manish.jpg.image.784.410

ന്യൂയോർക്ക്∙ മലയാളികൾ അധികം കടന്നുചെല്ലാത്ത പോലീസ് ഡിപ്പാർട്ട്മെന്റിൽ മലയാളി യുവാവിന്റെ സാന്നിദ്ധ്യം അഭിമാനത്തിനു വക നൽകുന്നു. തൃശൂർ ജില്ലയിലെ പുത്തൻചിറ സ്വദേശിയും അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനുമായ മൊയ്തീൻ പുത്തൻചിറയുടെ മകൻ മനീഷ് മൊയ്തീന് മാസാച്യുസെറ്റ്സിലെ വെയ്മത്ത് പോലീസ് ഡിപ്പാർട്ട്മെന്റിൽ നിയമനം ലഭിച്ചു. മനീഷിനൊപ്പം മറ്റു രണ്ടു പോലീസ് ഓഫീസർമാരും ആഗസ്റ്റ് 12-ന് ഔദ്യോഗിക പദവി ഏറ്റെടുത്തു.

യു.എസ്. കോസ്റ്റ് ഗാർഡിൽ പത്തു വർഷം സേവനമനുഷ്ഠിച്ചിട്ടുള്ള മനീഷ്, പോയിന്റ് അല്ലർടൻ, കേപ്പ് കോഡ്, സാന്റിയേഗോ എന്നീ തീരദേശ സ്റ്റേഷനുകളിൽ വിവിധ തസ്തികകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിലും (ICE), നാർക്കോട്ടിക് കൺട്രോൾ യൂണിറ്റിലും സേവനം ചെയ്തിട്ടുണ്ട്. 2005 മുതൽ 2007 വരെ പാനമയിൽ കൗണ്ടർ നാർക്കോട്ടിക് ഓപ്പറേഷൻസിൽ പങ്കെടുത്തിട്ടുള്ള മനീഷ് ഒരു ഷാർപ്പ് ഷൂട്ടർ കൂടിയാണ്.

മനീഷിന്റെ സഹപ്രവർത്തകരായി നിയമിതരായ രണ്ടുപേരിൽ ജസ്റ്റിൻ ചാപ്പൽ യു.എസ്. ആർമിയിൽ റൈഫിൾമാനായി അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മറ്റൊരു ഓഫീസർ യു.എസ്. നേവിയിലെ സെക്കന്റ് മറൈൻ ഡിവിഷനിൽ സേവനമനുഷ്ഠിച്ചിട്ടുള്ള നിക്കോളാസ് മരിനിയാണ്.

ആഗസ്റ്റ് 12-ന് ടൗൺ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അസിസ്റ്റന്റ് ടൗൺ ക്ലർക്ക് ലീ ഹൾട്ടിൻ മുമ്പാകെ മൂന്നു ഓഫീസർമാരും സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗിക പദവി ഏറ്റെടുത്തു.

അമേരിക്കൻ ഡിഫൻസിന്റെ മൂന്ന് ഡിവിഷനുകളിൽ വ്യത്യസ്ഥ മേഖലകളിൽ പരിചയസമ്പന്നരായ മൂന്ന് ഓഫീസർമാരെ തങ്ങൾക്ക് ലഭിച്ചതിൽ വെയ്മത്ത് പോലീസ് ഡിപ്പാർട്ട്മന്റ് അഭിമാനിക്കുന്നു എന്ന് പോലീസ് ചീഫ് പറഞ്ഞു. നിയമലംഘകരെ കർശനമായി നേരിടുകയും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്വുക എന്നതാണ് തന്റെ ഉത്തരവാദിത്വമെന്ന് മനീഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here