കോവിഡ് 19 ദുരിതാശ്വാസ ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത്. ഒപ്പിടാന്‍ ഇനിയും വൈകുകയാണെങ്കില്‍ അനിയന്ത്രിത പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 90,000 കോടി ഡോളറിന്റെ കോവിഡ് 19 സഹായ ബില്ലാണ് യുഎസ് കോണ്‍ഗ്രസ് പാസാക്കിയത്. സെനറ്റ് അംഗങ്ങള്‍ അംഗീകരിച്ച ബില്ല് ഒപ്പിടുന്നതിനായി പ്രസിഡന്റ് ട്രംപിന് അയച്ചുവെങ്കിലും ട്രംപ് ബില്ല് അംഗീകരിക്കാതെ തിരിച്ചയക്കുകയായിരുന്നു.

ബില്ല് സംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തണമെന്നും ഓരോ വ്യക്തിക്കും 600 ഡോളറിന് പകരം 2000 ഡോളര്‍ നല്‍കണമെന്നും എങ്കില്‍ മാത്രമേ ബില്ല് പാസാക്കുന്നതിന് താന്‍ ഒപ്പിടുകയുള്ളൂ എന്നുമാണ് ട്രംപിന്റെ നിലപാട്. മാസങ്ങളുടെ നിഷ്‌ക്രിയത്വത്തിന് ശേഷമാണ് കോണ്‍ഗ്രസ് 900 ബില്യണ്‍ ഡോളര്‍ സഹായ പാക്കേജ് പാസാക്കിയത്. എന്നാല്‍ പതിനൊന്നാം മണിക്കൂറില്‍ ട്രംപ് ഇത് തടയുകയാണെന്ന് പ്രഖ്യാപിക്കുകയും ബില്ലിനെ അപമാനകരം എന്ന് വിളിക്കുകയും ചെയ്യുകയായിരുന്നു.

ബില്ലില്‍ പല വിദേശ രാജ്യങ്ങള്‍ക്കും സഹായം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും ഇതും മാറ്റണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം അംഗീകരിച്ച് നിയമനിര്‍മ്മാണം ഭേദഗതി ചെയ്യണമെന്നും എങ്കില്‍ മാത്രമേ താന്‍ ഒപ്പിടൂ എന്നുമാണ് ട്രംപിന്റെ നിലപാട്. ഇതിനെതിരെയാണ് ജോ ബൈഡന്‍ രംഗത്തെത്തിയിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here