ഫ്രാൻസിസ് തടത്തിൽ 
 
എം.ബി.ബി.എസിനു പഠിച്ചുകൊടിരിക്കുമ്പോഴാണ് ദൂരദർശനിൽ പ്രോഗ്രാം അവതരിപ്പിയ്ക്കാൻ ആങ്കറേ ആവശ്യമുണ്ടെന്ന ഒരു പത്രപരസ്യം കാണാൻ ഡോ. എസ്.എസ്. ലാൽ ഇടയായത്. ആഴ്ച്ചയിൽ ഒരു തവണ പ്രോഗ്രാം ചെയ്താൽ മതി. പഠനത്തിനിടെ ഒരു വരുമാന മാർഗവുമായി. കൂടുതൽ ഒന്നും ആലോചിക്കാതെ അപേക്ഷ അയച്ചു. ഇന്റർവ്യൂവിന് നന്നായി പെർഫോം ചെയ്തുവെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഒരു ദിവസം  ബ്രൗൺ നിറത്തിലുള്ള ഒരു കത്ത് വീട്ടിൽ വന്നു. ദൂരദർശനിൽ നിന്നാണ്. പ്രതീക്ഷയോടെ കത്ത് പൊട്ടിച്ചു വായിച്ച ലാൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇന്റർവ്യൂ പാസ്സായിട്ടില്ലെന്ന് അറിയിച്ചുകൊണ്ടാണ് കത്ത് ലഭിച്ചത്. ജോലി ലഭിക്കാത്തതിൽ അല്ല; അതിനു കാരണമായി പറഞ്ഞ കാരണമാണ് അദ്ദേഹത്തെ അമ്പരപ്പിച്ചു കളഞ്ഞത്. എല്ലാം നന്നായിരുന്നു എന്നാൽ മലയാളത്തിലുള്ള അദ്ദേഹത്തിന്റെ ഉച്ചാരണം നന്നായില്ലെന്നായിരുന്നു സെലെക്ഷൻ ലഭിക്കാതിരുന്നതിനു കാരണമായി പറഞ്ഞിരിക്കുന്നത്. അത്ര മേൽ കെട്ടിപ്പൊക്കിയ സങ്കല്പങ്ങൾ എല്ലാം മേൽകീഴായി പറഞ്ഞതുപോലെ!
 
തന്റെ മലയാളത്തിന്റെ ഉച്ചാരണശുദ്ധിയാണ് പ്രധാനമായും തനിക്ക് ആ ജോലി ലഭിക്കുമെന്ന് അദ്ദേഹത്തിന് ഏറെ പ്രതീക്ഷ ഉണ്ടാക്കിയിരുന്നത്. യൂണിവേഴ്സിറ്റി കോളേജിലും മെഡിക്കൽ കോളേജിലുമൊക്കെ കോളേജ് യുണിയൻ ചെയർമാൻ ആയിരുന്നപ്പോൾ തെറ്റില്ലാത്ത ഉച്ചാരണശുദ്ധിയിൽ പ്രസംഗിച്ച് ഏറെ കൈയ്യടി നേടിയിട്ടുള്ള ഡിബേറ്റുകളിൽ പങ്കെടുക്കാറുള്ള തനിക്ക് ഉച്ചാരണശുദ്ധിയില്ലെന്ന കാരണത്താൽ ജോലി നിഷേധിക്കപ്പെട്ടതിൽ ഏറെ നിരാശനും ദുഖിതനുമായിരുന്നു അദ്ദേഹം. ഇതിൽ എന്തോ കള്ളക്കളി നടന്നിട്ടുണ്ടെന്ന് അദ്ദേഹം തുടക്കത്തിൽ തന്നെ കരുതിയിരുന്നു. ദൂരദർശനിൽ തനിക്കുണ്ടായിരുന്ന ചില അടുത്ത സുഹൃത്താക്കളിൽ നിന്നാണ് അദ്ദേഹം ആ സത്യം മനസിലാക്കിയത്. ഉച്ചാരശുദ്ധിയായിരുന്നില്ല പ്രശ്നം. അദ്ദേഹത്തിന്റെ തൊലിയുടെ നിറം കറുപ്പായിപ്പോയതുകൊണ്ടാണ് അദ്ദേഹത്തെ സെലക്ട് ചെയ്യാതിരുന്നത്. അക്കാലത്ത് ദൂരദർശൻപോലുള്ള  ചില സ്ഥാപനങ്ങളിലെ മേധവികൾക്ക് നിറം അവരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്കെതിരായിരുന്നുവെന്നത് ഏറെ വേദനയോടെയായിരുന്നു അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞത്. 
 

മനസിൽ ഇടം പിടിച്ചതൊന്നും അത്ര എളുപ്പം വിട്ടുകൊടുക്കാൻ തയാറല്ലാത്ത പ്രകൃതക്കാരനായിരുന്നു ഡോ. ലാൽ. ഈ സഭവത്തിനു കൃത്യം 10 വർഷത്തിനു ശേഷം. അപ്പോൾ അദ്ദേഹം സർക്കാർ സർവീസിൽ ഡോക്ടർ ആയി സേവനം ചെയ്യുന്നു. സ്വകാര്യമേഖലയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ചാനലുകളിലൊന്നായ ഏഷ്യാനെറ്റ് ആരംഭിച്ച കാലത്ത് പ്രോഗ്രാം അവതാരകരെ ആവശ്യമുണ്ടന്ന പരസ്യം കണ്ട് അദ്ദേഹം അപേക്ഷ അയച്ചു. ഇന്റർവ്യൂവിന് ക്ഷണം ലഭിച്ചതിനെത്തുടർന്ന് ഒരു ദിവസം ജോലി കഴിഞ്ഞ് ഡോക്ടറുടെ ലാബ് കോട്ടയഴിച്ചു വച്ച് ഇട്ടിരുന്ന വെള്ളഷർട്ടുമാറ്റാതെ ഇന്റർവ്യൂ നടക്കുന്ന ഹോട്ടലിലേക്ക് പാഞ്ഞു കയറി ചെന്നു. അവിടെ നിൽക്കുന്ന സെക്യൂരിറ്റിക്കാരനുപോലും ഇദ്ദേഹം സ്ഥലം മാറി വന്നതാണെന്ന് കരുതി. പല സുന്ദരന്മാരും സുന്ദരിമാരുമൊക്കയാണ് ഇന്റവ്യൂവിന് വന്നിരിക്കുന്നത്. തന്റെ വേഷം കണ്ടിട്ടാകാം പലരുടെയും നെറ്റി ചുളുങ്ങി. 

 

 ഇന്റവ്യൂ ബോർഡിലുണ്ടായിരുന്നത്  ഏഷ്യാനെറ്റിന്റെ പ്രസിഡണ്ട് ശശികുമാറിനൊപ്പം കഥാകൃത്ത് പി. ഭാസകരൻ, പ്രശസ്ത എഴുത്തുകാരൻ എൻ. മോഹനൻ, ഐസക്ക് തോമസ് കൊട്ടുകാപ്പിള്ളി(അദ്ദേഹം ഈയിടെ അന്തരിച്ചു) എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചതിനാൽ ലാൽ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ 1993ൽ  ആരംഭിച്ച പൾസ് എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ ആരോഗ്യ സംബന്ധമായ ഒരു പരിപാടി അദ്ദേഹം11 വർഷത്തോളം അവതരിപ്പിച്ചു. കേരളത്തിൽ നിന്ന് വിട്ടുപോകേണ്ടിവന്നതിനാൽ  500 എപ്പിസോഡുകൾ വരെ എത്തിയതിനു ശേഷം ആ പരിപാടി അവസാനിപ്പിക്കുവാൻ നിർബന്ധിതനായി.

 

ഇതുപോലെ  ജീവിതത്തിൽ പല കാരണങ്ങളുടെ പേരിൽ ഒരുപാട് വിവേചനകൾക്ക് വിധേയമായെങ്കിലും അവയൊന്നും വിട്ടുകൊടുക്കാൻ തയാറാകാത്ത സ്വഭാവമായിരുന്നു ഡോ ലാലിലിന്റെത്. പ്രതിസന്ധികളെ മനോഹരമായി തരണം ചെയ്തുകൊണ്ട് അന്തിമ വിജയം തന്റേതാക്കാൻ പ്രത്യേക കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.  ലോകാരോഗ്യ സംഘടനയിലേക്കുള്ള നിയമനം നടത്തിയത് അമേരിക്കക്കാരായ മേലധികാരികൾ ആയതുകൊണ്ടാണ് തനിക്ക് ജോലി ലഭിച്ചതെന്ന് ഉറച്ചു വിശ്വസിക്കയുന്നയാളാണ് ഡോ.ലാൽ. ഉത്തരേന്ത്യക്കാരനായ ഏതെങ്കിലും മേലുദ്യോഗസ്ഥരാണ് നിയമനത്തിന്റെ ചുമതലയെങ്കിൽ തീർച്ചയായും തന്നെ തഴയുമായിരുന്നുവെന്ന് ചില വസ്തുതകളുടെ അടിസ്ഥാനത്തിൽ ഡോ. ലാൽ വെളിപ്പെടുത്തുന്നു.  

 

 

ഡൽഹിയിൽ ആയിരുന്നപ്പോൾ ഹിന്ദി അറിയില്ല എന്ന കാരണത്താൽ തന്നെ അവഗണിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ ചില ഔദ്യോഗിക മീറ്റിംഗുകളിൽ അവർ ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിക്കും. ആദ്യകാലങ്ങളിൽ പരിഭാഷകരെ വച്ചു വരെ മീറ്റിംഗുകളെ അഭിസംബോധന ചെയ്യേണ്ടി വന്നിട്ടുണ്ട്. ഹിന്ദി അറിയാത്തത് ഒരു ന്യുനതയായി വരെ അവർ കാണാറുണ്ടായിരുന്നു. ഒരിക്കൽ ഹിന്ദിയിൽ ഒരു തമാശ പറഞ്ഞത് മനസിലാകാതെ വന്നപ്പോൾ ഒരു സീനിയർ ഡയറക്ടർ  ദേഷ്യത്തിൽ  ചോദിക്കുകയുണ്ടായി. “തനിക്ക് എന്തുകൊണ്ട് ഹിന്ദി സംസാരിച്ചുകൂടാ?” ഡോ. ലാൽ അതിനു തക്കതായ മറുചോദ്യമാണ് ചോദിച്ചത്. .”താങ്കൾക്ക് എന്തുകൊണ്ട് എന്റെ ഭാഷയായ മലയാളം പറഞ്ഞു കൂടാ”. – ഹിന്ദി അറിയാത്തത് ഒരു അയോഗ്യതയായിട്ടെന്നപോലെയാണ് അദ്ദേഹം തന്നോട് പെരുമാറിയത്. ഹിന്ദി ഭാഷയറിയാത്തതിന്റെ പേരിൽ നമ്മൾ പോലുമറിയാതെയാണ് നമ്മൾ ഒഴിവാക്കപ്പെടുന്നത്. –  ഡോ. ലാൽ ചൂണ്ടിക്കാട്ടി.

 

അക്കാലത്ത്  സെന്റര്‍ ഫോർ ഡിസീസ് കണ്ട്രോൾ (സി.ഡി.സി)യുടെ  അറ്റ്ലാന്റയിൽ നിന്ന്‌ ലോകാരോഗ്യ സംഘടനയിലേക്ക്  ഡെപ്യൂട്ടെഷനിൽ ഡൽഹയിലേക്ക് സ്ഥലം മാറി വന്ന തോമസ് റീഡ്   എന്ന അമേരിക്കക്കാരൻ ആണ് തനിക്ക് ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ നൽകിയത്. നിറവും ഭാഷയുമൊന്നുമായിരുന്നില്ല അദ്ദേഹം നോക്കിയിരുന്നത്; കാര്യങ്ങൾ ചെയ്യാനുള്ള കഴിവും പ്രാപ്തിയുമുണ്ടോ എന്ന് മാത്രമായിരുന്നു.അദ്ദേഹം പിന്നീട് ന്യൂയോർക്ക് ഹെൽത്ത് കമ്മീഷണർ ആയി സ്ഥലം മാറിപ്പോയി. ഇപ്പോൾ സി.ഡി.സിയുടെ ഡയറക്ടർ ആണ് അദ്ദേഹം. താനുമായും ഇപ്പോഴും നല്ല ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നു. 

 

അദ്ദേഹം കാരണമാണ് താൻ ലോകാരോഗ്യ സംഘടനയിൽ എത്തിയതു തന്നെ. ലോകാരോഗ്യ സംഘടനയിൽ ഇന്ത്യയിൽ നിന്ന് താൻ ഉൾപ്പെടെ 16 പേരെ ആണ് ആദ്യം നിയമിച്ചത്. നാലു വർഷംകൊണ്ട് 60 പേരുള്ള ഒരു ടീം ആയി. ഇതിൽ  ഏറ്റവും മികച്ച പെർഫോമൻസ് ഡോ. ലാലിന്റേതായിരുന്നു. കേരളത്തിലായിരുന്നു പോസ്റ്റിംഗ് എങ്കിലും തന്റെ പ്രവർത്തന മികവ് മനസിലാക്കിയ അദ്ദേഹം തന്നെ ഡൽഹിയിലേക്ക് സ്ഥലം മാറ്റി. ഇതിനിടെ തന്നെ തിരിച്ചു വിളിക്കാനും ചിലർ  ശ്രമം നടത്തിയതായി അറിഞ്ഞു. ഒരു കേന്ദ്ര സെക്രട്ടറിയുടെ അകന്ന ബന്ധുവിനെയാണ് തനിക്കു പകരം നിയമിക്കാൻ ശ്രമം നടന്നിരുന്നുവെന്ന്റി പിന്നീടാണ് അറിയാൻ കഴിഞ്ഞത്. ഇക്കാരണത്താൽ തന്റെ നിയമനം ഏതാണ്ട് ഒരു വർഷത്തോളം നീണ്ടു പോയെന്നും അമേരിക്കയിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ നിന്നും മറ്റു ടീം അംഗങ്ങളിൽ നിന്നും അറിഞ്ഞു. തനിക്കു പകരം ഡൽഹിയിൽ നിന്നുള്ള അവരുടെ ആളുകളെ എടുക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ തനിക്കുവേണ്ടി അമേരിക്കയിൽ നിന്നുള്ള WHO യുടെ ഉദ്യോഗസ്ഥർ നിരന്തരം കടുംപിടുത്തം നടത്തിയതു കൊണ്ടാണ്  താൻ  ഡൽഹിയിൽ എത്തിപ്പെടാൻ കാരണമായത്. 

 

ഡൽഹിയിലെ പ്രവർത്തനമികവിനുള്ള അംഗീകാരമായിട്ടാണ് കിഴക്കൻ തിമോറിലേക്ക് ഒരു ദൗത്യത്തിന്റെ ചുമതല ലഭിക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് തൊട്ടു മുകളിലായി ഈ രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കാര്യമായിട്ടൊന്നും അറിയില്ലായിരുന്നു. കൂടുതൽ കേട്ടറിഞ്ഞപ്പോഴാണ്   ആകെ കുഴപ്പമുള്ള രാജ്യമാണതെന്നറിഞ്ഞത്. അടുത്തയിടെ മാത്രം സ്വാതന്ത്ര്യം ലഭിച്ച നിരന്തരമായ ആഭ്യന്തരയുദ്ധങ്ങൾ നടക്കുന്ന ഏറെ പ്രശ്ന ബാധ്യത പ്രദേശമായിരുന്നു തിമോർ. ഡൽഹിയിൽ നല്ല ഗ്ലാമർ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് പ്രശ്ന ബാധിതമായ ഈ രാജ്യത്തേക്ക് പോകരുതെന്ന് പലരും ഉപദേശിച്ചു. 11 മാസത്തെ കരാറിൽ ആണ് പോകേണ്ടത്. അത് കഴിഞ്ഞ് കോൺട്രാക്ട് നീട്ടികിട്ടിയില്ലങ്കിൽ ജോലി പോകും. അങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങൾ. ആഭ്യന്തര യുദ്ധങ്ങളെ തനിക്ക് ഭയമില്ലായിരുന്നു. എപ്പോഴും പുതിയ അനുഭവങ്ങളും അറിവുകളും നേടുക എന്ന ആഗ്രഹം മുൻ നിർത്തി മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വിലകൊടുക്കാതെ കിഴക്കൻ  തിമോറിലേക്ക് വിമാനം കയറി.

 

 സംഘർഷഭരിതമായ തിമോറിലേക്കുള്ള യാത്ര ഏറെ ദുർഘടം പിടിച്ചതായിരുന്നുവെങ്കിലും അദ്ദേഹം അത് ഒരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുകയായിരുന്നു. സ്വാതന്ത്ര്യം കിട്ടിയെങ്കിലും പല പ്രദേശങ്ങളും യൂഎൻ നേരിട്ട് ഭരണം നടത്തുന്ന തികച്ചും പട്ടാള ഭരണമെന്ന് പറയുന്ന ഒരു ട്രൈബൽ മേഖലയാണ് തിമോർ. അവിടെ താമസവും ജോലിയുമൊക്ക വനമേഖലകളിലെ പട്ടാള ക്യാമ്പുകളിൽ ആയിരുന്നു. 11 മാസത്തെ പ്രവർത്തനത്തിനു ശേഷം കരാർ പുതുക്കാതെ തന്നെ ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തേക്ക് കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയിലേക്ക് മാറി.

 

ഒരാളുടെ രാഷ്ട്രീയ നിലപാടുകളെയാണ് എതിർക്കപ്പെടേണ്ടത്. അല്ലാതെ ആ  വ്യക്തിയയോ അദ്ദേഹത്തിന്റെ സ്വകാര്യതയോ സ്വഭാഹത്യയോ ചെയ്യുകയല്ല വേണ്ടതെന്ന് അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു. ഇത്തരം അക്രമരാഷ്ട്രീയത്തെ സാധാരണക്കാർ അംഗീകരിക്കുകയില്ല. യണിവേഴ്സിറ്റി കോളേജിൽ തനിക്ക് ഏറെ സ്വീകാര്യത ലഭിച്ചത് നിലപടുകളിൽ ഉറച്ചു വിശ്വസിച്ചതുകൊണ്ടാണ്. താൻ നേതൃത്വം നൽകിയിട്ടുള്ള ഒരു സമരങ്ങളിൽ പോലും ഒരു അക്രമവും അരങ്ങേറിയിട്ടില്ല. തികച്ചും ഗാന്ധിയൻ മാർഗ്ഗത്തിലൂന്നിയുള്ള സമരമാർഗങ്ങളിലൂടെയാണ് വലിയ ലക്ഷ്യങ്ങൾ വരെ എത്തിപ്പെട്ടത്. 

 

തന്റെ നിലപാടുകളെ എതിർത്തവരുമായും സൗഹൃദത്തിൽ യാതൊരു വിള്ളലും അന്നും ഇന്നും സംഭവിക്കാതിരുന്നതുകൊണ്ടാണ് അന്നത്തെ യണിവേഴ്സിറ്റി കോളേജിൽ തന്റെ വൈസ് ചെയർമാൻ ആയിരുന്ന അന്നും ഇന്നും കടുത്ത കമ്മ്യൂണിസ്റ്റ് പ്രവർത്തകയായിരുന്ന മിനി എന്ന ഉറ്റ ചങ്ങാതി ഫേസ് ബൂക്കിലൂടെ തനിക്ക് വോട്ട് ചെയ്യണമെന്ന് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം വിവരിച്ചു.

 

തന്റെ ആദ്യത്തെ ജോലി രാജി വച്ചതു തന്നെ താനറിയാതെ തന്റെ പേരിൽ മറ്റൊരാൾ കൈക്കൂലി വാങ്ങിയതുകൊണ്ടാണ്. എൻ.ജി. ഒ യൂണിയന്റെ ഇടതുപക്ഷ മുന്നണിയിലേ ഒരു നേതാവ് പറഞ്ഞത് ഇവിടെ ഇങ്ങനെയൊക്കെയാണെന്നാണ്. പല കാര്യങ്ങൾക്കും കണ്ണടക്കേണ്ടി വരും. അതുകൊണ്ട് തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് താൻ ആരിൽ നിന്നും പൈസ പോലും ഇന്നു ഒരിക്കലും വാങ്ങിയിരുന്നില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനു  25 രൂപ വാങ്ങാൻ സർക്കാർ അനുമതി നല്കിയിട്ടുണ്ടെങ്കിൽക്കൂടി അതിനപേക്ഷിക്കുന്ന പാവപെട്ട കൂലിപ്പണിക്കാരുടെ അധ്വാനത്തിൽ നിന്ന് 25 രൂപ പോലും വാങ്ങുന്നതിന് തെറ്റാണ് എന്ന വിശ്വാസമായിരുന്നു തന്റേത്.- അദ്ദേഹം വ്യ്കതമാക്കി.

 

തകർന്നുപോയ ഒരു വലിയ കുടുംബത്തിൽ ജനിച്ചയാളാണ് അച്ഛൻ. ചെറുപ്പത്തിൽ പഠിക്കാൻ വലിയ മിടുക്കനായിരുന്നു. പത്താം ക്ലാസ് പാസായപ്പോൾ അന്ന് കുടുംബം നോക്കിയിരുന്ന അച്ഛന്റെ അമ്മാവനോട് പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ  കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയിരുന്ന അദ്ദേഹം അച്ചനെ ഒരു കൈത്തറി യൂണിറ്റിലേക്ക് കൊണ്ടുപോയി പറഞ്ഞു. “പത്തു പാസാകുമ്പോൾ നിനക്കു വേണ്ടി വച്ചിരുന്ന കൈത്തറി യന്ത്രമാണ് ഇത്. നേരെ അങ്ങോട്ട് കയറിക്കോളൂ.”- ഇത് പ്രതീക്ഷിച്ചാണ് അച്ഛൻ പോയതെങ്കിലും അകെ തകർന്നുപോയി. പിന്നീട് ആരോടോ പൈസ കടം വാങ്ങിയാണ് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷൻ വാങ്ങിപ്പോയത്. പല ജോലികളും ചെയ്താണ് അച്ഛൻ വിദ്യാഭ്യാസം പൂർത്തിയാക്കി ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ തസ്തികയിൽ കയറിയത്. പിന്നീട് എൽ.എൽ.ബി എടുത്ത് ആരോഗ്യവകുപ്പിൽ തന്നെ ലീഗൽ അഡ്വൈസർ ആയി. 

 
അമ്മയുടെ കാര്യമായിരുന്നു അതിലും കഷ്ട്ടം. ഒരു യാഥാസ്ഥിതിക കർഷക കുടുംബത്തിൽ ജനിച്ച അമ്മയെ 13മത്തെ വയസിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹം ചെയ്തയക്കാൻ നോക്കി. അമ്മയുടേത്   ഒരു വലിയ പുരയിടമാണ്. വിവാഹാലോചന വന്നപ്പോൾ അമ്മ ആ വലിയ  പുരയിടത്തിലെവിടെയോ പോയി ഒളിച്ചിരുന്നു. പിന്നീട് പഠിക്കണമെന്ന് വാശിപിടിച്ച് നിരാഹാരമിരുന്നു. ആ സമരത്തിനൊടുവിൽ അച്ഛൻ അമ്മയെ പഠിപ്പിക്കാൻ തീരുമാനിച്ചു. ആ ഗ്രാമത്തിൽ ആദ്യത്തെ തവണ പത്താം ക്ലാസ് പാസാക്കുന്നയാൾ അമ്മയാണ്. പിന്നീട് വീണ്ടും വാശി പിടിച്ച് കോളേജിൽ പോയി പഠനം നടത്തിയ വ്യക്തിയാണ് അമ്മ.
 
അച്ഛന്റെ പല സമരങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ താൻ കേട്ടതിൽ ഏറ്റവും ശക്തമായ സമരം അമ്മയുടേതാണ്. 12 മക്കളുള്ള കുടുംബത്തിൽ ഒരുപാട് സഹോദരന്മാരുള്ള കുടുംബത്തിലെ ശക്തനായ അച്ഛനോട് സമരം ചെയ്തതുകൊണ്ട്‌ മാത്രമാണ് അമ്മയ്ക്ക് പഠിക്കാൻ കുഴിഞ്ഞതും മാന്യമായ ഒരു ജോലി ലഭിക്കാൻ കരണമായതുമെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് അമ്മയെപ്പോലെ  പഠിക്കാനായി ആരെങ്കിലും പ്രതിരോധിച്ചു നടന്നതായി കേട്ടിട്ടില്ല. കാരണം സ്ത്രീകൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലത്തും ചുറ്റുപാടിലുമാണ് അമ്മ ജീവിച്ചിരുന്നത്.
 
അങ്ങനെ ജീവിതവുമായി കഷ്ടപ്പെട്ട് മല്ലടിച്ച് വിജയിച്ച അച്ഛന്റെയും അമ്മയുടെയും ജീവിതാനുഭവങ്ങൾ തന്റെ വ്യക്തിത്വരൂപീകരണത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
 
കേരളത്തിൽ ആയിരുന്നില്ലെങ്കിലും കേരളത്തിലെ ആരോഗ്യ രംഗത്ത് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലായിരിക്കുമ്പോൾ പ്രത്യേകിച്ച് കേരളത്തിൻറെ ചുമതലയിൽ ക്ഷയരോഗ രംഗത്ത് പ്രവർത്തിക്കുമ്പോൾ  കക്ഷി രാഷ്ട്രീയഭേദമന്യ ആയിരുന്നു അദ്ദേഹം കേരളത്തിനുവേണ്ടി ഒട്ടനവധി സേവനങ്ങൾ ചെയ്തത്. 
 
കേരളത്തിൽ സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗ ചികിത്സക്ക് സൗകര്യമൊരുക്കിയത് ഡോ. ലാൽ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതി പ്രകാരമാണ്. സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗ ചികിത്സക്കായി 70 ശതമാനം ലോകാരോഗ്യ സംഘടന വഴിയും ബാക്കി 30 ശതമാനം സംസ്ഥാന സർക്കാരും ഗ്രാന്റ് നൽകിയാണ് മുഴുവൻ സ്വകാര്യ ആശുപത്രികളിലേക്കും ക്ഷയരോഗ ചികിത്സ വ്യാപിപ്പിച്ചത്. ഇത് മാതൃകയാക്കി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപകമാക്കാൻ വേണ്ടിയാണ് പിന്നീട്  അദ്ദേഹത്തെ ഡൽഹിയിലേക്ക് ദേശീയ തലത്തിലുള്ള ഉത്തരവാദിത്വം നൽകി നിയമിച്ചത്.
 

ഡൽഹിയിലും ജനീവയിലും അമേരിക്കയിലുമായിരുന്നപ്പോഴൊക്കെ കേരളത്തിലെ കാര്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്ന അദ്ദേഹം ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്താൻ ആഗ്രഹിച്ചിരുന്നില്ല. കേരളത്തിലെ മഹാപ്രളയ കാലത്തും മഹാമാരിയുടെ കാലത്തും കേരളത്തിൽ നേരിട്ടെത്തി തന്നാൽ കഴിയുന്ന സേവങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. കേരളത്തിൽ കോവിഡ് മഹാമാരി പടർന്നുകൊണ്ടിരുന്നപ്പോൾ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അദ്ദേഹവുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് മാനേജ്മെന്റിൽ അവശ്യ നേരത്ത് ഉപദേശങ്ങൾ സ്വീകരിച്ച ശൈലജ ടീച്ചർ കോവിഡ് മരണ നിരക്കിൽ കൃത്രിമം കാട്ടിയതു ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ തള്ളിപ്പറയുകയും ചെയ്തതും അദ്ദേഹം അഭിമുഖത്തിൽതുറന്നടിക്കുന്നുണ്ട്. 

 
ശൈലജ ടീച്ചർക്ക് സ്തുതിപാടുന്നവർ അറിയുന്നില്ല കള്ളകണക്കുകൾ ഉണ്ടാക്കിയാണ് കോവിഡ് മാനേജ്മെന്റിലെ മികവ് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയിലെ അവാർഡ് ഉൾപ്പെടെ സംഘടിപ്പിച്ചെടുത്തത്. കോവിഡ് മാനേജ്മെന്റിൽ ഇടതു മുന്നണി സർക്കാർ വലിയ പരാജയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ശൈലജ ടീച്ചറും പിണറായി വിജയനും മൂടി വച്ച കള്ളക്കണക്കുകളുടെ കെട്ടഴിച്ചുകൊണ്ടാണ് അഭിമുഖത്തിൽ വിമർശനമുന്നയിച്ചിരിക്കുന്നത്. കോവിഡ് മാനേജ്‌മെന്റിലെ ഇടതു സർക്കാരിന്റെ  പാളിച്ചകളെക്കുറിച്ചും ശൈലജ ടീച്ചറിന്റെ ക്കണക്കുകളിലെ കൃത്രിമങ്ങളെക്കുറിച്ചും  അടുത്ത അധ്യായത്തിൽ. (തുടരും….)
 
      
 

LEAVE A REPLY

Please enter your comment!
Please enter your name here