ഡോ. സെബാസ്റ്റ്യന്‍ ജോസഫ്
(ചരിത്രവിഭാഗം ഫാക്കൽറ്റി ,ആലുവ യൂ സി കോളേജ്)


ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ മഹാമാരി ഒരു സാനിറൈറസര്‍ സംസ്‌കാരത്തെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. 2020ല്‍ മഹാമാരിയുടെ തുടക്കകാലത്ത് കണ്ട ഒരു പരസ്യം എന്നെ അദ്ഭുതപ്പെടുത്തുകയുണ്ടായി. ബാക്ടോ- ഢ എന്നു പറയുന്ന ഒരു സാനിറൈറസര്‍ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ പേജു നിറയെ പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അത് സൂചിപ്പിച്ചിരുന്നത് നിങ്ങളുടെ സാങ്കേതിക ഉപകരണങ്ങളായ ഫോണ്‍, ലാപ്‌ടോപ് എന്നിവയുടെ അണു നശീകരണത്തിന് മനുഷ്യ ശരീരത്തിലുപയോഗിക്കുന്ന സാനിറൈറ്റസര്‍ പോരായെന്നും, അവയ്ക്ക് കേടുപാടു വരാതിരിക്കാന്‍ ഈ ഉല്പന്നം ഉപയോഗിക്കണമെന്നുമായിരുന്നു. 

 
ഒറ്റ വായനയില്‍ ഇതില്‍ പ്രശ്‌നമൊന്നുമില്ല. പക്ഷേ, കുറച്ചു കൂടി ഗഹനമായി ചിന്തിച്ചാല്‍ മനുഷ്യ ശരീരത്തേക്കാളും സൂക്ഷിക്കേണ്ട യന്ത്ര ശരീരത്തിനേയാണ് ഈ പരസ്യം സൂചിപ്പിക്കുന്നത്. മൊബൈല്‍ ഫോണും, ലാപ്‌ടോപും മാനവ സംസ്‌കാരത്തിന്റെ തന്നെ അഭിവാജ്യഘടകമായതിനാല്‍ ഇങ്ങനെയൊരു പരസ്യം വന്നുകൂടായ്കയില്ല. അത്രകണ്ട് ഒഴിച്ചുകൂടാത്ത സാങ്കേതിക ഉപകരണങ്ങള്‍ സാമൂഹിക ജീവിതത്തെ അടക്കിവാഴുകയാണ്. 
 
നോര്‍ബര്‍ട്ട് വീനര്‍ എന്ന സൈബര്‍നെറ്റിക്‌സ് ശാസ്ത്രജ്ഞന്‍ പറയുന്നതുപോലെ വിവര സാങ്കേതിക സംവിധാനങ്ങള്‍, അതിന്റെ അധികാര പ്രകൃതത്തിന്റെ ഉഗ്രരൂപം കൈയാളിയിരിക്കുന്ന കാലം വന്നു ചേര്‍ന്നിരിക്കുന്നു. ബ്രഡ് ടോസ്റ്ററുകള്‍ക്ക് വിപ്‌ളവകരമായ സാമൂഹ്യ മാറ്റം സാധ്യമല്ല, പക്ഷേ വിവര സാങ്കേതിക സംവിധാനങ്ങള്‍ക്ക് അത് നിഷ്പ്രയാസം സാധ്യമാകുന്നു. സാങ്കേതിക വിദ്യകള്‍ അധികാരി തന്നെ ആയ അവസ്ഥ.

ഇത് ഒരു ദുരവസ്ഥയായി കരുതേണ്ട കാര്യമില്ല, പക്ഷേ മനുഷ്യകുലത്തിനു തന്നെ പുതിയ നിര്‍വചനം നല്‍കേണ്ട അവസ്ഥ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെ ഒരു യുവാവ് തന്റെ മൊബൈല്‍ ഫോണിനെ വിവാഹം ചെയ്തു തരണമെന്ന ആവശ്യം ഫെഡറല്‍ കോടതിക്കു മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഒരു പക്ഷേ, തന്റെ നിത്യജീവിത സഹചാരിയായ മൊബൈല്‍ ഫോണിനോട് കഠിനമായ പ്രണയം ആ യുവാവിനു തോന്നിയിരിക്കണം. ഏതവസ്ഥയിലും തനിക്ക് ആനന്ദവും സുരക്ഷയും സ്വന്തന സാമീപ്യവും നല്‍കുന്ന ഒരു സുഹൃത്തായി അയാളുടെ മൊബൈല്‍ ഫോണ്‍ മാറിയിരിക്കണം. 
 
നിത്യേന നാം കാണുന്ന സാമൂഹ്യ ദൃശ്യങ്ങളും മറിച്ചല്ല കാട്ടിത്തരുന്നത്. സദാ സമയവും കൈയിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ് ഏറിയ പങ്കും. ഒരു തീയേറ്ററിലെ ബാല്‍ക്കണിയില്‍ നിന്ന് ഒരിക്കല്‍ താഴേക്കു നോക്കിയപ്പോള്‍ ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നുന്നതു ഫോലെ ഫോണുകള്‍ മിന്നി ക്കൊണ്ടിരിക്കുന്ന കാഴ്ച വിസ്മയകരമായിരുന്നു.

ഏതൊരവസ്ഥയിലും സാങ്കേതിക ഉപകരണങ്ങള്‍ നിങ്ങളെ എത്രമാത്രം കീഴ്‌പ്പെടുത്തുവെന്നതിന് ഉദാഹരണമായിരുന്നു  ഞാന്‍ കണ്ട തീയേറ്ററിലെ മൊബൈല്‍ ആകാശ കാഴ്ച. ദിനം പ്രതി എത്രമാത്രം ഡേറ്റകളാണ് നിങ്ങളുടെ മൊബൈലിലൂടെ കടന്നുപോകുന്നത് എന്ന് തിട്ടപ്പെടുത്താന്‍ സാധിക്കില്ല.ഈ കാലഘട്ടത്തിലെ പുതിയ മതമായി മാറിയിരിക്കുന്നു, ഹരാരി വിളിക്കുന്ന ഡേററായിസം. മാനവ ചരിത്രത്തിലെ മൂന്നാം തിരയെന്ന് ആല്‍വിന്‍ ടോഫ്‌ളര്‍ വിളിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ വിപ്‌ളവക്കാഴ്ചകളാണിവയെല്ലാം. മനുഷ്യന്റെ എല്ലാ ഇഷ്ടങ്ങളെയും മനസ്സിലാക്കി മനുഷ്യനെ സദാ സമയംഭരിച്ചു കൊണ്ടിരിക്കുന്ന വിവര സാങ്കേതിക ഉപകരണങ്ങള്‍.

വിപത്ത് വിദൂരത്തിലല്ലയെന്ന് ഇരുപത്തിയൊന്നം നൂറ്റാണ്ടിന്റെ ചരിത്രകാരന്‍ യുവാല്‍ നോവാ ഹരാരി നിരീക്ഷിക്കുന്നുണ്ട്. എന്തിനും ഏതിനും വിവര സാങ്കേതിക രൂപങ്ങളെ ആശ്രയിക്കുന്ന മനുഷ്യര്‍, ഒരു കാലത്ത് ഒരു പ്രയോജനവും ഇല്ലാത്തവരായി മാറും. ഉപയോഗശൂന്യമായ മനുഷ്യര്‍ എന്നാണ് ഹരാരി അവരെ വിളിക്കുന്നത്. 
 
ബയോടെക് സാങ്കേതികയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൂടിച്ചേര്‍ന്നാല്‍ മനുഷ്യരെപ്പോലും ഹാക്ക് ചെയ്യുന്ന അവസ്ഥയിലേക്കാണ് ലോക സമൂഹം നീങ്ങുതെന്ന പ്രവചനം നടത്തുകയാണ് ഈ ചരിത്രകാരന്‍ . തുടക്കത്തില്‍ സൂചിപ്പിച്ച സാനിറൈറ സര്‍പര്യസവും മറിച്ചല്ല നമ്മോടു പറയുന്നത്. മനുഷ്യ ശരീരങ്ങള്‍ യന്ത്രവല്‍ക്കരിക്കപ്പെടുമ്പോള്‍, യന്ത്രങ്ങള്‍ സ്വാഭാവികമായും മനുഷ്യരാകുമെന്ന സൂചനയാണ് പ്രസ്തുത പരസ്യം പ്രവചിക്കുന്നത്.

കടപ്പാട്:കെ.സി.ബി.സി ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here