സ്വന്തം ലേഖകൻ 
 
ഫ്ലോറിഡ: കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ പരസ്യ പ്രസ്‌താവനകൾ നടത്തുന്നതിൽ നിന്നും പിന്മാറണമെന്ന് ഐ.ഒ.സി (യു.എസ്.എ ) കേരള ചാപ്റ്റർ സീനിയർ വൈസ് പ്രസിഡണ്ട് ഡോ. മാമ്മൻ സി. ജേക്കബ്. തുടർച്ചയായ പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ താഴെത്തട്ടു മുതലുള്ള നേതാക്കൻമാർ ഒരുമയോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
 
ഇവിടെ ഗ്രൂപ്പ് രാഷ്ട്രീയമല്ല പ്രശ്‌നം. ഓരോരുത്തരുടെയും സ്ഥാനമാനങ്ങൾ ഉറപ്പിക്കുക എന്നതാണ് ലക്‌ഷ്യം. അതിനു മാറ്റം വരണം. ചെറുപ്പക്കാരായ പുതിയ നേതാക്കളും പരിചയസമ്പന്നരായ സീനിയർ നേതാക്കളും  ഒരേ മനനസോടെ ഒറ്റക്കെട്ടായി  അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പ് ലക്ഷ്യമായി പ്രവർത്തനം ആരംഭിക്കണം. – അദ്ദേഹം വ്യക്തമാക്കി.
 
 വ്യക്‌തികൾ  ഗ്രൂപ്പുകൾ എന്നിവയെക്കാൾ വലുത് പാർട്ടിയാണ്. ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനം ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെ നടന്നതാണ്. ഇനി അതിൻമേൽ ചർച്ചകളും വിഴുപ്പലക്കലുകളും ആവശ്യമില്ല.  മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ  ഇതിന്റെ പേരിൽ അനാവശ്യമായി വലിച്ചിഴയ്ക്കരുത്. ചെറുപ്പക്കാരായ നേതാക്കൾ പാർട്ടിയിൽ മുൻ നിരയിൽ വരണമെന്ന കാര്യത്തിൽ ഈ നേതാക്കളുൾപ്പെടെ ആർക്കും എതിരഭിപ്രായമില്ല.
 
അര നൂറ്റാണ്ടിലേറെ എം.എൽ.യും 7 പതിറ്റാണ്ടിലേറെ പാർട്ടി പ്രവർത്തനവും നടത്തി വരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നന്നേ ചെറുപ്പത്തിൽ തന്നെ കേന്ദ്രമന്ത്രിയും ആഭ്യന്തര മന്ത്രിയും ആയിരുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് പാർട്ടിയിലും ജന ഹൃദയങ്ങളിലും ഉള്ള സ്ഥാനം മായിച്ചുകളയാൻ കഴിയുന്ന ഒന്നല്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരംഭിച്ചു പൂർത്തീകരിച്ച പദ്ധതികൾ കേരളത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല. അദ്ദേഹം പൂർത്തിയാക്കിയ പദ്ധതികൾ തലങ്ങും വിലങ്ങും ഉദഘാടനം ചെയ്തതല്ലാതെ മുൻ എൽ. ഡി എഫ് സർക്കാർ എന്താണ് ചെയ്തത്? ഭാവന ശൂന്യരായ ഇടതു മുന്നണി സർക്കാരിന് ഇക്കുറി പുതുതായി ചെയ്യാൻ ഒന്നുമില്ലെന്ന്‌ നാം കണ്ടതാണ്. -അദ്ദേഹം പറഞ്ഞു.
 
അതെ ഉമ്മൻ ചാണ്ടിയെ കോൺഗ്രസിന്റെ അന്തകനായി ചിത്രീകരിക്കുന്ന നേതാക്കൾ ചിന്തിക്കണം പാർടിയെ  കെട്ടിപ്പടുക്കാൻ അദ്ദേഹം നടത്തിയ അശ്രാന്ത പരിശ്രമങ്ങൾ കണ്ടില്ലെന്നു നടിക്കാൻ നമുക്ക് കഴിയുമോ? ഈ വാർധക്യത്തിലും ജനങ്ങളുടെ ഇടയിൽ എല്ലാ അവശതകളും മറന്നുകൊണ്ട് 18-20 മണിക്കൂർ വരെ പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടിയുടെ പാർട്ടിയിലെ സ്ഥാനം എന്നും ഉന്നതിയിൽ  തന്നെയായിരിക്കും.- ഡോ. മാമ്മൻ സി. ജേക്കബ്  വ്യക്തമാക്കി.
 
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോളം നിര്ഭാഗ്യവാനായ മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം പുറത്തുകൊണ്ടുവന്ന അഴിമതി കഥകൾ വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കിൽ എൽ.ഡി.എഫിന്റെ  സ്ഥാനം അറബിക്കടലിൽ ആയിരുന്നേനെ. എൽ.ഡി.എഫ് സർക്കാരിന്റെ അവസാന നാളുകളിൽ മാത്രം ഏഴോളം വൻ അഴിമതികൾ ചെന്നിത്തല പുറത്തുകൊണ്ടുവന്നു. – അദ്ദേഹം വ്യക്തമാക്കി.
 
ഇടതുപക്ഷത്തിന് ഏറെ തലവേദന ഉയർത്തിയ പല വിവാദങ്ങളും തെരെഞ്ഞെടുപ്പ് കാലത്ത് ജനങ്ങളിൽ എത്തിക്കാൻ ബൂത്ത് തലത്തിൽ വരെയുള്ള നേതാക്കന്മാർ ഗ്രൂപ്പ് കളിയുടെ പാരമ്യത്തിൽ കളഞ്ഞു കുളിച്ചു. എൽ.ഡി.എഫ് ആകട്ടെ കേവലം കിറ്റ് നൽകിക്കൊണ്ട് കേരളജനതയെ കബളിപ്പിച്ചു ഭരണവും കൊണ്ടുപോയി. ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങി  മറ്റു നേതാക്കന്മാർക്കും സ്വീകാര്യമായ ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ നിർത്തിയിട്ടും പരാജയം രുചിച്ചത് എന്തുകൊണ്ടാണെന്ന് എല്ലാവർ ചിന്തിക്കുന്നത് നന്നായിരിക്കും.- അദ്ദേഹം ചൂണ്ടിക്കാട്ടി 
 
 അതുകൊണ്ട് ഉന്നത  നേതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം ആരോപണങ്ങൾ നിർത്തണം. കോൺഗ്രസിനെ രക്ഷപ്പെടുത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ഗ്രൂപ്പ് വൈര്യങ്ങൾ മറന്നു എല്ലാവരും ഒറ്റക്കെട്ടോടെ പ്രവർത്തിച്ച് അടുത്തതെരെഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്തർജ്ജിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഡോ. മാമ്മൻ സി ജേക്കബ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here