രാജേഷ് തില്ലങ്കേരി

കൊടുത്താൽ കൊടുത്തതാണ്, അത് തിരികെ ചോദിക്കുന്നത് തെറ്റാണ്, മാന്യമായ രീതിയുമല്ല. അത് കുറ്റ്യാടിയിലായാലും എലത്തൂരിലായാലും… പാർട്ടി എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാൻ പാടില്ല. അങ്ങിനെ ചോദ്യം ചെയ്തു തുടങ്ങിയാൽ പാർട്ടിയുണ്ടാവില്ല…..  സി പി എമ്മിന്റെ താത്വികാചാര്യനായ എം വി ഗോവിന്ദൻ നയം വ്യക്തമാക്കിയിരിക്കുന്നു. അപ്പോ കുറ്റ്യാടിയിലെ കശാക്കളുടെ പോരാട്ടം ഫലം കാണില്ലെന്നാണോ….അങ്ങിനെ പറയാനും പറ്റില്ല. ജോസ് കെ മാണി കുറ്റ്യാടി വേണ്ടെന്ന് പറഞ്ഞതോടെ സി പി എം സീറ്റ് തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്.

പാർട്ടി തീരുമാനിക്കും, അത് അണികൾ നടപ്പിലാക്കും, വിമർശനങ്ങൾ, സ്വയം വിമർശനങ്ങൾ ഒന്നിലും താല്പര്യമില്ല. ഇതാണ് പാർട്ടി രീതി. എല്ലാകാലത്തും അതിലൊന്നും ഒരു മാറ്റവും ഉണ്ടായതുതുമില്ല. ഏറാമലയിലും ഒഞ്ചിയത്തും പാർട്ടിയിൽ എതിർ ശബ്ദം മുണ്ടായതും, പിന്നീട് എന്തൊക്കെ സംഭവിച്ചുവെന്നും കുറ്റ്യാടിക്കാർക്കും നന്നായി അറിയാം.



കുറ്റ്യാടിയിലെ പാർട്ടി പ്രവർത്തകർ ചെങ്കൊടിയേന്തി പ്രതിഷേധിച്ചത് കേരളാ കോൺഗ്രസിന് സീറ്റു നൽകാനുള്ള തീരുമാനത്തെയാണ്. എന്നു പറഞ്ഞാൽ സംസ്ഥാന നേതാക്കളുടെ തീരുമാനത്തെയാണ് അണികൾ എതിർത്തത്.

 പ്രതിഷേധ കൊടുംകാറ്റിൽ ആടിയുലയുകയാ.യിരുന്നു  കുറ്റ്യാടിയിലെ സി പി എം. കുറ്റ്യാടി ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് നടന്നത്. കേരളാ കോൺഗ്രസിന് ഒരു പോസ്റ്ററുപോലും പതിക്കാൻ പറ്റിയില്ല.

നേതൃത്വം ശരിക്കും വിറച്ചു, പതറി
ഇവിടെ മത്സരിക്കാൻ പറ്റില്ലെന്ന് കേരളാ കോൺഗ്രസിനും ബോധ്യമായിട്ടുണ്ട്. എന്നാൽ കൊടുത്ത സീറ്റ് കൊടുത്തതാണെന്നാണ് നേതാക്കൾ ഇപ്പോഴും പറയുന്നത്. ജോസ് സീറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടാൽ സി പി എം സ്ഥാനാർത്ഥി കുറ്റ്യാടിയിൽ മത്സരിക്കും. അല്ലെങ്കിൽ കുറ്റ്യാടിയിൽ വിമതൻ മത്സരിക്കും.
കോഴിക്കോട് ജില്ലയിൽ ഒരു വിമത നീക്കം കൂടി ഉണ്ടായാൽ അത് പാർട്ടിയെ ദുർബലപ്പെടുത്തുമെന്നുള്ള ഭയവും നേതൃത്വത്തിനുണ്ട്.
കേരളാ കോൺഗ്രസിന് കുറ്റ്യാടി വേണ്ട, പകരം തിരുവമ്പാടി വച്ചുമാറാൻ പറ്റുമോ എന്നാണ് കേരളാ കോൺഗ്രസിന്റെ ആലോചനകൾ. എന്നാൽ  തിരുവമ്പാടി വിട്ടുകൊടുക്കാൻ സി പി എമ്മും തയ്യാറല്ല.
 


നേതാക്കളുടെ നിലപാടിൽ എതിർ ശബ്ദമില്ലെന്ന രീതിയൊന്നും കുറ്റ്യാടിയിൽ വിലപ്പോവില്ലെന്ന് മനസിലായി. വടകര താലൂക്കിലെ വിപ്ലവമണ്ണിൽ രണ്ടില വിടരാൻ അനുവദിക്കില്ലെന്നാണ് അണികളുടെ നിലപാട്.
 തെരഞ്ഞെടുപ്പ് കാലത്ത് അണികളെ പ്രകോപിപ്പിക്കുന്നത് ഏറെ ദോഷം ചെയ്യുമെന്ന് നേതാക്കളും തിരിച്ചറിയുന്നുണ്ട്.
കുറ്റ്യാടിയിലെ കേരളാ കോൺഗ്രസ് നേതാക്കൾ സീറ്റ് വേണ്ടെന്ന് ജോസ് കെ മാണിയെ അറിയിച്ചിരിക്കയാണ്. എന്നാൽ പ്രതിഷേധം കൊണ്ട് തീരുമാനം മാറ്റില്ലെന്നാണ് സി പി എം നേതാവ് എം വി ഗോവിന്ദൻ പറയുന്നത്. അപ്പോ ഒരു സംശയം മാത്രമാണ് ബാക്കിയാവുന്നത്, അല്ല സഖാവെ ഈ വോട്ട് ആരാണ് ചെയ്യുന്നത്, ഈ അണികൾ തന്നെയല്ലേ ? വോട്ടർ മാർക്ക് ഒരു വിലയുമില്ലേ ?

ഇതെല്ലാം ഭരണത്തുടർച്ചയ്ക്കുവേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് നേതാക്കൾക്ക് ആശ്വാസം. കേരളത്തിലെ എല്ലാ പാർട്ടി പ്രവർത്തകരും ഇത്തരമൊരു നിലപാട് സ്വീകരിച്ചാൽ ജോസ് കെ മാണിയുടെ
കേരളാ കോൺഗ്രസ് എന്തുചെയ്യും സാർ…


ചാക്കോ പാർട്ടി വിട്ടു…അവഗണനയാണ് പ്രശ്‌നം… ന്താ ല്ലേ…

ഇനിയൊന്നും കിട്ടാനില്ലെന്ന് തിരിച്ചറിഞ്ഞതോടെ മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ കോൺഗ്രസ് വിട്ടു. പി സി ചാക്കോ കോൺഗ്രസ് വിടുന്നത് ഇത് നടാടയല്ല…നേരത്തെ ഒരു തവണ പി സി ചാക്കോ കോൺഗ്രസ് വിട്ടതായിരുന്നു. എൻ സി പി അധ്യക്ഷൻ ശരത് പവാറുമായി അടുത്ത ബന്ധമായിരുന്നു പി സി ചാക്കോ പുലർത്തിയിരുന്നത്.  
കോൺഗ്രസിന്റെ ഐക്കണായിരുന്നു പി സി ചാക്കോ. ഡൽഹിയിലെ കോൺഗ്രസിന്റെ ചുമതലക്കാരൻ  പി സി ചാക്കോ ആയിരുന്നു. ഡൽഹിയിൽ രണ്ട് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ നയിച്ച് , ഡൽഹിയിൽ കോൺഗ്രസിനെ പൂർണമായും ഇല്ലാതാക്കിയതിനു ശേഷമാണ് ചാക്കോ സാർ കോൺഗ്രസ് വിടുന്നത്.


പി സി ചാക്കോയെ കേരളത്തിലെ കോൺഗ്രസുകാർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു ചാക്കോ. പിന്നീട് ദേശീയ ജനറൽ സെക്രട്ടറിയും കെ പി സി സി ജനറൽ സെക്രട്ടറിയുമൊക്കെയാരുന്നു പി സി ചാക്കോ.
പണ്ടുനടന്നതാണ്കോൺഗ്രസിന്റെ പിളർപ്പിനെ കുറിച്ച് ഇപ്പോൾ പലർക്കും അറിവില്ലായിരിക്കാം. എന്നാൽ 1978 ൽ എ കെ ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ ചാക്കോ ആന്റണിയുടെ കൂടെ നിന്നു. 1980 ൽ പിറവത്തുനിന്നും മത്സരിച്ച് ജയിച്ചു, നായനാര് മന്ത്രി സഭയിൽ വ്യവസായ മന്ത്രിയായി.
ആന്റണി ഇടത് മുന്നണി വിട്ടപ്പോൾ പി സി ചാക്കോ ആന്റണിയുടെ തീരുമാനത്തെ അംഗീകരിച്ചില്ല. അങ്ങിനെയാണ് ചാക്കോ കോൺഗ്രസ് എസിൽ എത്തിയത്. നാല് വർഷക്കാലം ചാക്കോ കോൺഗ്രസ് എസ് സംസ്ഥാന അധ്യക്ഷനായി.

കാലം ഏറെ മാറി, ചാക്കോയും നിലപാടുകൾ ഏറെ മാറ്റിയും പരീക്ഷിച്ചും മുന്നേറി. കോൺഗ്രസ് ഹൈക്കമാന്റിന്റെ ഗുഡ്  ബുക്കിലായിരുന്നു പിന്നീട് പി സി ചാക്കോ. 1991 ൽ തൃശ്ശൂരിൽ നിന്നും 1996 ൽ മുകുന്ദപുരത്തുനിന്നും മത്സരിച്ചു.
2009 ൽ മുകുന്ദപുരത്ത് നിന്നും 1998 ൽ ഇടുക്കിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1999 ൽ കോട്ടയത്ത് സുരേഷ് കുറുപ്പിനോട് തോറ്റു, പിന്നീട് ചാലക്കുടിയിൽ സി പി എം സ്വതന്ത്രനായിരുന്ന ഇന്നസെന്റിനോടും തോറ്റു.


കോൺഗ്രസിന്റെ ദേശീയ സമിതികളിൽ ഏറ്റവും
സ്വാധീനുമുള്ള നേതാവായിരുന്നു പി സി ചാക്കോ.വിവാദമായ ടുജീ സെപ്ക്ടറം വിവാദത്തിൽ സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷനായിരുന്നു പി സി ചാക്കോ. ആ ചാക്കോയാണ് കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയത്.
അധികാരമെല്ലാം  കയ്യിലുണ്ടായിരുന്നിട്ടും ഒന്നും ഉപയോഗിക്കാൻ പറ്റാത്ത സമയം ഉണ്ടായിട്ടുണ്ട്. എല്ലാവരും ഒരു ചെറിയ ഗ്രൂപ്പ് യാത്രകൾ ഉണ്ടാവട്ടേയെന്ന് ആശ്ലിച്ചിരിക്കിലല്ലോ…..

ബാലേട്ടന്റെ മനസ് കാണാൻ ആരുമില്ലാതെ പോയല്ലോ ബാലേട്ടാ…

പാലക്കാട് ജില്ലയിൽ എ കെ ബാലനുള്ള ജനപ്രീതിക്ക് ഇടിവുവന്നോ, അങ്ങിനെയൊരു സംശയം എ കെ ബാലനുതന്നെയാണ് ഉണ്ടായിരിക്കുന്നത്. ഭാര്യയെ തൂരിൽ മത്സരിപ്പിക്കാൻ നടത്തിയ നീക്കങ്ങൾക്ക് തി രിച്ചടി കിട്ടിയതോടെയാണ്
പാർട്ടി എനിക്കു തന്ന മേൽവിലാസം ഞാൻ വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് ബാലൻ മന്ത്രിയുടെ വെളിപ്പെടുത്തൽ. തരൂരിൽ ബാലേട്ടന്റെ ാര്യ….ഡോ ജമീല മത്സരിക്കുമെന്ന് ആരോ ഉണ്ടാക്കിയ കഥയാണത്രേ… ഇല്ലാത്ത വാർത്ത പരത്തി, തന്റെ ജനകീയത ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് ബാലേട്ടൻ പറയുന്നത്. സങ്കടമുണ്ട്, ബാലേട്ടാ… സങ്കടമുണ്ട്….
 


സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ വിജയരാഘവനെന്ന നേതാവിനു മാത്രമാണ് അവസരം ലഭിച്ചത്. ഒരാൾ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുമ്പോൾ, മറ്റൊരിടത്ത് ഭാര്യയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന കാഴ്ച. എത്ര സുന്ദരമാണീ ലോകം…
ഭാര്യ വെറുതേയൊരു ഭാര്യയല്ലെന്നും, പാർട്ടി പ്രവർത്തനത്തിന്റെ ബയോഡാറ്റ എല്ലാം കയ്യിലുണ്ടെന്നാണ് ആ ഭർത്താവിന്റെ വെളിപ്പെടുത്തൽ…സഖാക്കളേ, ഭാഗ്യം വേണം …ഭാഗ്യം…


എൽ ഡി എഫ് സ്ഥാനാർത്ഥിയായി ശ്രേയാംസ് കുമാർ

  ഞാൻ ഇനിയൊരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചാണ് എൽ ജെ ഡി നേതാവ് ശ്രേയാംസ് കുമാർ  രാജ്യസഭയിലേക്ക് വണ്ടികയറിയത്. അച്ഛന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ഏറ്റെടുക്കുമ്പോഴായിരുന്നു ശ്രേയാംസ് കുമാർ ഇനിയൊരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് വ്യക്തമാക്കിയത്.

 

കൽപ്പറ്റയിൽ മത്സരിക്കാൻ മറ്റൊരാളില്ലാത്ത സാഹചര്യത്തിലാണ് ശ്രേയാംസ് കുമാറിന്റെ ഈ കടുംകൈ… വെറുതെയല്ല ആളില്ലാ പാർട്ടിയാണെന്ന പഴി ജനതാദളുകൾ കേൾക്കുന്നത്.

 

സി.പി.എം പുറത്താക്കിയ ജോസ് വിഭാഗം സ്ഥാനാർത്ഥിയെ കണ്ട് സഖാക്കൾ ഞെട്ടി 

 
പിറവത്തെ കേരളാകോൺഗ്രസ്  സ്ഥാനാർത്ഥിയെ സി പി എം പുറത്താക്കിയെന്ന്. പിറവത്തെ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ കണ്ട് ഉഴവൂരുകാരായ സി പി എം പ്രവർത്തകർ ഞെട്ടി.

സി പി എം ഉഴവൂർ നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സിന്ധുമോൾ ജേക്കബ് ഇതാ രണ്ടിലയുമായി പിറവത്തു നിൽക്കുന്നു. നമ്മുടെ സഖാവ് എങ്ങിനെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായതെന്നായി ഉഴവൂരുകാരുടെ  അന്വേഷണം. സി പി എമ്മുകാരായായ സിന്ധുമോൾ കാശു നൽകിയാണ് സീറ്റ് വാങ്ങിയതെന്നാണ് കേരളാ കോൺഗ്രസുകാർ തന്നെ ആരോപിക്കുന്നത്.  അതൊക്കെ സത്യമാണോ എന്തോ…
 


കോഴപ്രശ്‌നം ഉന്നയിച്ച് യൂത്ത് ഫ്രണ്ട് നേതാവ് ജിൽസ് പെരിയപുറം കേരളാ കോൺഗ്രസിൽ നിന്നും രാജിവച്ചിരുന്നു, ജിൽസ് പെരിയപ്പുറം പിറവത്ത് സ്ഥാനാർത്ഥിയാവുമെന്ന് പ്രചാരണം നിലനിൽക്കെയാണ് സിന്ധുമോൾ രണ്ടിലയുമായി എത്തുന്നത്. എന്തായാലും സി പി എം സിന്ധുമോളെ പുറത്താക്കിയിരിക്കയാണ്.  ഡോക്ടറാണെങ്കിലും പൊതു പ്രവർത്തനമാണ് ഇഷ്ട മേഖലയെന്നാണ് പിറവത്തെ ഇതുമുന്നണി സ്ഥാനാർത്ഥിയുടെ പ്രതികരണം.


പാലക്കാട്ടെ ഗോപിനാഥിന്റെയൊരു കാര്യം….


കോൺഗ്രസിൽ നിന്നും ഇതാ ഇപ്പം പോവും, ഇപ്പം ദാ പോവ്വ്വാണ് എന്നൊക്കെ പറഞ്ഞ് നേതൃത്വത്തെ വിരട്ടി നിർത്തിയിരിക്കയാണ് പഴയ ജില്ലാ കോൺഗ്രസ് അധ്യക്ഷനായ ഗോപിനാഥ്. അവഗണനയായിരുന്നു അദ്ദേഹത്തിന്റെയും പ്രശ്‌നം.
 

കെ സുധാകരൻ ഇടപെട്ടതോടെയാണ്
ഗാപിനാഥ് ഒന്ന് ഒതുങ്ങിയത്. പ്രശ്‌നം പരിഹരിക്കാൻ ഉടൻ ഇടപെടാമെന്നുറപ്പും നൽകി ഡൽഹിക്കുപോയ സുധാകരൻ പിന്നീട് ഒന്നും പറഞ്ഞില്ലെന്നാണ് ഗോപിനാഥിന്റെ പരാതി. എന്നാൽ കെ സുധാകരൻ അങ്ങ് ഡൽഹിയിൽ നെരിപ്പോടിലകപ്പെട്ട അവസ്ഥയിലാണെന്നാണ് കേൾക്കുന്നത്. ആനക്കാര്യത്തിനിടയിലാണോ ഈ ചേനക്കാര്യമെന്നാണ് ഡൽഹിയിൽ നിന്നും കെ സുധാകരൻ ചോദിക്കുന്നത്. ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുമായി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ് കോൺഗ്രസിപ്പോൾ.

തൃപ്പൂണിത്തുറയ്ക്ക് ബാബുവിനെ വേണ്ടെന്ന് പോസ്റ്റർ….

പോസ്റ്റർ പ്രചാരണത്തിലൂടെയാണ് ഇപ്പോൾ സ്ഥാനാർത്ഥിയെ വേണോ വേണ്ടയോ എന്നൊക്കെ നേതൃത്വം അറിയുന്നത്. കേരളത്തിലെ എല്ലാ പാർട്ടിക്കാരും പോസ്റ്റർ എഴുതുന്ന തിരിക്കിലാണ്. ഫേസ് ബുക്കും, വാട്‌സ് ആപ്പ് ഗ്രൂപ്പുകളും, ട്വിറ്ററും തുടങ്ങി എന്തെല്ലാം മാർഗമുണ്ട് പ്രതികരിക്കാൻ, എന്നിട്ടും പോസ്റ്റർ പതിക്കുന്ന രീതിയാണ് തെരഞ്ഞെടുപ്പിൽ ഇപ്പോഴും ശ്രദ്ധേയം.
 

തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ശ്രമമാണ് കെ ബാബുവിനെതിരെയുള്ള പ്രതിഷേധനങ്ങൾക്ക് കാരണം.അഴിമതിയാരോപണ വിധേയനായ ബാബുവിനെ ഞങ്ങൾക്ക് വേണ്ടെന്നാണ് പോസ്റ്റർ.
തൃപ്പൂണിത്തുറയിൽ സിറ്റിംഗ് എം എൽ എ എം സ്വരാജ് വീണ്ടും മത്സരിക്കാൻ എത്തുന്നതോടെ ശക്തനായ സ്ഥാനാർത്ഥിയെ അവതരിപ്പിക്കണമെന്നാണ് കോൺഗ്രസിലെ ഒരു പക്ഷം പ്രവർത്തകരുടെ ആവശ്യം.



ശബരിമലയിൽ ഉണ്ടാതെല്ലാം തെറ്റായിരുന്നുവെന്ന ഏറ്റുപറച്ചിലുമായി കടകംപള്ളി

ശബരിമലയിൽ യുവതികളെ പ്രവേശിക്കാനുള്ള സുപ്രിംകോടതിവിധിയിൽ ഏറെ വിഷമമുണ്ടാക്കിയിരുന്നതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചെയ്തതെല്ലാം തെറ്റായിരുന്നു. വിശ്വാസികൾക്ക് വിഷമമുണ്ടായതിൽ ഖേദിക്കുന്നതായും കടകംപള്ളി.
കേസുകൾ പിൻവലിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ഏറെ കോലാഹലങ്ങളുണ്ടാക്കിയ സംഭവമായിരുന്നു ശബരിമലയിൽ കോടതി വിധി നടപ്പാക്കാനായി സർക്കാർ നടത്തിയ ശ്രമങ്ങൾ.
 

അന്തിമ വിധി ജനങ്ങളുമായി ചർച്ച ചെയ്യാനായി
തീരുമാനിച്ചതും നയമാറ്റത്തിന്റെ ഭാഗമാണ്. ശബരിമലയിലെ എല്ലാ സംഭവങ്ങളിലും ഖേദമുണ്ട്. ഇന്ന് ജനങ്ങൾ അതെല്ലാം മറന്നിരിക്കുന്നു. വിശ്വാസികൾക്ക് ഒരു വിഷമവും സർക്കാർ ഉണ്ടാക്കില്ലെന്നും കടകംപള്ളി പറഞ്ഞു.
എന്നാൽ ശബരിമലയൊന്നും ഒരു പ്രശ്‌നവും ഉണ്ടാക്കില്ല. കോടതി വിധിയെ എല്ലാവരും സ്വാഗതം ചെയ്തതാണെന്നാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.


ഹൈക്കമാന്റും ലോക്കമാന്റും തമ്മിൽ തർക്കം തുടരുന്നു സ്ഥാനാർത്ഥികൾ ആരെന്നറിയാതെ അണികൾ

പട്ടികയുമായി ഡൽഹിയിൽ പോയവരാരും തിരികെയെത്തിയില്ല. സ്ഥാനാർത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടുമില്ല. സാധ്യതാ പട്ടികയിൽ കയറിപ്പറ്റിയവരെ എല്ലാം സ്ഥാനാർത്ഥിയാക്കണമെങ്കിൽ തമിഴ് നാട്ടിൽ ഡി എം കെ കോൺഗ്രസിന് അനുവദിച്ച സീറ്റുകൂടി വേണ്ടിവരും. കെ ബാബുവും, വാഴയ്ക്കനും, കെ സി യുമൊക്കെ പട്ടികയിൽ നിൽക്കുന്നു. മാത്യു കുഴൽനാടനും മറ്റു ചില നാടന്മാരും സ്ഥാനാർത്ഥി നിർണയത്തിനായി കാത്തിരിപ്പിലാണ്.
ഗ്രൂപ്പ് മാനേജർമാർ ആഞ്ഞു ശ്രമിക്കുന്നുണ്ട്, സ്വന്തക്കാരെ തിരുകി കയറ്റാൻ. തെരഞ്ഞെടുപ്പ് ഇങ്ങ് പടിവാതിൽക്കൽ എത്തിയിട്ടും നേതാക്കൾ അങ്ങ് ഡൽഹിയിൽ  ഹൈക്കമാന്റ്, സ്‌ക്രീനിംഗ് കമ്മിറ്റി എന്നൊക്കെ പറഞ്ഞ് കറങ്ങുകയാണ്.
 


മുല്ലപ്പള്ളിയും കെ സി  ഒരു പക്ഷത്തും, ചെന്നിത്തലയും ഒ സിയും മറുപക്ഷത്തും നിലയുറപ്പിച്ചതോടെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായിമാറിയിരിക്കയാണത്രെ. വീതം വയ്പ്പിനെ ചൊല്ലിയാണ് തർക്കം.

ഇലക്ഷനെ പേടിച്ച് സിനിമയിൽ അഭിനയിക്കാൻ പോയ സുരേഷ് ഗോപി

സുരേഷ് ഗോപി കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ തൃശ്ശൂരിൽ ജനവിധി തേടിയിരുന്നു. നിലവിൽ രാജ്യസഭാ അംഗമാണ് സുരേഷ് ഗോപി. തൃശ്ശൂർ ഇങ്ങ് എടുക്കുവാ… എന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഏറെ ട്രോളുകളാണ് ഉണ്ടായത്. സുരേഷ് ഗോപി തൃശ്ശൂരിൽ ബി ജെ പി സ്ഥാനാർത്ഥി ആവും, ആവണം എന്നൊക്കെ കേട്ടിരുന്നു. എന്നാൽ സുരേഷ് ഗോപി എല്ലാം വിട്ട മട്ടാണ്. ഇതിലൊന്നും താല്പര്യമില്ലെന്ന മട്ടിലാണ് മൂപ്പർ. താൻ മത്സരിക്കാനില്ലെന്നും, സിനിമാ ഷൂട്ടിംഗിന്റെ തിരക്കുകളിലാണ് എന്നുമായിരുന്നു സുരേഷ് ഗോപി നേതാക്കളെ അറിയിച്ചത്.
 
 

പൊതുപ്രവർത്തനം സിനിമയൊന്നും ഇല്ലാത്ത കാലത്ത് ഒരു നേരമ്പോക്കിന് തുടങ്ങിയതായിരുന്നു.  ഇപ്പോൾ സിനിമകളുടെ
തിരക്കുണ്ട്. അതിനാൽ ഇലക്ഷൻ കഴിഞ്ഞ് കാണാമെന്നാണ് ആക്ഷൻ ഹീറോയുടെ മനോഗതം.

LEAVE A REPLY

Please enter your comment!
Please enter your name here