ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന ആവശ്യവുമായി പിസിസി അധ്യക്ഷന്മാർ വീണ്ടും രംഗത്ത്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്ത് ചേർന്ന ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗത്തിലാണ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നത്.

പിസിസി അധ്യക്ഷന്മാരുടെ ആവശ്യത്തോട് നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി പ്രതികരണം നടത്തിയോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യ ചർച്ചകൾ ആരംഭിക്കാൻ സംസ്ഥാന ഘടകങ്ങൾക്ക് യോഗം നിർദേശം നൽകി. വ്യക്തി താൽപര്യങ്ങൾ മാറ്റിവച്ച് പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന നിർദേശം സോണിയ നൽകി. പഞ്ചാവ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സഖ്യം ഉണ്ടാകില്ല. ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിൽ സഖ്യ ചർച്ചകൾ ആരംഭിക്കാൻ നിർദേശം നൽകി.

മാറ്റത്തിന് ഐക്യം നിർബന്ധമാണെന്ന് വ്യക്തമാക്കിയ സോണിയ പാർട്ടിയിൽ അച്ചടക്കം വേണമെന്ന് വീണ്ടും ഓർപ്പിച്ചു. പഞ്ചാബ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ പാർട്ടിയിൽ വിഭാഗീയത രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധിയുടെ വിമർശനം. എഐസിസി ആസ്ഥാനത്ത് യോഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ സോണിയ ഗാന്ധി മുൻപ് നിലപാട് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ സമയ പ്രസിഡന്റ് തന്നെയാണ് താനെന്ന് അവർ പറഞ്ഞിരുന്നു. പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെങ്കിലും മനസ് തുറന്ന് സംസാരിക്കുന്നതിനെ എപ്പോഴും അനുകൂലിച്ചിട്ടുള്ള വ്യക്തിയാണ് താൻ. ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നേരിട്ടാവാം. മാധ്യമങ്ങളിലൂടെ തന്നോട് സംസാരിക്കേണ്ട ആവശ്യമില്ലെന്നും എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിന് മുഴുവൻ സമയ അധ്യക്ഷ വേണമെന്ന പാർട്ടിയിൽ നിന്നുയരുന്ന വിമർശനത്തിന് മറുപടിയായിട്ടാണ് സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. പുതിയ കോൺഗ്രസ് അധ്യക്ഷനെ 2022ൽ തെരഞ്ഞെടുക്കും. സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. സമ്പൂർണ സംഘടനാ തെരഞ്ഞെടുപ്പിനുള്ള സമയക്രമം മുന്നിലുണ്ടെന്നും നേതൃത്വം അറിയിച്ചിരുന്നു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ മുൻ നിലപാട് മയപ്പെടുത്തി മുതിർന്ന നേതാവ് ഗുലാം നബി ആസാദ് രംഗത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നേതാക്കൾക്ക് യാതൊരു സംശയമില്ലെന്നും എല്ലാവർക്കും സ്വീകാര്യമാണെന്നും പ്രവർത്തക സമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here