സ്വന്തം ലേഖകൻ 


ന്യൂജേഴ്‌സി: 
ഡോ. സുജ ജോസ് വ്യാജ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പദവി നേടിയത് ന്യൂജേഴ്‌സിയിൽ രൂപീകരിച്ച വ്യാജ സംഘടനയിലൂടെയാണെന്ന് ഫൊക്കാന ന്യൂജേഴ്‌സി ആർ. വി. പി. ഷാജി വർഗീസും ന്യൂജേഴ്‌സി റീജിയനു കീഴിലുള്ള ഫൊക്കാനയിലെ മറ്റു അംഗ സഘടനകളിലെ നേതാക്കളും ചൂണ്ടിക്കാട്ടി. ന്യൂജേഴ്‌സി കേന്ദ്രമാക്കി കൈരളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി എ നോൺ-പ്രോഫിറ്റ്  ഓർഗനൈസഷൻ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചിട്ട് ഒരു വർഷം പോലും തികയും മുൻപാണ് ഫൊക്കാനയുടെ പേരിൽ വിമത പ്രവർത്തനം നടത്തുന്ന വ്യാജ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനം ഡോ. സുജ ജോസ് ഏറ്റെടുത്തത്. സംഘടന തുടങ്ങിയതാകട്ടെ സുജയുടെ ഭർത്താവ് ജോസ് ജോയി, മകൾ ഷെറിൻ ജോയി എന്നിവരുടെ പേരിൽ മാത്രമാണ്. പബ്ലിക്ക് രേഖകൾ പ്രകാരം സുജയും ഭർത്താവും മകളുമാണ്  കൈരളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി എന്ന അസോസിയേഷന്റെ ഡയറക്ടർമാർ.

  ഇത്തരമൊരു സംഘടനയെക്കുറിച്ച് ഫൊക്കാന ന്യൂജേഴ്‌സി റീജിയനു കീഴിലുള്ള  മറ്റു അംഗസംഘടനകളുടെ ഭാരവാഹികൾക്കോ ന്യൂജേഴ്സിയിലുള്ള ഇതര മലയാളി സംഘടനകൾക്കോ കേട്ടുകേഴ്‌വി പോലുമില്ലെന്നതാണ് മറ്റൊരു വിരോധാഭാസമെന്ന് ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ വൈസ് പ്രസിഡണ്ട് ഷാജി വർഗീസ് വ്യ്കതമാക്കി. തങ്ങളാണ് യഥാർത്ഥ ഫൊക്കാന എന്ന് അവകാശപ്പെട്ടുകൊണ്ട്  രംഗത്തു വന്ന് ഫൊക്കാന എന്ന പേരിൽ തന്നെ വ്യാജ സംഘടനയുണ്ടാക്കി വിഭാഗീയ പ്രവർത്തനം നടത്തിവരുന്ന ഇവർ യഥാർത്ഥ ഫൊക്കാനയുടെ ലോഗോയും ദുരുപയോഗപ്പെടുത്തുകയാണ്. – ഷാജി ആരോപിച്ചു.

കഴിഞ്ഞ ജൂലൈ 31 നു ന്യൂയോർക്കിലെ ലെഗ്‌വാഡിയയിൽ ഒരു ഹോട്ടൽ റൂമിൽ വച്ച് ഏതാനും ആളുകളെ വിളിച്ചു ചേർത്ത് ഏകദിന കൺവെൻഷൻ എന്ന പേരിൽ ഒരു പൊറാട്ടുനാടകം നടത്തിയിരുന്നു. അവിടെ വച്ച് ജനറൽ കൗൺസിൽ യോഗം നടത്തിയിരുന്നുവെന്നും അവർ  അവകാശപ്പെടുന്നു. ക്വാറം തികയാതെ നടത്തിയ ജനറൽ കൗൺസിലിൽ വച്ച് വിരലിൽ എണ്ണാൻ പോലുമില്ലാത്ത തട്ടിക്കൂട്ട് സംഘടനകളെ ഉൾപ്പെടുത്തി തെരെഞ്ഞെടുപ്പ് എന്ന മറ്റൊരു പ്രഹസനവും നടത്തി. – ഷാജി കൂട്ടിച്ചേർത്തു.

ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കും വിധമാണ് തെരെഞ്ഞെടുപ്പ് നടത്തിയതെന്ന് അവകാശപ്പെടുന്ന ഇവർ ഭരണഘടനയുടെ അന്തഃസത്ത ഇല്ലാതാക്കും വിധം തികച്ചും നിയമവിരുദ്ധമായ നടപടികളാണ്  സ്വീകരിച്ചതെന്ന് കെ.സി.എഫ്. പ്രസിഡണ്ട് കോശി കുരുവിള ആരോപിച്ചു. പ്രായപൂർത്തിയെത്താത്ത (premature) ചാപിള്ള സംഘടനകളിലെ അധികാരമോഹികളായ നേതാക്കന്മാർ പ്രസിഡണ്ട് മുതൽ മറ്റ് എക്സിക്യൂട്ടീവ് പദവികളിലേക്കുള്ള സ്ഥാനങ്ങളും പങ്കിട്ടെടുത്തു. നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ് എന്നിവയിലേക്കൊന്നും വീതം വയ്പ്പ് നടത്താൻ ആളില്ലാത്തതിനാൽ അവ ഒഴിച്ചിട്ടിരിക്കുകയാണ്. ആർ.വി.പി.മാരെ തെരഞ്ഞെടുക്കാൻ ഒരു റീജിയനിലും ആവശ്യത്തിന് സംഘടനകളില്ല. യഥാർത്ഥ ഫൊക്കാനയുടെ ഒരു റീജിയനിൽ ഉള്ളത്ര സംഘടനകൾ പോലും വ്യാജ ഫൊക്കാനയുടെ മുഴുവൻ  അംഗസംഘടനകൾ കൂട്ടിയാലാകില്ല.- കോശി വ്യക്തമാക്കി.

വ്യാജ സംഘടനയിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആകാൻ സുജ ജോസ് തല്ലിക്കൂട്ടിയ കൈരളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി ഉൾപ്പെടെ ഫ്ലോറിഡയിൽ ജേക്കബ് പടവത്തിൽ അദ്ദേഹത്തിന്റെ ഭാര്യ, മക്കൾ,മരുമക്കൾ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച മറ്റു മൂന്നു സംഘടനകൾക്കും യഥാർത്ഥത്തിൽ ഫൊക്കാനയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കുന്ന ചട്ടങ്ങൾ പ്രകാരം അർഹതയില്ലെന്ന്‌ മഞ്ച്  മുൻ പ്രസിഡണ്ടും ഫൊക്കാന ജനറൽ സെക്രട്ടറിയുമായ സജിമോൻ ആന്റണി ചൂണ്ടിക്കാട്ടി.

പ്രാദേശിക സംഘടനകൾ അതാത് സ്റ്റേറ്റുകളിൽ രെജിസ്റ്റർ ചെയ്തു കഴിഞ്ഞ് രണ്ടു വർഷം തികഞ്ഞാൽ മാത്രമേ ആ സംഘടനകൾക്ക്  ഫൊക്കാനയിൽ ഔദ്യോഗികമായി അഗത്വം ലഭിക്കുകയുള്ളുവെന്നാണ് ഭരണഘടന അനുശാസിക്കുന്ന നിയമമെന്ന് . ന്യൂജേഴ്‌സിയിൽ സുജ രൂപീകരിച്ച സംഘടനയും  ഫ്ലോറിഡയിൽ ജേക്കബ് പടവത്തിൽ രൂപീകരിച്ച മറ്റു മൂന്നു സംഘടനകളും രെജിസ്റ്റർ ചെയ്തിരിക്കുന്നത് കഴിഞ്ഞ വർഷമാണ്. സുജയുടെ കൈരളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി തല്ലിക്കൂട്ടിയിട്ട് ഒരു വർഷം പോലുമായിട്ടില്ല. – സജിമോൻ പറഞ്ഞു.

ഫൊക്കാനയുടെ മഹത്തായ പാരമ്പര്യം കളഞ്ഞു കുളിക്കാൻ ആരെയും അനുവദിക്കുകയില്ലെന്ന് ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും നാമം സ്ഥാപകനുമായ മാധവൻ ബി. നായർ പറഞ്ഞു. ഒരു സംഘടനയാകുമ്പോൾ തർക്കങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. തറവാട്ടിൽ നിന്നും പിണങ്ങി മാറി നിൽക്കുന്ന കുടംബാംഗങ്ങൾ ഉണ്ടായേക്കാം. എന്നാൽ അവർ ആരും തറവാട് വിട്ട് എന്നെന്നേക്കുമായി  പോകാറില്ല. എവിടെ പോയാലും അവർ തറവാട്ടിലേക്ക് തന്നെ മടങ്ങിയെത്തും. ഫൊക്കാനയുടെ പരമ്പര്യവും അതു തന്നെയാണ്. ലോകത്തിലെ തന്നെ ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഖ്യാതി ലോകം എങ്ങും പടർന്നു കിടക്കുകയാണ്.- മാധവൻ നായർ കൂട്ടിച്ചേർത്തു.

ഫൊക്കാനയിൽ നിന്ന് വിട്ടുപോകുന്നവർ എത്ര വലിയ സംഘടന രൂപീകരിച്ചാലും ഫൊക്കാനയുടെ യശസ്സിന് യാതൊരു കോട്ടവും തട്ടുകയില്ല. തെറ്റുണ്ടെങ്കിൽ തിരുത്താൻ അവസരം നൽകാൻ കഴിയും. അല്ലാതെ തങ്ങളാണ് ശരിയെന്നു പറഞ്ഞു വ്യാജ സംഘടനയുണ്ടാക്കി ഫൊക്കാനയുടെ പേരു കളയാൻ ശ്രമിക്കുന്ന വ്യാജന്മാർക്ക് അമേരിക്കൻ മലയാളികൾ തന്നെ തിരിച്ചടി നൽകും. സ്വന്തമായി ഒരു ദേശീയ സംഘടനാ രൂപീകരിക്കാൻ ഫൊക്കാനയുടെ ലേബൽ ഉപയോഗിക്കുന്നത് ഭൂഷണമല്ല. ഫൊക്കാനയുമായിട്ടുള്ള ബന്ധങ്ങൾ ഒഴിവാക്കി അവർ മറ്റേതെങ്കിലും പേരിൽ  വേറെ സംഘടനയുണ്ടാക്കി പ്രവർത്തിക്കുകയാണ് വേണ്ടത്. അല്ലാതെ പിൻവാതിലിലൂടെ കടന്നു വന്ന് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നത് ഇനിയെങ്കിലും നിർത്തിവയ്ക്കണമെന്നും മാധവൻ ബി. നായർ അഭ്യർത്ഥിച്ചു.

ഒരു വർഷം തികഞ്ഞ പ്രാദേശിക സംഘടനകൾക്ക് അവർ നടത്തിയിട്ടുള്ള കമ്മ്യൂണിറ്റി ആക്ടിവിറ്റി ഉൾപ്പെടെയുള്ള സംഘടന പ്രവർത്തനങ്ങളുടെ പിൻബലത്തിൽ വോട്ടവകാശമില്ലാത്ത നോഷണൽ മെമ്പർഷിപ്പ് (താൽക്കാലിക അഗത്വം) നേടാൻ കഴിയുമെന്ന് ന്യൂജേഴ്‌സിയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും മുതിർന്ന നേതാവും ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാനും ന്യൂജേഴ്‌സിയിലെ പ്രമുഖ സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറം (കെ.സി.എഫ്.) രക്ഷാധികാരിയുമായ ടി.എസ്. ചാക്കോ വ്യക്തമാക്കി.  ന്യൂജേഴ്‌സിയിൽ സുജ ആരംഭിച്ച സംഘടന വിനോദ പരിപാടികൾ (recreational activity) നടത്താൻ വേണ്ടിയാണെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.- അദ്ദേഹം കൂട്ടിച്ചേർത്തു.

 എന്നാൽ നാളിതു വരെ ഇത്തരമൊരു സംഘടനയുടെ പേരോ അവർ ഏതെങ്കിലും പരിപാടികൾ നടത്തിയതായിട്ടോ ന്യൂജേഴ്‌സി മലയാളികൾക്ക് ആർക്കും തന്നെ അറിവുള്ള കാര്യമല്ല. രേഖകളിൽ സൂചിപ്പിക്കുന്നവരുടെ പേരുകൾ സ്വന്തം വീട്ടുകാർ മാത്രമായതിനാൽ അവരുടെ വീട്ടിലോ ബാക്ക് യാർഡിലോ മറ്റോ കുടുംബക്കാർ ചേർന്ന് ചില പരിപാടികൾ നടത്തിയിട്ടുണ്ടാകാം. എങ്കിൽ അത് അവരുടെ കുടുംബകാര്യം എന്ന് മാത്രമേ പറയാൻ കഴിയുവെന്നും ടി.എസ്. ചാക്കോ വ്യക്തമാക്കി.  

ന്യൂജേഴ്സിയിലെ പ്രമുഖ അസോസിഷനുകളിലൊന്നായ മലയാളി അസോസിഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) സ്ഥാപക നേതാക്കളിലൊരാളും മുൻ പ്രസിഡണ്ടുമായിരുന്ന സുജ ജോസ്, ഫൊക്കാനയ്ക്ക്  എതിരായി പ്രവർത്തിക്കുന്ന വ്യാജ ഫൊക്കാനയുമായി സഹകരിച്ചു വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയത് വഴി പല തവണ അച്ചടക്ക നടപടികളെ നേരിടേണ്ടി വന്നിട്ടുള്ളയാളാണെന്ന് മഞ്ച് മുൻ പ്രസിഡണ്ടും ഫൊക്കാന ജനറൽ സെക്രട്ടറിയുമായ സജിമോൻ ആന്റണി ചൂണ്ടിക്കാട്ടി. ഒരു വനിത സംഘടന നേതാവെന്ന നിലയിൽ ഒരുപാട് വിട്ടുവീഴ്ചകൾ നൽകിയെങ്കിലും സംഘടനയെ വഞ്ചിച്ചുകൊണ്ട് തുടർച്ചയായി വിഭാഗീയ പ്രവർത്തങ്ങളിൽ ഏർപ്പെടുകയായിരുന്നു. എന്നിട്ടും വ്യാജ  സംഘടനയുമായി പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും വാദിച്ചുകൊണ്ടിരുന്ന അവർക്ക് അനുമതി നിഷേധിക്കുക മാത്രമല്ല, അങ്ങനെ ചെയ്യണമെങ്കിൽ മഞ്ചിന്റെ അഗത്വം രാജി വച്ചുകൊണ്ടായിരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. – സജിമോൻ കൂട്ടിച്ചേർത്തു.

മഞ്ചിൽ സജീവ അംഗത്വമായിരിക്കെ വീണ്ടും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ സംഘടനയിൽ നിന്ന് പുറത്താക്കാൻ ട്രസ്റ്റി ബോർഡ് യോഗം തീരുമാനിച്ചിരുന്നതാണ്. എന്നാൽ സുജ യഥാർത്ഥ ഫൊക്കാനയ്ക്ക് ഒപ്പമാണെന്നും മാനസികമായി തയാറെടുപ്പു നടത്താൻ സുജയ്ക്ക്  ഒരാഴ്ച്ചത്തെ സമയം അനുവദിക്കണമെന്നും സുജയുടെ ഭർത്താവും മഞ്ച് ട്രസ്റ്റി ബോർഡ് മെമ്പറുമായ ജോസ് ജോയി അന്ന് ട്രസ്റ്റി ബോർഡിൽ കേണപേക്ഷിച്ചതിനെ തുടർന്ന്  അച്ചടക്ക നടപടി ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ജോസ് ജോയിയുടെ അഭ്യർത്ഥന പ്രകാരം സുജയുമായി നേരിട്ട് സംസാരിക്കാൻ ന്യൂജേഴ്‌സി ആർ.വി.പി ഷാജി വർഗീസിനെ ചുമതലപെടുത്തുകയും ചെയ്തിരുന്നു. ആദ്യം ഷാജിയോട് സംസാരിക്കാൻ വിസമ്മതിച്ച സുജ പിന്നീട് ഫൊക്കാനയെയും അതിലെ ഭാരവാഹികളെയും മഞ്ച് ഭാരവാഹികളെയും അധിക്ഷേപിക്കും വിധം ഒരു കത്തെഴുതി അതിലൂടെ തന്റെ രാജി പ്രഖ്യാപനവും നടത്തുകയായിരുന്നു.- സജിമോൻ ചൂണ്ടിക്കാട്ടി.

മഞ്ചിൽ നിന്ന് വിഭാഗീയ പ്രവർത്തനം നടത്താൻ അനുമതി ലഭിക്കില്ലെന്ന് മനസിലാക്കിയ സുജ ന്യൂയോർക്കിലുള്ള ഫൊക്കാനയുടെ പല അംഗസംഘടനകളുടെയും വാതിൽ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് ഇരു ചെവിയറിയാതെ ഭർത്താവ്, മകൾ എന്നിവരെ ചേർത്ത് വ്യാജ സംഘടനയുണ്ടാക്കിയതെന്നും മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ പറഞ്ഞു. 

 മഞ്ച്കെ, സി.എഫ്, നാമം ( NAMAM),  തുടങ്ങിയ ഫൊക്കാനയുടെ എല്ലാ അംഗസംഘടനകളിലും അംഗത്വം ലഭിക്കാതിനാലാകാം  ഡയറക്ടർ ബോർഡിൽ സ്വന്തം കുടുംബാംഗങ്ങളുടെ  പേരുകൾ മാത്രം വെച്ചുകൊണ്ട്  ഇങ്ങനെ ഒരു അസോസിയേഷൻ രൂപീകരിച്ചത്.  2020  ഓഗസ്റ്റ് 15 നു ആണ്  രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നു അവകാശപ്പെടുന്നത്. അങ്ങനെ ഒരു അസോസിയേഷൻ കഴിഞ്ഞ 11  മാസമായി ന്യൂജേഴ്‌സിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇതുവരെ ഒരു മീറ്റിംഗ് നടന്നതായിട്ടോ, എന്തെങ്കിലും താരത്തിലുള്ളപരിപാടികൾ നടന്നതായിട്ടോ ന്യൂജേഴ്‌സിയിൽ താമസിക്കുന്ന ഒരു മലയാളിക്കോ  മാധ്യമ പ്രവത്തകർക്കുപോലും  അറിവുള്ളതല്ല. – മനോജ് കൂട്ടിച്ചേർത്തു.

 ഇത്തരം കപട  സാമൂഹിക സംഘടന പ്രവർത്തകരെ അമേരിക്കൻ -കനേഡിയൻ മലയാളികൾ തിരിച്ചറിയണമെന്നും  ജനങ്ങൾക്കു വേണ്ടി അവർ എന്താണ് ചെയ്തതെന്ന് പ്രബുദ്ധരായ  മലയാളികൾ തിരിച്ചറിയണമെന്നും   അവരുടെ ഉദ്ദേശശുദ്ധി  ചോദിച്ചറിഞ്ഞു ഇത്തരക്കാരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കാൻ മാധ്യമ പ്രവർത്തകർ  ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നാമം പ്രസിഡണ്ട് സജിത്ത് ഗോപിനാഥ് അഭ്യർത്ഥിച്ചു.. 

ജാതി മത കക്ഷി രാഷട്രീയ ഭേദമന്യേ എല്ലാ മലയാളികളെയും ഇരു കയ്യും നീട്ടി സ്വാഗതം ചെയ്തുകൊണ്ട്  എല്ലാവരെയും കോർത്തിണക്കി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘടനയാണ് ഫൊക്കാന. 1983 ൽ തുടങ്ങിയ ഫൊക്കാന അന്ന് മുതൽ ഇന്നു വരെ അനേകായിരം ജനങ്ങൾക് ഉപകാരപ്രദമായ ഒട്ടേറെ പരിപാടികൾ ഇതിനോടകം ചെയ്തിട്ടുള്ളതാണ് .  ജനങ്ങളെ സേവിക്കണമെന്ന അതിയായ ആഗ്രഹമുള്ള ഏവർക്കും  ഫോക്കാനയോടൊപ്പം ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ജനഹൃദയങ്ങളിലേക്കുള്ള പ്രയാണം നടത്തുവാൻ കഴിയുമെന്ന് പറഞ്ഞ സജിമോൻ  അധികാര മോഹം നിറവേറ്റാൻ വേണ്ടി  സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഇത്തരം കള്ളനാണയങ്ങളെ ജനം  തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here