രാജേഷ് തില്ലങ്കേരി

കൊച്ചി : മുത്തൂറ്റ് ചെയർമാനും ഓർത്തഡോക്‌സ് സഭാ അത്മായ ട്രസ്റ്റിയുമായ എം ജി ജോർജ്ജ് മുത്തൂറ്റ് (71) നിര്യാതനായി. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ന്യൂഡൽഹി സെന്റ് ജോർജ്ജ് ഹയർസെക്കന്ററി സ്‌കൂൾ ഡയറക്ടർ സാറാ ജോർജ്ജാണ് ഭാര്യ.
ജോർജ് എം ജോർജ്ജ്, അലക്‌സാണ്ടർ ജോർജ്ജ്, പരേതനായ പോൾ മുത്തൂറ്റ് എന്നിവർ മക്കളാണ്.

ഫോബ്‌സ് തയ്യാറാക്കിയ ഇന്ത്യൻ ധനികരുടെ പട്ടികയിൽ 50മതായിരുന്നു എം ജി മുത്തൂറ്റും സഹോദരങ്ങളും.

മുത്തൂറ്റ് എന്ന കുടുംബനാമത്തെ സാമ്പത്തിക വിജയത്തിന്റെ പേരാക്കി മാറ്റിയ വ്യവസായി ആയിരുന്നു എം ജി ജോർജ്ജ് മുത്തൂറ്റ്. 1949 ലാണ് പത്തനംതിട്ടയിലെ കോഴഞ്ചേരിയെന്ന ഗ്രാമത്തിൽ മത്തായി ജോർജ്ജ് മുത്തൂറ്റിന്റെ ജനനം. മുത്തൂറ്റ് നൈനാൻ മത്തായിയുടെ മൂത്ത മകൻ. മുത്തൂറ്റ് എന്ന ഫൈനാൻസ് സ്ഥാപനത്തിന്റെ ഉടമയുടെ മകനായിരുന്നുവെങ്കിലും അദ്ദേഹം വഴിമാറി സഞ്ചരിച്ചു.

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് ആയിരുന്നു പഠന വിഷയം. ഓട്ടോമൊബൈൽ ആന്റ് എയർകണ്ടീഷനിംഗിൽ പ്രത്യേക പ്രാഗൽഭ്യം നേടി.
എന്നാൽ കുടുംബത്തിന്റെ ഉടനസ്ഥതയിലുള്ള ധനകാര്യസ്ഥാപനത്തിൽ ജോലി നോക്കാനായിരുന്നു തുടർന്നുള്ള തീരുമാനം. ആദ്യജോലി ഓഫീസ് അസിസ്റ്റന്റായി, 1979 ൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതയേറ്റു. 1993 ലാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയർമാനായി ചുമതലയേൽക്കുന്നത്.


കേരളത്തിൽ 31 ബ്രാഞ്ചുകൾ ഉള്ള സ്ഥാപനമായി മുത്തൂറ്റ് ഗ്രൂപ്പ് വളർന്നു. കേരളത്തിൽ ഏറ്റവും വിശ്വാസമുള്ള സ്വകാര്യധനകാര്യസ്ഥാപനമായി മുത്തൂറ്റിനെ വളർത്തിയെടുക്കുന്നതിൽ നിർണായകമായ തീരുമാനമായിരുന്നു അത്.

പിന്നീട് ഡൽഹി, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്ക് മുത്തൂറ്റ് വളർന്നു. നിരവധി ബ്രാഞ്ചുകളുള്ള ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായി മുത്തൂറ്റ് വളരുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ 29 സ്റ്റേറ്റുകളിലും വിദേശരാജ്യങ്ങളിലുമായി  4433 ബ്രാഞ്ചുകളാണ് മുത്തൂറ്റിനുള്ളത്. 4.5 ബില്യൻ ഡോളർ ആസ്തിയുള്ള കമ്പനിയായി മാറുന്നത് 2009 ലായിരുന്നു. അമേരിക്കയിൽ ന്യൂജേഴ്‌സിയിൽ എഡിസണിൽ മുത്തൂറ്റ് ഫിനാഷ്യൽ ഗ്രൂപ്പിന്റെ കീഴിൽ ഡോളർ വിനിമയ (Money Transfer) സ്ഥാപനമായ റോയൽ മണി ട്രാസ്ഫർ എന്ന സ്ഥാപനമുണ്ട്. കൂടാതെ ന്യൂയോക്ക് ആസ്ഥാനമായുള്ള ഹാനോവർ ബാങ്കിലെ ഡയക്ടർമാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീയുടെ ചെയർമാനായിരുന്നു എം ജി ജോർജ്  മുത്തൂറ്റ്. ഇന്ത്യൻ വ്യവസായ ലോകത്തിനുള്ള സംഭാവനയ്ക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ മഹാത്മാ  അവാർഡ് 2001 ൽ ലഭിച്ചിരുന്നു. സോഷ്യൽ റസ്‌പോൺസിബിലിറ്റിക്കുള്ള 2012 ലെ  ഗോൾഡൻ പീക്കോക്ക് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ എം ജി ജോർജ് മുത്തൂറ്റിനെ തേടിയെത്തി.

ഫോബ്‌സ് 2022 ൽ പുറത്തിറക്കിയ കോടീശ്വരന്മാരുടെ  പട്ടികയിൽ അമ്പതാം റാങ്ക് നേടി. 2020 ൽ ഒന്നാം സ്ഥാനത്തേക്ക് മുത്തൂറ്റ് സഹോദരങ്ങൾ വളർന്നു.
എം ജി ജോർജ്ജ് മുത്തൂറ്റിന്റെ വിടവാങ്ങൽ വലിയൊരു ബിസിനസ് സാമ്രാജ്യത്തിനുള്ള കനത്ത നഷ്ടമാണ്.

ബിസിനസിന്റെ വിവിധ മേഖലകളിൽ ഇത്രയേറെ വിജയം കൈവരിച്ച മലയാളി വേറെയുണ്ടാവില്ല. അമേരിക്കയട്ടമുള്ള വിദേശ രാജ്യങ്ങളിൽ മുത്തൂറ്റ് ഗ്രൂപ്പിനെ വളർത്തിയയെടുക്കുന്നതിൽ എം ജി ജോർജ്ജ് മുത്തൂറ്റിന്റെ അനുഭവജ്ഞാനം ഏറെ കരുത്തായിമാറിയിരുന്നു.

മുത്തൂറ്റിന്റെ ചരിത്രമെന്നാൽ അത് ഗ്രൂപ്പ് ചെയർമാനായിരുന്ന എം ജി ജോർജ്ജ് മുത്തൂറ്റിന്റെ വളർച്ചയുടെയും  ജീവിത വിജയത്തിന്റേതുമായിരുന്നു.

കുട്ടനാട് വച്ച് ദുരൂഹ സാഹചര്യത്തിൽ എം ജി ജോർജ്ജ് മുത്തൂറ്റിന്റെ മകൻ പോൾ മുത്തൂറ്റ് കൊലചെയ്യപ്പെട്ടിരുന്നു. 2009 ൽ നടന്ന കേസ് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

മകന്റെ മരണത്തെത്തുടർന്ന് ഏറെ മാനസിക സംഘര്ഷത്തിലായിരുന്നു അദ്ദേഹം. മകന്റെ കൊലപാതകത്തിൽ യഥാർത്ഥ ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം കയറിയിറങ്ങാത്ത വാതിലുകളില്ല. പിന്നീട് അദ്ദേഹം അത് തന്റെ സ്വകാര്യ ദുഃഖമായി കരുതി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here