സാൻഫ്രാ‍ൻസിസ്കോ∙ ഇന്ത്യക്കാരായ മാതാപിതാക്കൾ തങ്ങളുടെ മക്കൾ കണക്കിലും സയൻസിലുമൊക്കെ മിടുക്കരായി വളരണമെന്നാഗ്രഹിക്കുന്നത്. സാമൂഹ്യശ്രേണിയിലെ ഉയരങ്ങളിലേക്കുളള വളർച്ച ലക്ഷ്യമിട്ടുതന്നെയാണ്. എന്നാൽ ആഗോള തലത്തിൽ തന്നെ മുൻനിരയിലുളള യുഎസ് കോർപറേഷനുകളിലൊക്കെയും ഇന്ത്യൻ കുടിയേറ്റ സമൂഹം എക്സിക്യൂട്ടീവ് ചുമതലകളിലെത്തിപ്പെടുന്നതിന് പിന്നിൽ ഇന്ത്യയിൽ ലഭിക്കുന്ന മികച്ച വിദ്യാഭ്യാസത്തിനൊപ്പം, ലാളിത്യത്തിലും മൂല്യങ്ങളിലും പരസ്പര സഹവർത്തിത്വത്തിലും അടിയുറച്ച ഇന്ത്യൻ സംസ്കാരവും നിർണായക സ്വാധീനം ചെലുത്തുന്നുവെന്നാണ് വിലയിരുത്തൽ. മൈക്രോ സോഫ്റ്റ് സിഇഒയായി നിയമിക്കപ്പെട്ട സത്യ നദെല്ലയ്ക്ക് പിന്നാലെ അടുത്തിടെ ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവായുളള സുന്ദർ പിച്ചെയുടെ നിയമനവും ഈ ഒരു വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇന്ത്യൻ കുടിയേറ്റ സമൂഹം സാരഥ്യമേകുന്ന അഡോബ് സിസ്റ്റംസ്, നോക്കിയ, ഗ്ലോബൽ ഫൗണ്ട്റീസ്, മാസ്റ്റർ കാർഡ് തുടങ്ങിയ കമ്പനികൾക്കൊപ്പം നദെല്ലയുടെയും പിച്ചെയുടെയും രംഗപ്രവേശം കൂടിയായതോടെ നാനാത്വത്തിലെ ഏകത്വത്തിലും മൂല്യങ്ങളിലൂന്നിയ ഇന്ത്യൻ സംസ്കാരത്തിനും ഇവിടുത്തെ രൂപപ്പെടലിനും മൂല്യമേറിയതായി സാംസ്കാരിക വിദഗ്ധരും ഇന്ത്യൻ എക്സിക്യൂട്ടീവുകളും വിലയിരുത്തുന്നു.

അമേരിക്കയിൽ മാത്രമല്ല ഗ്ലോബൽ കോർപറേഷനുകളിലെല്ലാം മൂല്യാധിഷ്ഠിത സംസ്കാരം ഇന്ന് വിലമതിക്കപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

നാനാത്വത്തിൽ ഏകത്വത്തിലൂന്നിയ സാംസ്കാരിക വൈവിധ്യങ്ങളിൽ വളരുമ്പോൾ തന്നെ അതിന്റെ ഭാഗമായുണ്ടാകുന്ന പ്രതിസന്ധികളെയും പ്രശ്നങ്ങളെയും തരണം ചെയ്യാനും അതിൽ നിന്ന് പഠിക്കുന്ന പരസ്പര സഹകരണന്റെയും ടീം വർക്കിന്റെയും പാഠങ്ങൾ ഭാവിയിൽ എക്സിക്യൂട്ടീവ് തലത്തിലെയും മറ്റും സാരഥ്യത്തിൽ നേതൃശേഷിക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗിക്കാനും സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

മികച്ച വിദ്യാഭ്യാസം അടിത്തറയ്ക്കൊപ്പം ടെക്നിക്കൽ മികവും സാങ്കേതിക രംഗത്ത് ഉയരങ്ങൾ കീഴടക്കാൻ ആവശ്യമാണ്. സിലിക്കോൺ വാലി സംരംഭകർ പറയുന്നു. എന്റർപ്രനീരിയൽ മികവിനൊപ്പം ജോലി സംബന്ധമായി പുലർത്തേണ്ട ധാർമികതയെയും ഇന്ന് സമൂഹം വിലമതിക്കുന്നു. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ടോപ്പ് എക്സിക്യൂട്ടീവ്സിനു പുറമേ 89000 ഇന്ത്യക്കാർ സിലിക്കോൺവാലിയിൽ താമസിക്കുന്നുണ്ട്. സാൻഫ്രാ‍ൻസിസ്കോയിലും ഓക്ലൻഡിലുമായി മറ്റൊരു 86,000 പേരും താമസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here