ലോകത്തെ ദുബായിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ദുബായ് രാജ്യാന്തര എക്‌സ്‌പോ 2020 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മഹാമാരിയെ അതിജീവിക്കുന്ന വിസ്മയക്കാഴ്ചകളുമായാണ് ദുബായ് എക്‌സ്‌പോയ്ക്ക് തുടക്കമായിരിക്കുന്നത്. ദേശീയ പതാകയുയര്‍ത്തി ദേശീയ ഗാനാലാപനത്തോടെയായിരുന്നു ഔദ്യോഗിക ചടങ്ങുകളുടെ തുടക്കം. പ്രാദേശിക സമയം വൈകിട്ട് 7.30ഓടെ ദുബായ് അല്‍ മക്തും വിമാനത്താവളത്തിന് സമീപത്തുള്ള എക്‌സ്‌പോ വേദിയിലെ അല്‍ വാസല്‍ പ്ലാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അതിഥികളും ഭരണാധികാരികളുമെത്തി.

സംഗീത നൃത്ത പരിപാടികളുടെ അകമ്പടിയോടെ 192 രാജ്യങ്ങളുടെയും പതാകകള്‍ വേദിയില്‍ അണി നിരന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബില്‍ സാഹിദ് അല്‍ ശഹിയാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ലോകത്തെ ദുബായിലേക്ക് സ്വാഗതം ചെയ്ത് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.

ലോകത്തെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് ദുബായിലെ എക്‌സ്പോ നഗരിയില്‍ നടന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് എക്‌സ്പോ 2020. ആറുമാസം നീണ്ടുനില്‍ക്കുന്ന മഹാമേളയില്‍ രണ്ടരക്കോടി സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തില്‍ 2020 ല്‍ നടക്കേണ്ടിയിരുന്ന എക്‌സ്പോയാണ് ഈ വര്‍ഷം നടക്കുന്നത്. വെള്ളിയാഴ്ച മുതലാണ് വേദിയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക.

ദുബായ് എക്‌സ്‌പോ 2020ന്റെ ഉദ്ഘാടന ചടങ്ങ് യു എ ഇയിലുടനീളമുള്ള 430 ലേറെ സ്ഥലങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. വിമാനത്താവളങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങി എല്ലാ പ്രധാനകേന്ദ്രങ്ങളിലും സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. ലോകപ്രശസ്തനായ ഓപറ കലാകാരന്‍ ആന്‍ഡ്രിയ ബോസെല്ലി, ഗ്രാമി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗോള്‍ഡന്‍-ഗ്ലോബ് ജേതാവുമായ നടിയും ഗായികയും ഗാനരചയിതാവുമായ ആന്ദ്ര ഡേ, ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എല്ലി ഗോള്‍ഡിങ്, രാജ്യാന്തര പ്രശസ്ത പിയാനിസ്റ്റ് ലാങ് ലാംഗ്, നാല് തവണ ഗ്രാമി ജേതാവായ ആഞ്ചലിക് കിഡ്‌ജോ എന്നിവര്‍ ഉദ്ഘാടന ചടങ്ങിനെ സംഗീതസാന്ദ്രമാക്കി.

മനുഷ്യ പ്രയത്‌നങ്ങളുടെ പ്രദര്‍ശന വേദി, സാങ്കേതിക, സാസം്കാരിക, വാണിജ്യ, വ്യവസായ പ്രദര്‍ശന മേള പൊതുജനങ്ങള്‍ക്കായി തുറന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 22 വരെ എക്‌സ്‌പോയില്‍ നിന്നുള്ള പുതിയ കാഴ്ചകള്‍ ലോകം കാണും. ഇന്ത്യയടക്കം 192 രാജ്യങ്ങളുടെ പവലിയനുകളില്‍ ലോക വൈവിധ്യങ്ങളെല്ലാം അണി നിരക്കും. ഇന്ത്യന്‍ പവലിയന്‍ ഇന്ന് വൈകിട്ട് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഉദ്ഘാടനം ചെയ്യും.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കുമാണ് ദുബായ് എക്‌സിപോയിലേക്ക് പ്രവേശനാനുമതിയുള്ളത്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഈ നിബന്ധനകളില്ല. എക്‌സ്‌പോ വേദിയോടനുബന്ധിച്ചും നഗരത്തിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും പിസിആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here