സ്വന്തം ലേഖകൻ 

 

ന്യൂജേഴ്‌സി: സമാനതകളില്ലാത്ത സ്നേഹത്തിന്റെയും വ്യക്തിത്വത്തിന്റെയും ഉടമയായിരുന്നു കാലം ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്‌ത്യ കാതോലിക്കായും  മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെന്ന് മലങ്കര സഭയുടെ മുൻ മാനേജിങ്ങ് കമ്മിറ്റി അംഗവും കേരള ടൈംസ് മാനേജിങ് ഡയറക്ടറുമായ പോൾ കറുകപ്പള്ളിൽ. സഭ മാനേജിങ്ങ് കമ്മിറ്റിയിൽ 10 വർഷക്കാലം അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കാണുന്നുവെന്നും പോൾ കൂട്ടിച്ചേർത്തു. 

ഏറെ ലാളിത്യമുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.  അദ്ദേഹവുമായി അടുത്ത് ഇടപെഴകിയ ഒരു വ്യക്തി എന്ന നിലയിൽ ആ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിയാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. ഏറെ സാധരണ കുടുംബത്തിൽ പിറന്ന് വൈദികനായ അദ്ദേഹം നന്നേ ചെറുപ്പത്തിൽ, 37 മത്തെ വയസിൽ മെത്രാപ്പോലീത്തയായി. ചെറുപ്പം മുതൽ ജീവിതത്തിൽ കാത്തു സൂക്ഷിച്ച  എളിമയും സൗഹൃദവും  മെത്രാപ്പോലീത്തയായിരുന്നപ്പോഴും കത്തോലിക്ക ബാവ ആയി തുടരുമ്പോഴും അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. മുന്നിൽ വരുന്ന ആരുമായും ദീർഘനേരം സംസാരിക്കാൻ ആഗ്രഹിച്ചിരുന്ന കത്തോലിക്ക ബാവ രോഗികളോടും ആകുലരോടും ഏറെ അനുകമ്പ കാട്ടിയിരുന്ന നല്ല മനസിന് ഉടമയായിരുന്നു. – പോൾ കറുകപ്പള്ളിൽ അനുസ്മരിച്ചു. 

കത്തോലിക്ക ബാവയുടെ ദേഹവിയോഗം  മലങ്കര സഭയ്ക്ക് മാത്രമല്ല തന്റെ വ്യക്തിപരാമായ ഒരു നഷ്ട്ടം കൂടിയാണ്. നിയുക്ത കത്തോലിക്ക ബാവയായിരുന്നപ്പോൾ മുതൽ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുമായി അടുത്ത വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹം അമേരിക്കയിൽ വന്നപ്പോഴെല്ലാം അദ്ദേഹത്തെ അനുഗമിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിട്ടുണ്ട്.  അദ്ദേഹത്തിന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഭവനമാണ് തന്റേതെന്നും പോൾ കറുകപ്പള്ളിൽ അനുസ്‌മരിച്ചു. 

 

നാട്ടിൽ പോകുമ്പോഴെല്ലാം  താനും കുടുംബവും കോട്ടയത്തെ ദേവലോകത്തുള്ള കത്തോലിക്കാ ബാവായുടെ അരമനയിൽ അദ്ദേഹത്തെ സന്ദേർശിച്ച് അനുഗ്രഹം തേടാറുണ്ടായിരുന്നു. കോവിഡ് മഹാമാരി ആരംഭിക്കുന്നതിന് തൊട്ടു മുൻപ്  2020 മാർച്ചിൽ ദേവലോകത്ത് വച്ചാണ്  അദ്ദേഹത്തെ ഏറ്റവും അവസാനം കാണുന്നത്. അന്നും ഏറെ ഊർജ്ജലസ്വനായി കണ്ടിരുന്ന അദ്ദേഹം തന്നോടും കൂടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളോടും ഏറെ നേരം സംസാരിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായിരുന്നു  പരുമല കാൻസർ സെന്റർ. നൂറു കൂടി രൂപയുടെ ചിലവിൽ നിർമ്മിച്ച കാൻസർ സെന്റർ ആരംഭിച്ചത് പാവപ്പെട്ട കാൻസർ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുവാൻ വേണ്ടിയാണ്. പരുമല കാൻസർ സെന്ററിന്റെ ധനശേഖരണത്തിനായി അമേരിക്കയിലെത്തിയ കത്തോലിക്ക ബാവയോടൊപ്പം അമേരിക്കയിലുടനീളം സഞ്ചരിക്കുകയും അദ്ദേഹത്തിന് എല്ലാ സഹായവും ചെയ്തു നൽകാൻ കഴിഞ്ഞുവെന്നും പോൾ കറുകപ്പള്ളിൽ പറഞ്ഞു. കാൻസർ സെന്ററിന്റെ ആരംഭകാലം മുതൽ അദ്ദേഹം ചെയർമാൻ ആയിരുന്ന ഡയറക്ടർ ബോർഡിൽ താനും അംഗമാണെന്ന് പറഞ്ഞ പോൾ കറുകപ്പള്ളിൽ ഈ പദ്ധതിയിൽ ബാവ തിരുമനസിനുള്ള പ്രത്യേക താൽപ്പര്യം നേരിട്ട് കണ്ടു മനസിലാക്കാൻ കഴിഞ്ഞതായും കൂട്ടിച്ചേർത്തു.

വൈദികനായിരുന്നപ്പോൾ പോളച്ചൻ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. തന്റെ പേരിനോട് സാമ്യമുള്ളതിനാലാകാം കാണുമ്പോഴെല്ലാം പേരെടുത്തു വിളിക്കാൻ അദ്ദേഹത്തിന് ഏറെ താല്പര്യമായിരുന്നു.- പോൾ കറുകപ്പള്ളിൽ പറഞ്ഞു. 5 വർഷക്കാലം സഭ മാനേജിങ്ങ് കമ്മിറ്റി അംഗമായിരുന്നപ്പോൾ അദ്ദേഹവുമൊത്ത് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം തന്നെയായിരുന്നു. മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വേർപാടിൽ ദുഃഖം പങ്കു വയ്ക്കുന്നതിനോടൊപ്പം ബാവാ തിരുമേനിയുടെ ഓർമ്മകൾ സഭയിലും ലോക കത്തോലിക്ക സഭയുടെ ചരിത്രത്തിൽ  എന്നും നിലനിൽക്കട്ടെയെന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നതായും പോൾ കറുകപ്പള്ളിൽ അറിയിച്ചു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here