സലിം

ന്യൂജേഴ്‌സി: പൊതുജീവിതത്തിൽ സ്ത്രീകളുടെ സമ്പൂർണ്ണവും ഫലപ്രദവുമായ പങ്കാളിത്തം എല്ലാ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം, സ്ത്രീകൾക്ക് ആവശ്യമായ  ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ഉറപ്പാക്കുക തുടങ്ങിയയ ലക്ഷ്യങ്ങളിലൂന്നിയാണ് ഈ വർഷം വനിതാ ദിനമാചരിക്കുന്നത്.


ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്ക് നാം ചുവട് വെയ്ക്കുമ്പോഴും, സമയവും കാലവും, സ്ത്രീകളുടെ ജീവിതത്തിൽ   വിവിധങ്ങളായ വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്.  തൊഴിലിടങ്ങളിലും, പൊതു നിരത്തുകളിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും, സുരക്ഷിതത്വം ഇന്നും ചോദ്യം ചെയ്യപ്പെടുന്നു.

ആദ്യമായി ഒരു ഇന്ത്യൻ ആഫ്രിക്കൻ വനിത അമേരിക്കൻ  വൈസ് പ്രസിഡന്റ് ആയതും , ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി ഒരു പെൺകുട്ടി

നമ്മുടെ കേരളത്തിൽ  തെരഞ്ഞെടുക്കപ്പെട്ടതും ഈ കാലയളവിലാണ് എന്നത് സന്തോഷകരമാണ്.

സാമൂഹിക പ്രതിബദ്ധതയിലും , ജീവകാരുണ്യ പ്രവൃത്തികളിലും , ജനസേവനത്തിലും , പുതിയ മാതൃകകൾ തീർത്ത  മലയാളികളുടെ കരുത്തും, ആശ്രയവുമായി മാറിയ അമേരിക്കൻ ഐക്യനാടുകളിലെ വിവിധ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫോമയുടെ വനിത ദേശീയ സമിതിയും  2021 ലെ വനിതാ ദിനത്തിന്റെ ആശയങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തിപിടിച്ചു, ആഘോഷങ്ങളിൽ പങ്കു ചേരാൻ മാർച്ച് 13 ന് വെബ്ബിനാർ സംഘടിപ്പിക്കുകയാണ്. വനിതാ ദിന സമ്മേളനം 1990  കളിലെ  മലയാള സിനിമയിലൂടെ പ്രശസ്തയായ  ചലച്ചിത്ര നടി സുനിത രാജ്  ഉദ്ഘാടനം ചെയ്യും.

ആഘോഷങ്ങളുടെ ഭാഗമായി,  വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വനിതകളെ  ചടങ്ങിൽ ആദരിക്കും. സംഘടനകളും, വ്യക്തികളും ഇതിനകം  ആദരിക്കപ്പെടേണ്ടവരുടെ പേരുകൾ  നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.     അവരിൽ നിന്ന് ജൂറി അംഗങ്ങൾ സൂഷ്മ പരിശോധന നടത്തി തെരഞ്ഞെടുക്കുന്ന , മുഖ്യധാരാ രാഷ്ട്രീയം, സാമൂഹ്യ സേവനം, സാംസ്കാരിക- വിനോദം, ആതുര സേവനം (ഡോക്ടർസ് & നഴ്സ്), വിദ്യാഭ്യാസം, വാണിജ്യം-വ്യവസായം  തുടങ്ങിയ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയാണ്  ആദരിക്കുകയും പ്രശസ്തി പത്രം നൽകുകയും ചെയ്യുന്നത്. വനിതാ രത്നങ്ങളെ ആദരിക്കുന്ന ചടങ്ങ്  ചലച്ചിത്ര താരം പ്രിയ ലാൽ ഉദ്ഘാടനം നിർവ്വഹിക്കും. 2019 ലെ മിസ്സിസ് ഇന്ത്യ വിവേഷ്യസ് ആയി തെരഞ്ഞെടുക്കപ്പെട്ട  ഡോക്ടർ അപർണ പാണ്ഢ്യ  വനിതകൾക്കായി പരിശീലനക്കളരിയും നടത്തും. വിവിധ സംഘടനകളിൽ നിന്നുള്ള കലാപ്രതിഭകൾ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാശിൽപ്പങ്ങളും മേളങ്ങളും ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.

അന്തർദ്ദേശീയ  വനിതാ ദിനാഘോഷ പരിപാടികളിൽ എല്ലാ വരും പങ്കെടുത്തു വിജയിപ്പിക്കണമെന്നു  ഫോമാ വനിതാ ദേശീയ    ഫോറം  ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്‌ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here