്തിൽ കരയിലെത്തിയിരുന്നു. ഓടിയെത്തിയ സുരക്ഷാ ജീവനക്കാരും കടൽത്തീരത്തുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് ഡെറിക്കിനേയും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി. എന്തായാലും, മരണത്തിനും ജീവിത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ കരയിലേക്കെത്തിയ എറിൻ ഇപ്പോൾ നന്ദി പറയുന്നത് തന്റെ സെൽഫി ഭ്രമത്തോടാണ്. കടലിലേക്ക് വീണ സമയത്ത് സെൽഫി സ്റ്റിക്ക് കൈയിലില്ലായിരുന്നെങ്കിലോ!

LEAVE A REPLY

Please enter your comment!
Please enter your name here