ന്യൂയോർക്ക്: ന്യൂയോർക്കിൽ കഴിഞ്ഞ നവംബർ 3നു കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്തു. രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ ഡെസ്റ്റിനി സ്മോത്തേഴ്സ് എന്ന യുവതിയുടെ മൃതദേഹമാണ് ക്വീൻസിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നു കണ്ടെടുത്തത്.
മാലിന്യങ്ങൾ കൂട്ടിയിടുന്ന ഭാഗത്താണ് മൃതദേഹവുമായി കാർ കിടന്നിരുന്നത്. കാറിന്റെ ടയർ മാറ്റിയിടുന്നതിനായി മറ്റൊരു ടയർ ഉണ്ടോ എന്നു നോക്കിയപ്പോഴാണ് ഡിക്കിക്കുള്ളിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടത്.

നവംബർ 3ന് 26–ാം ജന്മദിനം ആഘോഷിച്ച ശേഷം പുറത്തുപോയ ഡെസ്റ്റിനിയെ കാണാതാകുകയായിരുന്നു. അവസാനമായി കണ്ടത് കാമുകനൊപ്പമാണ്. കാണാതായ ദിവസം ഡെസ്റ്റിനിയും കാമുകനുമായി വാക്കുതർക്കം ഉണ്ടാകുകയും ഇവർ പഴ്സും താക്കോലും കാറിനുളളിൽ ഇട്ടു കാറിൽ നിന്ന് ഇറങ്ങിപ്പോെയന്നുമാണു കാമുകന്റെ വീട്ടുകാർ അറിയിച്ചത്. സംഭവദിവസം ഡെസ്റ്റിനി ധരിച്ചിരുന്ന വസ്ത്രങ്ങളും മൃതദേഹത്തിൽ നിന്നു ലഭിച്ചു.

മരണകാരണം എന്തെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ടെന്നു സീനിയർ ന്യൂയോർക്ക് പൊലീസ് ഡിപാർട്മെന്റ് അധികൃതർ അറിയിച്ചു. കാമുകനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷമേ വിശദവിവരങ്ങൾ ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.

കുട്ടികളെയും കുടുംബാംഗങ്ങളെയും വളരെയധികം സ്നേഹിച്ചിരുന്ന നല്ലൊരു മാതാവായിരുന്നു ഡെസ്റ്റിനിയെന്നു സുഹൃത്തുക്കൾ അറിയിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here