യോഗാഗുരു കൂവള്ളൂർ

യോഗ പാഠം -3

മുൻ അധ്യായത്തിൽ  ശവാസനത്തിൽ കിടന്നുകൊണ്ട് മനസ് ശുദ്ധമാക്കുന്നതെങ്ങിനെയെന്ന് പറഞ്ഞുവല്ലോ. അതുപോലെതന്നെ നമ്മുടെ നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു വിദ്യയാണ് ഈ അധ്യായത്തിലൂടെ പഠിക്കാനുള്ളത്. ഇത്തവണ നമ്മുടെ ആമാശയത്തിൽ കെട്ടിക്കിടക്കുന്ന അമിതമായ വായുവിനെയും (പലതരത്തിലുള്ള ഗ്യാസുകൾ ) അതുപോലെതന്നെ ദഹിച്ചതും, അല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ പുറത്തുതള്ളാനുള്ള ഒരു വിദ്യയാണ് വിവരിക്കാൻ പോകുന്നത്.

പവനമുക്താസനം- അത് പലവിധത്തിൽ ചെയ്യാൻ സാധിക്കും, ഇതേപറ്റികൂടുതൽ പഠിക്കേണ്ടവർക്ക് ഗൂഗിളിൽ സർച്ച് ചെയ്താൽ വിദഗ്ധമായ രീതിയിൽ പഠിച്ചു മനസിലാക്കാൻ പറ്റും. രാവിലെ കിടക്കയിൽനിന്നും എഴുന്നേൽക്കുന്നതിന് മുൻപ് പവനമുക്താസനം ഒന്നു പരീക്ഷിച്ചു നോക്കുക അത്രവലിയ ആയാസമില്ലാതെ ചെയ്യാവുന്ന ഒരു യോഗയാണിത്. എങ്കിൽപോലും ശരീരത്തിനും മനസിനും വളരെയധികം ഗുണം ലഭിക്കുന്ന ഒന്നാണ് ഈ ആസനം.

സാധാരണ ഒരു കുട്ടി ജനിച്ച് 24 മണിക്കൂറിനുള്ളിൽ അതിന്റെ വയറ്റിൽ നിന്നും മൂത്രം പോകുവന്നില്ലെങ്കിൽ ഡോക്ടർമാരുടെ ദൃഷ്ടിയിൽ ആ കുട്ടിക്ക് എന്തെങ്കിലും വൈല്യകല്യമുണ്ടെന്ന് അവർ വിധിയെഴുതും. അതുപോലതന്നെ കുട്ടി ജനിച്ച് മൂന്ന് നാലു ദിവസത്തിനുള്ളിൽ വളരെ അയഞ്ഞ രീതിയിലെങ്കിലും മലം പുറത്തുവരുന്നില്ലെങ്കിൽ ഒരു പക്ഷേ, കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലായെന്നു വന്നേക്കാം. കൊച്ചുകുഞ്ഞായിരിക്കുമ്പോൾ തന്നെ അവർ എത്ര ചുറുചുറുക്കുള്ളവരായിരിക്കുമെന്ന് കുട്ടികളെ ശ്രദ്ധിച്ചാൽ മനസിലാക്കാൻ സാധിക്കും. അതുപോലെ തന്നെ പ്രായമാവുമ്പോഴും തീരെ വ്യായാമമമില്ലാതെ വന്നാൽ നമ്മൾ പലവിധ രോഗങ്ങൾക്ക് അടിമകളായിതീരും. ഇതിൽ നിന്നും മോചനം കിട്ടാനുള്ള ഏറ്റവും നല്ല ഉപാധിയാണ് യോഗ.

പ്രായമായവരുടെ വയറ്റിൽ നിന്നും ശരിയായ രീതിയിൽ മലവും മൂത്രവും പോകാതെ വന്നാലുണ്ടാവുന്ന വിഷമതകൾ അനുഭവിച്ചവർക്കേ അറിയാൻ കഴിയൂ. മനുഷ്യന്റെ മിക്കരോഗങ്ങൾക്കും കാരണം കഴിക്കുന്ന ഭക്ഷണ പാനീയങ്ങൾ വേണ്ടവിധത്തിൽ തക്കസമയത്ത് ദഹിക്കാതെവരികയും വിരേചന ഉണ്ടാകാതെവരികയും ചെയ്യുമ്പോഴാണ്. ശരിയായ രീതിയിൽ മലശോധന ഇല്ലാതെ വന്നാൽ നമ്മുടെ മനസും ശരീരവും വിഷലിപ്തമാവുകയും നാം രോഗികളായിതീരുകയും ചെയ്യും.

കൃത്യനിഷ്ടയോടെ നല്ല ഭക്ഷണം കഴിക്കാനും നമ്മൾ പ്രത്യേകം ശ്രമിക്കണം. മോശമായ ഭക്ഷണം കഴിച്ചാൽ നാമറിയാതെതന്നെ രോഗാവസ്ഥയിലേക്ക് നീങ്ങും. പഴകിയതും മോശമായ ഭക്ഷണം കഴിച്ചാൽ നാമറിയാതെതന്നെ രോഗാവസ്ഥയിലേക്ക് നീങ്ങും. പഴകിയതും മോശമായതുമായ ഭക്ഷണത്തിന് യോഗയിൽ ‘തമാസിക് ‘ എന്നും, നല്ല ഗുണമുള്ള ഭക്ഷണത്തിന് ‘സ്വാത്വിക്’ എന്നും പറയും.

ഇനി നമുക്ക് യോഗയിലേക്ക് മടങ്ങിവരാം. പവനമുക്താസനം പ്രധാനമായും രണ്ടു വിധത്തിലുണ്ട്. ഒന്ന് അർദ്ധ പവനമുക്താസനം ആദ്യമായി അത് ചെയ്യാൻ ശ്രമിക്കുക. കിടക്കയിൽ നീണ്ടുനിവർന്ന് കിടക്കുക, കാലുകൾ രണ്ടും അടുപ്പിച്ച് വയ്ക്കാവുന്നതാണ്. ശവാസനത്തിൽ കിടക്കുന്ന രീതിയിൽ മലർന്നു വേണം കിടക്കാൻ. ആ കിടപ്പിൽ കിടന്നുകൊണ്ട് ശ്വാസം നന്നായി മൂക്കിലൂടെ വലിച്ചെടുത്തശേഷം സാവകാശം പുറത്തേക്കുവിടുക. അതോടൊപ്പം തന്നെ വലതുകാൽ മടക്കി കാൽമുട്ട് നെഞ്ചിന്റെ ഭാഗത്തേയ്ക്ക് കൊണ്ടുവരികയും രണ്ടു കൈകളും കാലിന്റെ പുല്ലൂരിയുടെ മുകൾ ഭാഗത്തു ചേർത്തു പിടിച്ച് തുടഭാഗം നെഞ്ചിനോട് അമർത്തിക്കൊണ്ട് തലയുടെ നെറ്റി മുട്ടിലേയ്ക്ക് പരമാവധി അടുപ്പിക്കാൻ ശ്രമിക്കുക. ആ നിലയിൽ ഏറെക്കുറെ മുപ്പത് സെക്കന്റ് നിൽക്കാൻ ശ്രമിക്കുക. ശ്വാസോച്ഛ്വാസം സാധാരണഗതിയിൽ അകത്തേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയുംചെയ്യാവുന്നതാണ്. സാവകാശം കൈകൾ അയച്ച് കാല് പൂർവ്വസ്ഥിതിയിലേക്ക് നീട്ടിവയ്ക്കുക.

അടുത്തതായി ഇടതുകാലും മേൽപറഞ്ഞതുപോലെതന്നെ മടക്കി തുട ഭാഗം നെഞ്ചിനോട് അടുപ്പിച്ച് കൈകൾ പുല്ലൂരിയുടെ മേൽഭാഗത്തു കോർത്തുപിടിച്ച് നെറ്റി മുട്ടിനോട് പരമാവധി അടുപ്പിക്കാൻ ശ്രമിക്കുക. വലതുകാൽ ചെയ്തതുപോലെ തന്നെ കുറേ സമയം പിടിച്ചു നിൽക്കാൻ ശ്രമിക്കുക. 30 സെക്കന്റ് കഴിഞ്ഞ് കാൽ നീട്ടി അല്പ സമയം കിടക്കുക. ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ഓരോ കാലും പ്രത്യേകം, പ്രത്യേകം ഇതേരീതിയിൽ ചെയ്യുന്നതിനാൽ അർദ്ധ പവന മുക്താസനം എന്നു പറയുന്നു.


അടുത്തതായി രണ്ടു കാൽ മുട്ടുകളും നെഞ്ചിന്റെ ഭാഗത്തേയ്ക്കു മടക്കി രണ്ടു കാലുകളുടെയും പുല്ലൂരിയുടെ മുകൾഭാഗത്ത് രണ്ടു കൈകളും കൊണ്ട് കോർത്തുപിടിച്ച് തുടകൾ നെഞ്ചിനോടമർത്തി നെറ്റി, പറ്റാവുന്നിടത്തോളം മുട്ടുകളുടെ ഭാഗത്തേക്ക് അടുപ്പിക്കാൻ ശ്രമിക്കുക. 
 
ഈ ആസനം അല്പം പ്രയാസമായി പലർക്കും തോന്നിയേക്കാം. സാധിക്കുമെങ്കിൽ കുറേ സമയം അതേ അവസ്ഥയിൽ നിൽക്കാൻ ശ്രമിക്കുക. ശ്വാസോച്ഛ്വാസം സാധാരണ ഗതിയിൽ വിടാവുന്നതാണ്. പിന്നീട് കൈകൾ അയച്ച് കാലുകൾ പൂർവ്വസ്ഥിതിയിൽ നീണ്ടുനിവർന്ന് കിടക്കുക. ശ്വാസം എടുക്കുകയും ചെയ്യുക. രണ്ടുകാൽ മുട്ടുകളും മടക്കിയുള്ള ഈ ആസനത്തിന് പവനമുക്താസനം എന്നാണ് പറയുക. സമയം ലഭിക്കുന്നതുപോലെ ഈ ആസനങ്ങൾ മൂന്നുനാലു തവണ ആവർത്തിക്കാവുന്നതാണ്.

പനമുക്താസനം ചെയ്യുന്നതിലൂടെ നമ്മുടെ ആന്തരികാവയവങ്ങൾക്ക് നാമറിയാതെതന്നെ ഉത്തേജനം ലഭിക്കുകയും നമ്മുടെ ആമാശത്തിൽ രൂപപ്പെടുന്ന വായു ഊർജ്ജമായി പുറത്തേക്ക് പോകുന്നതിനും സാധ്യമായിതീരും. ഉദരസംബന്ധമായ പലവിധരോഗങ്ങളെയും പ്രതിരോധിക്കാൻ ഈ ആസനങ്ങളിലൂടെ സാധിക്കും. ദിവസവും ഈ ആസനങ്ങൾ ചെയ്താൽ നമ്മുടെ ദഹന പ്രക്രീയ സുഗമമായിത്തീരുന്നതിനും കാരണമായിതീരും. തുടർച്ചയായി ആറു മാസം ദിവസവും രാവിലെ പവനമുക്താസനം ചെയ്താൽ നമ്മുടെ മനസിനും, ശരീരത്തിനും ശാന്തി ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് പണ്ടുകാലത്തെ യോഗാചാര്യന്മാർ സ്ഥിരസുഖ ആസനം എന്നു വിശേഷിപ്പിച്ചിരുന്നത്.

2 COMMENTS

  1. യോഗയെക്കുറിച്ച് ഗുരു കൂവള്ളൂർ അവർകൾ എഴുതുന്ന ഈ ലേഖന പരമ്പര വളരെ നന്നായിട്ടുണ്ട്. ഞാൻ ഇത് വായിച്ചുകൊണ്ട് യോഗ പരിശീലനം ആരംഭിച്ചു. വളരെ ലളിതമായി ചെറിയ പോസുകൾ പഠിപ്പിച്ചുകൊണ്ട് തുടങ്ങിയതിനാൽ പ്രാക്ടീസ് ചെയ്യാൻ എളുപ്പമാണ്. കൂടുതൽ ചാപ്റ്ററുകൾക്കായി കാത്തിരിക്കുന്നു.
    ഗോപകുമാർ വെട്ടുകാട്ടിൽ 

  2. കേരള ടൈംസ് എന്ന ഈ പാത്രത്തെക്കുറിച്ച് അറിയാൻ തുടങ്ങിയിട്ട് 5  മാസത്തോളമായി. അമേരിക്കയിലുള്ള ഒരു സുഹൃത്ത് ഒരു ലിങ്ക് അയച്ചു തന്നപ്പോൾ മുതൽ കണ്ടതാണ്. എന്നാൽ ആദ്യ കാഴ്ച്ചയിൽ അത്ര ഗുണമുള്ളതായി തോന്നിയില്ല. കേരളത്തിൽ മറ്റു പത്രങ്ങളിൽ വായിക്കുന്ന വാർത്തകളുമായി വലിയവ്യത്യാസമൊന്നുമില്ല. എന്നാൽ കഴിഞ്ഞ ജനുവരി മാസത്തിലാണ്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ട് ആയി ചുമത്താൽ ഏറ്റ ദിവസം. കേരളത്തിൽ ഇറങ്ങുന്ന പത്രങ്ങളേക്കാൾ വ്യത്യസ്ഥമായ എന്തെങ്കിലും വായിക്കാമല്ലോ എന്ന് കരുതി വെറുതെ ഒന്ന് തുറന്നു നോക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒന്നാം പേജ് മുഴുവൻ ബൈഡൻ വർത്തകൊണ്ട് നിറഞ്ഞു നിൽക്കുന്നു പത്രത്തിന്റെ കാഴ്ച്ചയിൽ വന്ന മാറ്റം ആണ് കൂടുതൽ ആശ്ചര്യപ്പെടുത്തിയത്. മാത്രമല്ല ഒരുപാടു വിദേശ വാർത്തകളും . മനോരമ, മാതൃഭൂമി പത്രങ്ങളിലൊന്നുമില്ലാത്ത വാർത്തകൾ പോലും കാണാൻ കഴിഞ്ഞു. മകൻ അമേരിക്കയിൽ ഉപരി പഠനത്തിന് പോകാനിരിക്കുന്നതുകൊണ്ട് ഞാൻ കൂടുതൽ അമേരിക്കൻ  വാർത്തകൾ വായിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഞാൻ കേരള ടൈംസിന്റെ സ്ഥിരം വായനക്കാരനാണ്. ഗുരു കൂവള്ളൂർ സാർ എഴുതിയ പല ലേഖനങ്ങളും വായിച്ചിട്ടുണ്ട്. ട്രമ്പിനെക്കുറിച്ചും റിപ്പബ്ലിക്കൻ പാർട്ടിയെക്കുറിച്ചും എഴുതിയ ലേഖനം വായിച്ചിരുന്നു. അന്നെഴുതണമെന്നു വിചാരിച്ചിരുന്നതാണ്. കൂവള്ളൂർ സാറിന് പ്രത്യേകം നന്ദി.
    പി. എസ്. ചാക്കോ പെരുമാട്ടിക്കുന്നേൽ 

LEAVE A REPLY

Please enter your comment!
Please enter your name here