സന്തോഷ് വേങ്ങേരി
കാസർക്കോഡ് : കോവിഡ് മഹാമാരികാലത്ത് പ്രതീക്ഷാനിർഭരമായ വാർത്തകളുമായി ബേക്കൽ ടൂറിസം. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ ബിആർഡിസി റിസോർട് സൈറ്റിലെ വർഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്ര ഹോട്ടലിന്റെ നിമ്മാണം പുനരാരംഭിക്കാൻ തീരുമാനമായി.
നിർമ്മാണ പ്രവർത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി റിസോർട് നിമ്മാതാക്കളായ ഗ്ലോബ് ലിങ്ക് ഹോട്ടൽസ് ബിആർഡിസിക്ക് നൽകാനുണ്ടായിരുന്ന മുഴുവൻ ലീസ് കുടിശ്ശികയും അടച്ചു തീർത്തു. 150 ഓളം റൂമുകളുള്ള ഈ നക്ഷത്ര ഹോട്ടൽ സമുച്ചയത്തിൽ കൺവെൻഷൻ സെൻററും സ്പായും ഉൾപ്പെടും.
ബേക്കൽ ബീച്ചിന് അഭിമുഖമായി കമ്പനിക്ക് നൽകിയ 3 ഏക്കറിൽ റിസോർട്ടിലെത്തുന്നവർക്ക് പുഴയിലൂടെ ബോട്ടിൽ വന്ന് കടലോര സൗന്ദര്യമൊരുക്കാനുള്ള സൗകര്യവുമുണ്ട്.
കഴിഞ്ഞ സർക്കാർ ബിആർഡിസിക്ക് എം.ഡിയുടെ ചുമതല ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബുവിനെ ഏൽപിച്ചതോടെ ബിആർഡിസിൽ നിന്നും ലീസിനെടുത്ത് നിർമ്മാണം നിലച്ച മലാംകുന്നിലെ ഗ്ലോബ് ലിംക്, ചേറ്റുകുണ്ടിലെ എയർ ട്രാവൽസ് എൻ്റർപ്രൈസസ്, ചെമ്പിരിക്കയിലെ ഹൊളിഡേ ഗ്രൂപ്പ് എന്നീ കമ്പനികൾ ഏറ്റെടുത്ത റിസോർട്ടുകളുടെ പണി പുനരുജ്ജീവിപ്പിക്കാൻ നടത്തിയശ്രമമാണ് വിജയം കണ്ടത്.
1992 ൽ കേന്ദ്ര സർക്കാർ ബേക്കലിനെ ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാൻ പ്രത്യേക ടൂറിസം മേഖലയായി പ്രക്യാപിച്ചതോടെയാണ് ബേക്കൽ ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കപ്പെട്ടത്.
മലാംകുന്നിലെ റിസോർട്ട് പദ്ധതി പുനരാംരഭിക്കുന്നതോടെ മറ്റ് റിസോർട്ട് ഏറ്റെടുത്ത കമ്പനികളും പണി .പുനരാരംഭിച്ച് റിസോർട്ട് പ്രവർത്തന സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.ഡി സജിത് ബാബു അറിയിച്ചു.
പാതി വഴിയിലായ റിസോർട്ടുകൾ പ്രവർത്തിച്ച് തുടങ്ങിയാൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന താജ്, ലളിത് തുടങ്ങിയ റിസോർട്ടുകളിൽ നിന്നും ലഭിക്കുന്ന പോലെ ബി.ആർ.ഡി സിക്ക് മുടങ്ങാതെ ലീസ് ലഭിച്ച് തുടങ്ങും. പഞ്ചായത്തുകൾക്ക് നികുതിയിനത്തിലും, കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ജി എസ് ടിയുമടക്കം കോടികളാണ് റിസോർട്ടുകളിൽ നിന്നും വിവിധ നികുതിയായിനത്തിൽ വരുമാനമായി ലഭിക്കുക.
മുഴുവൻ റിസോർട്ടുകളും പ്രവർത്തിച്ച് തുടങ്ങിയാൽ 600 നക്ഷത്ര റിസോർട്ട് മുറികളാണ് ജില്ലയിൽ സജ്ജമാവുക.ഇത് ഡെസ്റ്റിനേഷർ വെഡ്ഡിംഗുകളുടെയും ടൂറിസത്തിൻ്റെയും കേന്ദ്രമായി ബേക്കൽ മാറ്റും.
