ഫ്രാൻസിസ് തടത്തിൽ 
 
ന്യൂജേഴ്‌സി: കേരളത്തിന് ഇപ്പോൾ അടിയന്തിരമായ സഹായം വേണ്ടത് എല്ലാവരിലും വാക്സീൻ എത്തിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ മുകൈയ്യെടുത്ത് ആരംഭിച്ച വാക്സീൻ ചലഞ്ച് ആണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഓക്സിജൻ ഉത്‌പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞുവെന്നും ഏത് അടിയന്തിര ഘട്ടത്തെയും നേരിടാനുള്ള ഓക്സിജൻ സംഭരണം കേരളത്തിനുണ്ടെന്നും ഫൊക്കാന നേതാക്കളുമായി ഫോണിൽ സംസാരിക്കവെ മന്ത്രി വ്യകത്മാക്കി.
 
 ഓക്സിജന്റെ കാര്യത്തിൽ ആകുലത വേണ്ട.  എല്ലാവരിലും വാക്സീൻ എത്തിക്കുക എന്ന ഭഗീരഥ പ്രയത്നത്തിലാണ് സർക്കാർ നടത്തിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നിരുന്നാലും ദ്രവീകൃത (കോൺസെൻട്രേറ്റഡ്) ഓക്സിജൻ, ഓക്സി മീറ്റർ ഉൾപ്പെടയുള്ള മെഡിക്കൽ ഉപകരണങ്ങളുടെയും ആവശ്യം വർധിച്ചു വരുന്ന സഹചര്യത്തിൽ ഇത്തരം മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞാൽ സർക്കാരിന് ഒരു വലിയ സഹായകരമായിരിക്കും.
 
കേരളം നേരിട്ട എല്ലാ മഹാമാരികളിലും  പ്രകൃതി ദുരന്തങ്ങളിലും എന്നും കൈത്താങ്ങായിട്ടുള്ള അമേരിക്കൻ മലയാളികൾ ഇക്കുറിയും കേരളത്തെ കൈയ്യയഞ്ഞു സാഹായിക്കുമെന്നുറപ്പാണെന്നും പറഞ്ഞ മന്ത്രി കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും അമേരിക്കൻ മലയാളികൾ കേരളത്തിന് നൽകിയ സഹായം ഒരിക്കലും മറക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി സംസ്ഥാനത്തിന് ഏതുതരം സഹായമാണ് നൽകേണ്ടത് എന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനായി ചേർന്ന ഫൊക്കാന നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പങ്കെടുക്കവെയാണ് മന്ത്രി കോവിഡ് വാക്സീൻ ചലഞ്ചിന് അമേരിക്കൻ മലയാളികളുടെ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചത്.
 
കോവിഡ് മഹാമാരി കേരളത്തിൽ സമ്പൂർണമായും കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായാൽ പോലും സംസ്ഥാനത്തിന്റെ പക്കൽ ആവശ്യത്തിന് ഓക്സിജൻ സംഭരണമുണ്ട്. അത്തരം സാഹചര്യം ഉടലെടുത്താൽ അന്യസംസ്ഥാനങ്ങൾക്ക് നൽകാമെന്നേറ്റിരുന്ന ഓക്സിജൻ അൽപ്പമൊന്നു പിടിച്ചു വയ്‌ക്കേണ്ടിവരും. -മന്ത്രി പറഞ്ഞു.
 
 
 
സംസ്ഥാന സർക്കാർ സൗജന്യമായിട്ടാണ് എല്ലാകേരളീയർക്കും വാക്സീൻ നൽകാനാണ് തീരുമാനം. അതിനായിട്ടാണ്  ‘വാക്സീൻ ചലഞ്ച്’ എന്ന യജ്ജ്ത്തിന് സർക്കാർ തുടക്കം കുറിച്ചത്. അതിന് ഭാരിച്ച ചെലവ് വേണ്ടി വന്നേക്കാം. എക്കാലത്തെയും പോലെ മലയാളികൾ പ്രത്യേകിച്ച് പ്രവാസി മലയാളികൾ അവസരത്തിനൊത്ത് സഹായഹസ്തവുമായി വരുന്നത് അങ്ങേയറ്റം ആശ്വാസകരമാണ്. വാക്സീൻ ചലഞ്ചിന് കേരളത്തിനകത്ത്  നിന്നും പുറത്തുനിന്നും വൻ തോതിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.- മന്ത്രി പറഞ്ഞു.
 
കേരളത്തിൽ ഏതു കെടുതികൾ ഉണ്ടായാലും ജന്മനാടിനു വേണ്ടി മുന്നിൽ നിന്നു പ്രവർത്തിക്കുന്ന അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി സംസ്ഥാന സർക്കാരിന് ഏറെ ഊഷ്മളമായ ബന്ധമാണുള്ളത്. അമേരിക്കയിലെ മലയാളികളെ കോർത്തിണക്കിക്കൊണ്ട് ഫൊക്കാന നടത്തുന്ന പ്രവർത്തനം അഭിനന്ദാർഹമാണ്. തനിക്ക് ഫൊക്കാനയുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നു പറഞ്ഞ ശൈലജ ടീച്ചർ താൻ ആദ്യമായി അമേരിക്ക സന്ദർശിച്ചത് ഫൊക്കാനയുടെ കൺവെൻഷനിൽ പങ്കെടുക്കാനാണെന്നും കൂട്ടിച്ചേർത്തു.
 
 
 
വാക്സീൻ ചലഞ്ച് ഒരു വൻ വിജയകരമാക്കി മാറ്റാൻ നിങ്ങൾ എല്ലാ സുമനസുകളോടും അഭ്യർത്ഥിക്കണം. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാരിന്റെ കസ്റ്റംസ് നിയമത്തിൽ ഭേദഗതി വരുത്തിയത് ഏറെ ആശ്വാസകരമാണ്. ഏറെ നൂലാമാലകളൊന്നുമില്ലാതെ കേരളത്തിലേക്ക് ഏതു മെഡിക്കൽ ഉപകരണങ്ങളും കയറ്റി അയക്കാം. അമേരിക്കയിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ കയറ്റി അയയ്ക്കുമ്പോൾ കസ്റ്റംസ് തീരുവയിൽ ഇളവു ലഭിക്കാനുള്ള അപേക്ഷ ഫോംറം നോർക്ക റൂട്സ് വഴി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
 
തുടർന്ന് നോർക്ക റൂട്ട് വൈസ് ചെയർമാൻ വരദരാജൻ നായരുമായി ഫൊക്കാന നേതൃത്വം ബന്ധപ്പെട്ടതിനെത്തുടർന്ന് കയറ്റുമതിക്ക് ആവശ്യമായ രേഖകൾ അദ്ദേഹം ഫൊക്കാന ഭാരവാഹികൾക്ക് അയച്ചുനൽകിയതായും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു. മന്ത്രിയുമായി നടന്ന ചർച്ചയിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന എന്നിവർ പങ്കെടുത്തു.  

LEAVE A REPLY

Please enter your comment!
Please enter your name here