നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്‍ കീഴില്‍ സിഐഎയുടെ നേതൃസ്ഥാനത്തേക്ക് മിഷിഗനിലെ എലിസ സ്ലോട്ട്കിന്‍ പരിഗണിക്കപ്പെട്ടേക്കുമെന്ന് സൂചന. 44 കാരിയായ എലിസ സ്ലോട്ട്കിന്‍ മുന്‍ സിഐഎ ഇന്റലിജന്‍സ് അനലിസ്റ്റാണ്. ന്യൂയോര്‍ക്ക് സിറ്റി സ്വദേശിയാണ് സ്ലോട്ട്കിന്‍. മുന്‍ പ്രസിഡന്റുമാരായ ഒബാമയുടെയും ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെയും കീഴില്‍ മൂന്ന് തവണ ഇറാഖില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ മിഷിഗനിലെ എട്ടാമത്തെ കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റില്‍ റിപ്പബഌക്കന്‍ സ്ഥാനാര്‍ത്ഥി പോള്‍ ജംഗിനെതിരെ നവംബര്‍ മൂന്നിന് എലിസ സ്ലോട്ട്കിന്‍ രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഒരാള്‍ എങ്ങനെ അഹംഭാവി ആകാതിരിക്കണം എന്ന പാഠം ഡെമോക്രാറ്റ്‌സ് ട്രംപില്‍ നിന്ന് കണ്ടുപഠിക്കണമെന്ന് വിമര്‍ശന രൂപേണെ സ്ലോട്ട്കിന്‍ പറഞ്ഞു.

മുന്‍ പ്രസിഡന്റ് ഒബാമയുടെ കീഴില്‍ ആക്ടിംഗ് സിഐഎ ഡയറക്ടറായിരുന്ന മൈക്കല്‍ മോറെല്‍, ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന തോമസ് ഡോണിലോണ്‍, ദേശീയ ഇന്റലിജന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്യൂ ഗോര്‍ഡന്‍ തുടങ്ങിയവരും സിഐഎയുടെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷാ സമിതിക്കും ദേശീയ രഹസ്യാന്വേഷണ ഡയറക്ടറുടെ ഓഫീസിനും വേണ്ടി സ്ലോട്ട്കിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗിന ഹസ്‌പെലാണ് സിഐഎയുടെ ഇപ്പോഴത്തെ ഡയറക്ടര്‍. 2018 ല്‍ പ്രസിഡന്റ് ട്രംപാണ് ഗിന ഹസ്‌പെലിനെ നിയമിച്ചത്. ഏജന്‍സിയെ നയിച്ച സെനറ്റ് സ്ഥിരീകരിച്ച ആദ്യ വനിതയാണ് ഹസ്പല്‍.

സിഐഎയുടെ വാര്‍ഷിക ബജറ്റും ജീവനക്കാരുടെ എണ്ണവും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ഏജന്‍സി വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ ചില കണക്കുകള്‍ പ്രകാരം ജീവനക്കാരുടെ എണ്ണം 20,000 ത്തിലധികവും വാര്‍ഷിക ബജറ്റ് കണക്ക് 15 ബില്യണ്‍ മുതല്‍ 22 ബില്യണ്‍ വരെയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here