ജനീവ: അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശീതസമരത്തിലേക്ക് നീങ്ങുന്നുവെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. അസോസിയേറ്റ് പ്രസിനു നല്‍കിയ അഭിമുഖത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ  ഗുട്ടെറസാണ് മുന്നറിയിപ്പ് നല്‍കിയത്. 

അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം ലോകത്തെ രണ്ടായി പിളര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു അവസ്ഥയിലേക്ക് പോകുന്നതിനു മുമ്പ് ചൈനയും അമേരിക്കയും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ്, കാലാവസ്ഥാ വ്യതിയാനം, വാണിജ്യം, സാങ്കേതിക വിദ്യ, മനുഷ്യാവകാശം, സാമ്പത്തികാവസ്ഥ, ഓണ്‍ലൈന്‍ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിക്കേണ്ടതുണ്ട്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, സംഘര്‍ഷം മാത്രമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് വാക്സിനേഷന്‍, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഒന്നിച്ചുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. 

രാജ്യാന്തര സമൂഹത്തിനകത്തും പ്രത്യേകിച്ച് വന്‍ശക്തികള്‍ക്കിടയിലും നല്ല ബന്ധം ഇല്ലാതെ ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെ രണ്ട് ദിശകളിലേക്ക് പിളര്‍ത്തുന്ന വിധത്തില്‍, യു.എസ്- ചൈന ബന്ധം അപകടകരമായി വളരുന്നതായി രണ്ടു വര്‍ഷം മുമ്പും ഇദ്ദേഹം ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇരു രാജ്യങ്ങളുടെയും ജിയോപൊളിറ്റിക്കല്‍, സൈനിക തന്ത്രങ്ങള്‍ ലോകത്തെ വിഭജിക്കാനും നിലവിലെ സമവാക്യങ്ങളെ അപകടകരമായ വിധത്തില്‍ മാറ്റാനും കാരമണമാവുന്നതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here