രാജ്യത്തെ ഞെട്ടിച്ച് ടെക്‌സസിലെ അലനില്‍ ആറംഗ കുടുംബത്തിന്റെ മരണം. സഹോദരങ്ങളായ രണ്ട് പേര്‍ ചേര്‍ന്ന കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്ന് വന്ന് അലനില്‍ താമസിക്കുന്ന കുടുംബമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹോട്ടല്‍ മാനേജരായ തൗഹിദുല്‍ ഇസ്ലാം, 54, ഭാര്യ ഐറെന്‍ ഇസ്ലാം, 56, മക്കളായ തന്‍വീര്‍ തൗഹീദ്, 21, ഫര്‍ഹാന്‍ തൗഹീദ്, 19, ഫര്‍ബിന്‍ തൗഹീദ് , 19, എന്നിവരും തൗഹിദുല്‍ ഇസ്ലാമിന്റെ അമ്മയായ അല്‍താഫുന്നിസ 77 യുമാണ് മരിച്ചത്.

മുത്തശ്ശിയായ അല്‍താഫുന്നിസ ഈ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ബംഗ്ലാദേശില്‍ നിന്ന് എത്തിയതാണ്. സഹോദരങ്ങളായ തന്‍വീര്‍, ഫര്‍ഹാന്‍ എന്നിവര്‍ ചേര്‍ന്ന് മറ്റ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കൊലപാതകം നടത്തുന്നതിന്റേയും ആത്മഹത്യ ചെയ്യുന്നതിന്റേയും വിവരങ്ങള്‍ ഇവര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സുഹൃത്ത് നല്‍കിയ വിവരമനുസരിച്ചാണ് പോലീസ് സംഭവ സ്ഥലത്തെത്തുന്നത്. അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.

തന്‍വീര്‍, ഫര്‍ഹാന്‍ എന്നിവര്‍ വിഷാദരോഗം അനുഭവിക്കുന്നവരായിരുന്നു. 2016 മുതല്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന സഹോദരങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ രോഗം മാറിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും രോഗം മാറാത്ത സാഹചര്യത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തങ്ങള്‍ ആത്മഹത്യ ചെയ്തു കഴിയുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് ദുഖമുണ്ടാകാതിരിക്കാന്‍ അവരെക്കൂടി കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം സഹോദരിയേയും മുത്തശിയേയും വെടി വച്ചത് ഇളയവനായ ഫര്‍ഹാന്‍ ആണ്. അമ്മയേയും അച്ചനെയും വെടി വച്ചത് തന്‍വീറും. ഇക്കാര്യങ്ങള്‍ ഇവര്‍ കത്തില്‍ എഴുതി വെച്ചിരുന്നു.

കുടുംബത്തിന്റെ ദാരുണമായ അന്ത്യം നടന്നത് ശനിയാഴ്ചയാണെന്നാണ് കരുതുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഫര്‍ഹാന്‍ പങ്കുവെച്ച പോസ്റ്റ് കണ്ട് സംശയം തോന്നിയ സൃഹൃത്ത് ഞായറാഴ്ച രാത്രിയാണ് ഇക്കാര്യം പോലീസിനെ വിളിച്ച് അറിയിക്കുന്നത്. തിങ്കളാഴ്ചയാണ് പോലീസ് സംഭവ സ്ഥലത്തെത്തുന്നത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. കുടുംബത്തില്‍ മറ്റ് യാതൊരു വിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ക്ക് ഇവരെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നുവെന്നും പോലീസ് പറയുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here