ന്യൂജേഴ്‌സി: അമേരിക്കയിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്ഥാപക വൈദിക ശ്രേഷ്ട്ടൻ അന്തരിച്ച യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ ദേഹവിയോഗത്തിൽ കേരള ടൈംസ് മാനേജ്‌മന്റ് അഗാധ ദുഃഖം രേഖപ്പെടുത്തി. സഭയുടെ ആദ്യകാലത്തെ വളർച്ചയ്ക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ അതിർവരമ്പുകളില്ലാത്ത സൗഹൃദവലയമുള്ള മനുഷ്യ സ്നേഹിയായിരുന്നുവെന്ന് കേരള ടൈംസ് മാനേജിംഗ്‌ ഡയറക്ടർ  പോൾ കറുകപ്പള്ളിൽ, ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ, ഡെപ്യൂട്ടി എഡിറ്റർ ബിജു ജോൺ കൊട്ടരക്കര എന്നിവർ അറിയിച്ചു.
 
അറിവുകൾ സമ്പാദിക്കുകയും അവ സമൂഹ നന്മക്കായി പങ്കു വയ്ക്കുകയും ചെയ്തിരുന്ന അദ്ദേഹം ഫാമിലി കൗൺസിലിംഗ് സംബന്ധമായ ഒരുപാട് ബിരുദങ്ങൾ നേടുകയും ശിഥിലമായി പോകുമായിരുന്ന ഒരുപാട് കുടുംബങ്ങളുടെ കണ്ണികൾ കൂട്ടി യോജിപ്പിക്കാനും ആത്മീയ പ്രഭാഷണങ്ങളിലൂടെ കുടുംബബന്ധങ്ങൾ ഇമ്പമുള്ളതാക്കിമാറ്റുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ ആദ്യത്തെ പള്ളിക്ക് അര നൂറ്റാണ്ടു മുൻപ്  അദ്ദേഹമാണ് ശില പാകിയത്. സഭ ഇന്ന് കൊയ്യുന്ന നൂറു മേനി വിളവിനുള്ള ആദ്യ വിത്ത് പാകിയത് യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ പുണ്യമായ കരങ്ങൾകൊണ്ടാണെന്നു കേരള ടൈംസ് മാനേജ്മെന്റ് അനുസ്മരിച്ചു.
 
ഒരു മികച്ച സംഘടകനും ആത്‌മീയ പ്രഭാഷകനും പണ്ഡിതനുമായ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ നല്ലൊരു എഴുത്തുകാരനും കൂടിയാണ്. കേരള ടൈംസ് മാനേജ്‍മെന്റുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഭ മക്കളുടെയും ദുഖത്തിലും ഞങ്ങൾ പങ്കു ചേരുന്നു.
 

LEAVE A REPLY

Please enter your comment!
Please enter your name here