ഫ്രാൻസിസ് തടത്തിൽ 
 
അമേരിക്കയിലെ മലയാളികൾക്കിടയിൽ ഒരു നന്മ മരമായി ജീവിക്കുന്ന നല്ല സമരിയക്കാരനായ ഫാ.മാത്യു കുന്നത്ത് നവതിയുടെ നിറവിൽ  കാരുണ്യവർഷം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. 2021 മെയ് മാസം 18 നു 90 വയസ് പൂർത്തിയാക്കിയ  മാത്യു അച്ചന് പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകളുണ്ടെങ്കിലും അദ്ദേഹം വഴിയുള്ള  കരുണ്യത്തിന്റെ നീർചാലുകൾ അനസ്യുതം ഒഴുകിക്കൊണ്ടിരിക്കുകയാണ്.
 മാത്യു അച്ചനോടുള്ള സ്നേഹാദരസൂചകമായി അദ്ദേഹത്തിന്റെ 74 പിറന്നാൾ ദിനമായ 2005 മെയ് 18 നു അദ്ദേഹത്തിന്റെ പേരിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് രൂപീകരിച്ച ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ 16മത് വാർഷികാഘോഷവും അദ്ദേഹത്തിന്റെ നവതി ആഘോഷവും മെയ്  22 നു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ന്യൂജേഴ്‌സിയിലെ സോമെർസെറ്റിലുള്ള സെയിന്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ  കുർബാനയോടെ തുടക്കം കുറിക്കും.  
 
10  വൈദികർ ചേർന്ന് അർപ്പിക്കുന്ന വിശുദ്ധകുർബാനയിൽ ഫാ. മാത്യു കുന്നത്ത് മുഖ്യകാർമ്മികത്വം വഹിക്കും. സോമർസെറ്റ് സെയിന്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ മുൻ വികാരിയും ചിക്കാഗോ രൂപത വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പള്ളിൽ പിറന്നാൾ സന്ദേശവും വചന ശിശ്രൂഷയും നൽകും. സെയിന്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ വികാരി ഫാ.ടോണി പുള്ളുകാട്ടിൽ, മോൺ. പീറ്റർ കോച്ചേരി, ഫാ. ഫിലിപ്പ് വടക്കേക്കര,ഫാ. പീറ്റർ അക്കനാത്ത്, ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സുനിൽ ഐന്നേക്കാട്ട്, ഫാ. ഫ്രാൻസിസ് ചെറുപറമ്പിൽ, ഫാ.ജെറോം ഏർത്തശേരി, ഫാ. മീണ വരപ്രസാദ്‌ എന്നിവരും സഹകാർമ്മികരായിരിക്കും.
 
 മാത്യു അച്ചന്റെ സ്നേഹിതരും അദ്ദേഹം മുഖാന്തിരം അമേരിക്കയിൽ എത്തിയവരുമായ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും. കോവിഡ് മഹാമാരിമൂലം വളരെ ലളിതമായ അംഘോഷപരിപാടികൾ മാത്രമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുക്കുന്ന വിശുദ്ധ കുർബാനയിലും തുടർന്ന് നടക്കുന്ന ഹൃസ്വമായ അനുമോദന ചടങ്ങിലും സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള എല്ലാ നിയമപരമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ സംഘടിപ്പിക്കുക.
 
തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന മാത്യു അച്ചന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സീറോമലബാർ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ചു ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം (ചങ്ങനാശേരി), ബിഷപ്പുമാരായ മാർ ജേക്കബ് അങ്ങാടിയത്ത്( ചിക്കാഗോ), മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ), മാർ റാഫേൽ തട്ടിൽ (ഷംസാബാദ്), ഡോ. ചാക്കോ തോട്ടുമാരിൽ,(ഇൻഡോർ), ഡോ. ജോർജ് മാമലശ്ശേരിൽ ( ബിഷപ് എമിരിറ്റസ് ട്യൂറ, ഷില്ലോങ് ) പാലാ രൂപത വികാരി ജനറൽ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, കോട്ടയം വിജയപുരം രൂപത ചാൻസലർ ഫാ. ജോസ് നവാസ്, പ്രമുഖ ധ്യാനഗുരുക്കന്മാരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ആന്റണി തെക്കേനാത്ത് എന്നിവരുടെ പിറന്നാൾ സന്ദേശങ്ങൾ വിശുദ്ധ കുർബാനയ്ക്കു ശേഷം ചേരുന്ന അനുമോദന ചടങ്ങിൽ വച്ച് വായിക്കും.
ന്യൂജേഴ്സിയിലെ നല്ല സമരിയാക്കാരൻ എന്നറിയപ്പെടുന്ന ഫാ. മാത്യു കുന്നത്ത് വഴി കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലായി നൂറുകണക്കിന് മലയാളി കുടുംബങ്ങളാണ് നേരിട്ടും അല്ലാതെയും അമേരിക്കയിൽ എത്തിപ്പെട്ടിട്ടുള്ളത്. അക്കാലങ്ങളിൽ അമേരിക്കയിൽ എത്തിപ്പെട്ട മലയാളി കുടുംബങ്ങളുടെ അടുത്ത ബന്ധുക്കളും മറ്റുമായി ഏതാണ്ട് ആയിരത്തിലധികം കുടുംബങ്ങളെങ്കിലും ഇക്കാലയളവിൽ അമേരിക്കൻ സ്വപനം യാഥാർഥ്യമാക്കിയിട്ടുണ്ട്. മാത്യു അച്ചൻ വഴി വന്ന പല കുടുംബങ്ങൾ ഇപ്പോൾ അവരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ,  മക്കൾ, കൊച്ചുമക്കൾ എന്നിങ്ങനെയായി ഒരു വലിയ തലമുറയായി അമേരിക്കയിലുടനീളം പടർന്നു പന്തലിച്ചിരിക്കുകയാണ്. 
 
1980 ൽ ആസാമിൽ നിന്ന് ന്യൂജേഴ്‌സിയിലേക്ക് കുടിയേറിയ മാത്യു അച്ചൻ കുറച്ചുകാലം അമേരിക്കയിൽ തങ്ങി നാടൊക്കെ കണ്ട ശേഷം മടങ്ങിപ്പോകാമെന്നു കരുതിയാണ്  ഇവിടെയെത്തിയതെങ്കിലും അമേരിക്കൻ പൗരനായി  ശിഷ്ട്ടകാലം അമേരിക്കയിൽ കഴിയാനായിരുന്നു ദൈവ നിയോഗം. ഇവിടെ ന്യൂജേഴ്‌സിയിലെ ക്രൈസ്തവരിൽ വിശ്വാസം പകർന്നു നൽകുന്നതിനൊപ്പം സ്വന്തം നാട്ടുകാരുടെ ഒരു വംശാവലിതന്നെ ഇവിടെ സൃഷ്ടിക്കാനുള്ള ദൈവ നിയോഗവും മാത്യു അച്ചനുമേലുണ്ടായിരുന്നു. മാത്രമല്ല  ആസാമിലെ മിഷൻ പ്രവർത്തനത്തിൽ നിന്ന് അമേരിക്കയിലേക്കുള്ള ഈ പറിച്ചു നടലിലൂടെ ഒരുപാടു മനുഷ്യജീവനുകൾക്ക് അത്താണിയാകുവാനും ദൈവം ആ വലിയ ‘ചെറിയ’ മനുഷ്യനുമേൽ പദ്ധതിയിട്ടിരുന്നു. അദ്ദേഹം കണ്ണീരൊപ്പിയ കേരളത്തിലെ നൂറുകണക്കിന് നിർധനരായ രോഗികളുടെയും ആകുലരുടെയും കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾ മാത്രം മതിയാകും മാത്യു അച്ചന് ദീർഘായുസ് ലഭിക്കാനുള്ള ദൈഹിതം സാധ്യമാകാൻ.
2012 ൽ 81മത്തെ വയസിൽ ഇടവക വൈദികനെന്ന നിലയിലുള്ള തന്റെ ഔദ്യാഗിക ചുമതലകളിൽ നിന്നും വിരമിച്ചെങ്കിലും അദ്ദേഹം താൻ ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന ന്യൂജേഴ്‌സിയിൽ നട്ട്ലീയിലുള്ള സെയിന്റ് മേരീസ് പള്ളിയിലും സമീപ പ്രദേശങ്ങളിലുള്ള മറ്റു രണ്ടു ദേവാലയങ്ങളിലുമായി സഹായിയായി വീണ്ടും നാലു വർഷങ്ങൾ കൂടി സേവനം ചെയ്ത ശേഷമാണ് ഇപ്പോൾ തന്റെ സഹോദരപുത്രിയുടെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്നത്. വൈദികനെന്ന നിലയിലുള്ള ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും തന്റെ ഇഷ്ട്ട കർമ്മമണ്ഡലമായ  കാരുണ്യ പ്രവർത്തനങ്ങൾക്കായി  കൂടുതൽ സമയം കണ്ടെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോൾ. പ്രായത്തിന്റെ അവശതയും വാർധക്യസഹജമായ പല രോഗങ്ങളുടെയും നടുവിൽ കഴിയുന്ന  മാത്യു അച്ചൻ എന്ന നന്മമരത്തിന്റെ കാരുണ്യമാകുന്ന ശീതളചായയിൽ ഇന്നും നൂറുകണക്കിനാളുകളാണ് ആശ്വാസം കൊള്ളുന്നത്.
 
അമേരിക്കയിലെ പ്രത്യേകിച്ച് ന്യൂജേഴ്സിയിലെ നല്ല സമരിയക്കാരൻ എന്നറിയപ്പെടുന്ന മാത്യു അച്ചൻ, ന്യൂജേഴ്സിയിലെ നല്ല സമരിയക്കാരൻ എന്ന പേരിനെ അർത്ഥപൂർണമാക്കുന്ന നിരവധി കാര്യങ്ങളാണ് ആ കർമ്മകാണ്ഡത്തെ അനശ്വരമാകുന്നത്. കുവൈറ്റിൽ നിന്നുള്ള ഒരു നഴ്സിന്റെ സഹായ അഭ്യർത്ഥനയാണ് മാത്യു അച്ചൻ എന്ന വൈദികന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുണ്ടാകുന്നത്.  പിന്നീടങ്ങോട്ട് മാത്യു അച്ചൻ രചിച്ചത് സ്വന്തം പേരിനെ സ്വാർത്ഥകമാക്കുന്ന മത്തായിയുടെ നിരവധി സുവിശേഷങ്ങൾ ആയിരുന്നു.  
അമേരിക്കയിൽ എത്തിയ ശേഷം ന്യൂജേഴ്സിയിലെ ന്യൂവാർക്കിലുണ്ടായിരുന്ന സെയിന്റ് ജെയിംസ് ഹോസ്പിറ്റലിലെ ചാപ്ലിൻ ആയിട്ടായിരുന്നു തന്റെ ദൈവിക ശിശ്രൂഷകൾ ആരംഭിക്കുന്നത്. അക്കാലത്താണ് അദ്ദേഹം ഏറ്റവും കൂടുതൽ മലയാളി കുടുംബങ്ങളെ അമേരിക്കയിൽ എത്തിക്കാൻ സഹായിക്കുന്നത്. ആദ്യമായി അമേരിക്കയിൽ എത്തിയ പലരുടെയും ഉറ്റവറും ഉടയവനുമായി  ഈ വൈദികൻ മാത്രമാണ് അവർക്കുണ്ടായിരുന്നത്. താനുമായി യാതൊരു മുൻ പരിചയവുമില്ലാത്ത ജാതി മത ഭേദമന്യേ നിരവധി കുടുംബങ്ങളെയാണ് അദ്ദേഹം അമേരിക്കൻ വിസ ലഭ്യമാക്കാൻ സഹായിച്ചത്. വിസ ലഭ്യമാക്കുന്നതിൽ മാത്രമല്ല, അവർ അമേരിക്കയിൽ എത്തി ജോലി നേടി ഒരു സമ്പാദ്യമാകുന്നതുവരെ അദ്ദേഹത്തിന്റെ സഹായവും മേൽനോട്ടവും അവരുടെ മേൽ ഉണ്ടാകും. 
 
ആദ്യമായി അമേരിക്കയിൽ വരുന്നവർ ഏറെ ആശങ്കയോടെയായിരിക്കും വിമാനം കയറുക. എന്നാൽ അദ്ദേഹം വഴി അമേരിക്കയിൽ എത്തിയവരെ 
 എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്ത് അവരുടെ അപ്പാർട്ട്‌മെന്റിൽ എത്തിച്ച ശേഷം അവരുടെ ജോലി ശരിയാക്കി വരുമാനം ആകുന്നതുവരെ അദ്ദേഹം അവരെ സാമ്പത്തികമായും സഹായിച്ചിരുന്നു. അവർ പോലുമറിയാതെ അപ്പാർട്ട്‌മെന്റ് എടുത്ത് കുറഞ്ഞ വിലയ്ക്ക് ഫർണിച്ചറുകൾ വാങ്ങി, പാലും മുട്ടയും ബ്രെഡും ഉൾപ്പെടെ അടുക്കളയിൽ നിത്യോപയോഗത്തിനു വേണ്ടുന്ന അത്യാവശ്യ സാധനകൾ വാങ്ങി ഏറെ കരുതലോടെയാണ് അദ്ദേഹം അവരെ നോക്കിയിരുന്നത്. 
 
അപ്പാർട്ട്മെന്റ്, ഫർണിച്ചർ, വിസയുടെ പണം തുടങ്ങിയ എല്ലാ ചിലവുകളും അവർക്ക് വരുമാനമാകുമ്പോൾ മാത്രമായിരുന്നു അദ്ദേഹം തിരികെ വാങ്ങിയിരുന്നത്. ഏജൻസി മുഖാന്തിരം വന്നിരുന്നവർ ആയിരക്കണക്കിന് ഡോളർ കമ്മീഷൻ നൽകിയാണ് അമേരിക്കയിൽ വന്നിരുന്നത്. എന്നാൽ അദ്ദേഹം നയാ പൈസ ആരിൽ നിന്നും ഈടാക്കിയില്ലെന്നു മാത്രമല്ല അതിജീവനകാലഘട്ടങ്ങളിൽ അവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. അവരുടെ കുടുംബങ്ങൾ  അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വത്തിൽ ഒരു ജനതയായി വളർന്നുകൊണ്ടിരുന്നപ്പോഴാണ് അദ്ദേഹം വഴി വന്നവർ ഫാ. മാത്യു കുന്നത് ചാരിറ്റബിൾ ഫൌണ്ടേഷൻ ആരംഭിക്കുന്നത്. 
 
അക്കാലത്ത് ന്യൂജേഴ്‌സിയിൽ ഒരിടത്തും മലയാളം കുർബാനയുണ്ടായിരുന്നില്ല. മാത്യു അച്ചൻ ആഴ്ചയിലൊരിക്കൽ അവർക്കായി മലയാളം കുർബാനയും ആരംഭിച്ചു. അങ്ങനെ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ അവർ കഴിഞ്ഞു വന്നു.തങ്ങളെ സഹായിച്ച  അച്ചന് സ്നേഹസമ്മാനമായി എന്തെങ്കിലും നൽകണമെന്ന് അവർ ആഗ്രഹിച്ചു. അങ്ങനെ എല്ലാ വർഷത്തെയും  മെയ് 18 തിയതി അവർ ഒത്തുകൂടി  മാത്യു അച്ചന്റെ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചു. പിറന്നാൾ സമ്മാനമായി പലരും ചെക്കുകൾ നൽകി. എന്നാൽ അദ്ദേഹമാകട്ടെ തനിക്കു ലഭിച്ച സമ്മാനങ്ങളും തന്റെ വരുമാനത്തിൽ മിച്ചം വയ്ക്കുന്ന തുക മുഴുവനും കേരളത്തിലെ നിർധനരായ കുടുംബത്തിലെ നഴ്സിംഗ് വിദ്യാർത്ഥികളെ പഠിപ്പിക്കാനും രോഗികൾക്ക് ചികിത്സ സഹായവും വീടില്ലാത്തവർക്ക് വീടു വയ്ക്കാനും ഉദാരമായി നൽകിക്കൊണ്ടിരുന്നു.
 
അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തങ്ങളെക്കുറിച്ച് ചില സുഹൃത്തുക്കൾ എങ്കിലും മനസിലാക്കിയിരുന്നു. ദാനകർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന മാത്യു അച്ചന്റെ കരങ്ങൾക്ക് കൂടുതൽ ശക്തി പകരാനായി അദ്ദേഹത്തിന്റെ പേരിൽ ഒരു ചാരിറ്റബിൾ ഫൌണ്ടേഷൻ തുടങ്ങണമെന്ന ആശയത്തിൽ നിന്നാണ് ഫാ.മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൌണ്ടേഷൻ (FMKCF) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. 2005 അദ്ദേഹത്തിന്റെ 74 മത് പിറന്നാളിലാണ് FMKCF നു തുടക്കം കുറിച്ചത്. 2006 ൽ മാത്യു അച്ചന്റെ പിറന്നാളും ഫൗണ്ടേഷന്റെ പ്രഥമ വാർഷികവും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപോടികളോടെയാണ് ആഘോഷിച്ചത്. ട്രസ്റ്റ് തുടങ്ങുന്നതിനു മുൻപ് മാത്യു അച്ചൻ ഒറ്റയ്ക്കു നടത്തിയിരുന്ന കേരളത്തിലെ നിർധനരായവരെ സഹായിക്കുന്ന ദൗത്യം മാത്യു അച്ഛനോട് ചേർന്ന് ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളും വർക്കിംഗ് കമ്മിറ്റിയും ചേർന്ന് അതൊരു വലിയൊരു സ്നേഹക്കൂട്ടായ്മയാക്കി മാറ്റി. 
 
ആദ്യകാലങ്ങളിൽ ഡിന്നർ നൈറ്റ്, സിനിമ പ്രദർശനം, കലാപരിപാടികൾ തുടങ്ങിയമാർഗങ്ങളിലൂടെയാണ് ധന സമാഹരണ പരിപാടികൾ നടത്തിയിരുന്നത്. എന്നാൽ ഇത്തരം പരിപാടികളിലൂടെ പ്രവർത്തനച്ചെലവ് കൂടുന്നുവെന്ന് കണ്ട് ഫൗണ്ടേഷൻ ഭാരവാഹികൾ ഒരു തീരുമാനമെടുത്തു. ഒരു ഡോളർ പോലും പ്രവർത്തനചെലവില്ലാതെ  അവരവരുടെടെ ശേഷിക്കനുസരിച്ച് ഓരോ മാസവും ബാങ്കിൽ നിന്ന് ഡയറക്ട് പേയ്മെന്റ് (ACH) ആയി സംഭാവനകൾ നൽകാമെന്നായിരുന്നു തീരുമാനം. മൂന്ന് വർഷം മുൻപ് എടുത്ത ആ തീരുമാനം ഒരു വലിയ വിപ്ലവം തന്നെയാണ് സൃഷ്ട്ടിച്ചത്. 20 ഡോളർ മുതൽ 200 ഡോളർ വരെ പ്രതിമാസം നൽകുന്നവരുണ്ട്. അങ്ങനെ അത്തരത്തിൽ 115 പേരാണ് പ്രതിമാസം ഈ പദ്ധതി വഴി അംഗങ്ങളായി ചേർന്നിരിക്കുന്നത്. മാത്യു അച്ചന്റെ കലാശേഷവും ഈ പദ്ധതി തുടർന്നുപോകാൻ ഈ പദ്ധതി ഗുണം ചെയുമെന്നാണ് അദ്ദേഹം പറയുന്നത്. 
 
വാർത്തകളോ പരസ്യങ്ങളോ യാതൊരു കോലാഹലവുമില്ലാതെ FMKCF എന്ന സംഘടന വെട്ടിത്തുറന്ന കാരുണ്യത്തിന്റെ നീർച്ചാൽ അനസ്യുതം ഒഴുകിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 16 വർഷത്തിനിടെ 6,60,000 ഡോളർ കേരളത്തിലെ നിർധനരെ സഹായിക്കുന്നതിനായി നൽകിക്കഴിഞ്ഞു. 2020ൽ കഴിഞ്ഞ കോവിഡ് മഹാമാരി താണ്ഡവമാടിക്കൊണ്ടിരുന്നപ്പോൾപ്പോലും FMKCF ന്റെ കാരുണ്യത്തിന്റെ ഉറവ വറ്റിയില്ല. മറിച്ച് എക്കാലത്തേക്കാൾ കൂടുതൽ തുകയാണ് കഴിഞ്ഞ വര്ഷം സംഭാവനയായി നൽകിയത്. 2020 ൽ മാത്രം 60,000 ഡോളർ തുക കേരളത്തിലെ നിർധനർക്ക് ഈ സംഘടന വഴി നൽകിയിരുന്നു. ഇത്രയേറെ തുക യാതൊരു പബ്ലിസിറ്റിയുമില്ലാതെ നൽകുന്ന മറ്റേതെങ്കിലും സ്ഥാപനം ഇവിടയുണ്ടെന്നു തോന്നുന്നില്ല.
 
 ഡയറക്ടറ് ഡെപ്പോസിറ്റ് നൽകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചു വരുന്നതിനാൽ FMKCF ൽ നിന്നുള്ള സഹായവും അപേക്ഷകരും ഓരോ മാസവും വർധിച്ചുകൊണ്ടിവരിക്കുകയാണ്. ഓരോ മാസവും കിട്ടുന്ന അപേക്ഷകൾ ഡയറക്റ്റർ ബോർഡ് മുൻപാകെ വച്ച് വായിച്ചു കേട്ട ശേഷം അപേക്ഷകളുടെ എണ്ണവും ഒരോ അപേക്ഷകന്റെ ആവശ്യത്തിന്റെ തീവ്രതയും കണക്കിലെടുത്ത് അക്കൗണ്ടിലുള്ള മുഴുവൻ പണവും വീതിച്ചു നൽകും. വ്യകതമായ കാരണമില്ലാതെ ഒരു അപേക്ഷയും തള്ളുകയില്ല. അപേക്ഷകൾ പാസാക്കുന്ന കാര്യത്തിൽ ഏല്ലാ അംഗങ്ങളും ഒരേ മനസോടെയാണ് തീരുമാനമെടുക്കുന്നത്. ഒരു അപേക്ഷകനെപ്പോലും നിരാശപ്പെടുത്തരുതെന്നതാണ് മാത്യു അച്ചന്റെ ‘സുവിശേഷ’ത്തിൽ പറയുന്നത്.
 
 വാർധക്യത്തിന്റെ പടികൾ ചവിട്ടിക്കൊണ്ടിരിക്കുമ്പോഴും ഈ നന്മമരത്തിന്റെ ശാഖകൾ വളർന്നു പന്തലിക്കുകയാണ്. ആ മരത്തിന്റ ശീതള ഛായയിൽ അനേകം കുടുംബങ്ങളാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. നന്മയുടെ ആ കെടാവിളക്ക് അണയാതെ നമുക്ക് കാത്തു സൂക്ഷിക്കാം. ഇനിയും ദീർഘനാളുകൾ കരുണയുടെ പ്രകാശം ചൊരിയുന്ന അണയാത്ത ദീപമായി മാത്യു അച്ചനെ ദൈവം കാത്തുകൊള്ളട്ടെ. അദ്ദേഹം പകർന്നു നൽകിയ അനർഗളമായ സ്നേഹത്തിന്റെ പരിമളവും അദ്ദേഹം വെട്ടിത്തെളിച്ച കരുണയുടെ നീർച്ചാലും ഒരു സ്നഹഗംഗയായി ഈ സമൂഹത്തിൽ  അനസ്യുതം ഒഴുകട്ടെ.
 
 
കാരുണ്യത്തിന്റെ കെടാവിളക്കായ ഫാ. മാത്യു കുന്നത്ത് നവതിയുടെ നിറവിൽ; നവതി ആഘോഷം ശനിയാഴ്ച്ച  സോമർസെറ്റ് പള്ളിയിൽ 
 

 

ഫോട്ടോ: ബോബി ജെ കുന്നത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here