തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ അഭിമുഖം ഫോക്‌സ് ന്യൂസിന്. മരിയ ബാര്‍ട്ടിറോമോ ട്രംപിനെ ഇന്റര്‍വ്യൂ ചെയ്യും. ഫോക്‌സ് ന്യൂസില്‍ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ട്രംപുമായുള്ള അഭിമുഖം തത്സമയം സംപ്രേഷണം ചെയ്യും. തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് ഇതുവരെ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക അഭിമുഖം നല്‍കിയിട്ടില്ല. പല വേദിയിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ ട്രംപ് ഒഴിവാക്കുകയായിരുന്നു.

നവംബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതായി ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. പെന്‍സില്‍വാനിയയില്‍ വഞ്ചനയും നിയമവിരുദ്ധതയും വ്യാപകമാണെന്ന് ശനിയാഴ്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. വോട്ടിംഗ് ക്രമക്കേട് ആരോപിച്ച് പരാജയം അംഗീകരിക്കാത്ത ട്രംപിന്റെ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിലയിരുത്തിയ ഫെഡറല്‍ അപ്പീല്‍ കോടതി ബൈഡന്റെ വിജയം ശരിവെച്ചിരുന്നു. ഫെഡറല്‍ കോര്‍ട്ടിന്റെ വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ട്രംപ്.

അതേസമയം കഴിഞ്ഞ ദിവസം ജോ ബൈഡന്റെ വിജയം ഇലക്ട്രല്‍ കോളേജ് ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപ്പോഴും വോട്ടെണ്ണലില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന തന്റെ നിലപാട് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തീര്‍ച്ചയായും ഞാനത് ചെയ്യുമെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുകയാണെങ്കില്‍ അത് ഇലക്ടറല്‍ കോളേജിന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അത് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള ഒരു കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ മൂന്നിന് തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കിയത്. നവംബര്‍ മൂന്നിന് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചെങ്കിലും ഇത് ഉതുവരെ അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. 232 നെതിരെ 306 വോട്ടുകള്‍ നേടിയായിരുന്നു ട്രംപിനെ ജോ ബൈഡന്‍ പരാജയപ്പെടുത്തിയത്. ജനുവരി 20 ന് ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here