ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്സിലിന്റെ (ഡബ്ള്യു. എം.സി ) അമേരിക്ക റീജിയന്റെ പ്രഥമ പ്രസിഡൻഷ്യൽ പുരസ്‌കാരത്തിന് (PVSA -Presidents Volunteer Service Award) പ്രമുഖ സാമൂഹ്യ-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ സോമൻ ജോൺ തോമസും യുവ സാമൂഹ്യ-സന്നദ്ധ പ്രവർത്തകരായ അദ്വെ രാജേഷ്, ദേവ് പിന്റോ എന്നിവർ അർഹരായി. ഈ വര്ഷം മുതലാണ് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ രാജ്യത്തെ മികച്ച സാമൂഹ്യ -സന്നദ്ധ പ്രവർത്തകർക്കുള്ള വളണ്ടിയർ സർവീസസ് പ്രസിഡൻഷ്യൽ അവാർഡ് നൽകുവാനുള്ള സർട്ടിഫൈയിങ്ങ് അംഗീകാരം വേൾഡ് മലയാളി കൗൺസിലിന് ലഭിക്കുന്നത്.

4000 മണിക്കൂർ സന്നദ്ധ സേവനം നടത്തിയിട്ടുള്ള ന്യൂജേഴ്സിയിലെ തന്നെ ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തനം നടത്തി വരുന്ന സോമൻ ജോൺ തോമസ് ലൈഫ് ടൈം അചീവ്മെന്റ പുരസ്കാരത്തിനാണ് അർഹനായത്. കഴിഞ്ഞ 12 മാസക്കാലയളവിൽ യുവാക്കളുടെ വിഭാഗത്തിൽ 100 മണിക്കൂർ സന്നദ്ധ സേവനം ചെയ്ത അദ്വെ രാജേഷിന് ഗോൾഡൻ മെഡലും കുട്ടികളുടെ വിഭാഗത്തിൽ 50ൽ പരം മണിക്കൂർ സേവനം ചെയ്ത ദേവ് പിന്റോയ്ക്ക് സിൽവർ മെഡലുമാണ് ലഭിക്കുക. ഇവരുടെ സേവനത്തെ അംഗീകരിച്ചുകൊണ്ട് പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പിട്ട സാക്ഷ്യപത്രവും മൂവർക്കും സമർപ്പിക്കുന്നതാണെന്ന്‌ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിൽ, ട്രഷറർ സിസിൽ ചെറിയാൻ എന്നിവർ അറിയിച്ചു.

ഒക്‌ടോബർ 30 നു ശനിയാഴ്ച്ച ന്യൂജേഴ്‌സിയിലെ സോമെർസെറ്റിലുള്ള സീറോ മലബാർ ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ (ഫെലോഷിപ്പ് ഹാളില്‍) നടക്കുന്ന കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രൗഢ ഗംഭീരമായ സദസിൽ വച്ചായിരിക്കും പുരസ്‌കാരങ്ങൾ സമർപ്പിക്കുന്നത്. അഡ്രസ്: 508 Elizabeth Ave, Somerset.

അമേരിക്കൻ പൗരനോ നിയമപരമായി അമേരിക്കയിൽ താമസിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി 12 മാസത്തെ കാലയളവിൽ അവരവരുടെ പ്രായപരിധിയിൽ നിർണയിക്കപ്പെട്ടിട്ടുള്ള നിശ്ചിത സമയം സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന അവാർഡാണ് PVSA (Presidents Volunteer Service Award). ഇത്തരം അവാർഡുകൾ നിർണയിക്കുന്നതിനുള്ള അംഗീകാരം ഈ വർഷമാണ് World Malayalee Council America Region നു ലഭിച്ചത്. വോളന്റീർമാർ ഇത്രത്തിലുള സംഘടനകളുമായി ബന്ധപ്പെട്ടു വേണം സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യേണ്ടത് . 5 വയസ്സുള്ള കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. അവാർഡുകൾ ബ്രോൺസ്, സിൽവർ, ഗോൾഡ് എന്ന് തരം തിരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും സർവീസ് ചെയ്യുന്ന മണിക്കൂറുകൾ അടിസ്ഥാനപെടുത്തിയാണ് അവാർഡിന്റെ ഗണം തീരുമാനിക്കുന്നത് .

ന്യൂജേഴ്സിയിലെ സമഗ്ര മേഖലകളിലും സാമൂഹ്യ സന്നദ്ധ പ്രവർത്തനം നടത്തിവരുന്ന സോമൻ ജോൺ തോമസ് എന്ന മുൻ യു.എൻ. ഉദ്യോഗസ്ഥന് ഏറ്റവും അർഹിക്കുന്ന അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. 2019 ല്‍ അഞ്ച് വര്‍ഷത്തെ സേവനത്തിനുള്ള അമേരിക്ക റെഡ് ക്രോസ് വോളണ്ടിയര്‍ അംഗീകാരവും സോമൻ തോമസിന് ലഭിച്ചിരുന്നു.

2020 മെയ് 30 മുതല്‍ 2021 ജൂണ്‍ പത്ത് വരെ ന്യൂജേഴ്‌സി ഈസ്റ്റ് ബേർണ്‍സ്‌വിക്കിലെ സെന്റ് സ്റ്റീഫന്‍സ് മാര്‍തോമ്മാ ദേവാലയത്തിലെ കലവറയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സോമൻ ഒരു വര്‍ഷക്കാലത്തിനിടെ 32,000-ത്തിലധികം ഭക്ഷണപായ്ക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനു നേതൃത്വം നൽകി. നിലവില്‍ ന്യൂജേഴ്സിയിലെ ലാഭേച്ഛയില്ലാത്ത നാല് സംഘടനകളുമായി ചേര്‍ന്ന് സന്നദ്ധസേവനം ചെയ്യുന്നു. ബാസ്‌കിംഗ് റിഡ്ജില്‍, സോമര്‍സെറ്റ് ഹില്‍സിലെ വിസിറ്റിംഗ് നഴ്സസ് അസോസിയേഷന്റെ (വിഎന്‍എ) ഹോസ്പീസ് വോളണ്ടിയര്‍കൂടിയായ സോമൻ 2009ലാണ് വിഎന്‍എയുമായി ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. 2011ലാണ് അദ്ദേഹം ഒരു സര്‍ട്ടിഫൈഡ് വിഎന്‍എ ഹോസ്പീസ് വളണ്ടിയറായത്. അതിനുശേഷം ആറുമാസമോ അതില്‍ കുറവോ മാത്രമേ ആയുസ്സുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ആളുകളെ പരിചരിച്ചു വരുന്നു.

സെന്‍ട്രല്‍ ന്യൂജേഴ്സിയിലെ റെഡ് ക്രോസിന്റെ ഡോണര്‍ അംബാസഡകൂടിയായ അദ്ദേഹം 2012 മുതല്‍ ഒരു റെഡ് ക്രോസ് ഡോണര്‍ അംബാസഡറാണ്. രക്തദാന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുകായും രക്തദാനം ചെയ്യാന്‍ മുന്നോട്ടു വരുന്ന ആളുകളെ പരിശോധിക്കുകായും ചെയ്യുന്നു. ദുരന്ത നിവാരണ സംഘത്തില്‍ അദ്ദേഹം അംഗമാണ്.

പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട്റീച്ചിന്റെ (പിസിഒ) സന്നദ്ധസേവകൻകൂടിയായ സോമൻ 2018ല്‍ പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട്റീച്ചിന്റെ (www.pconj.org) ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ക്ലാസുകള്‍ നല്‍കുകയും, സ്‌കൂള്‍ കുട്ടികള്‍ക്ക് വെക്കേഷന്‍ കാലത്ത്ല്‍ വിദ്യാഭ്യാസ ഉന്നമനത്തിന് സഹായിക്കുന്ന ക്ലാസുകൾ നടത്തിക്കുന്നതിനും നേതൃത്വം നൽകുന്നു. ദരിദ്രർക്ക് ചൂടുള്ള ആഹാരം നൽകുന്ന ഗ്രേസ് കിച്ചന്റെ ഭാഗമായും അവിടെ അദ്ദേഹം പ്രവർത്തിക്കുന്നു. സോമൻ അംഗമായ ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമ പള്ളിയിൽ എല്ലാ മേഖലയിലുമുള്ള ദുരിതമനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കാനായി കഴിഞ്ഞ വര്‍ഷം “തണല്‍ ” എന്ന സന്നദ്ധ സംഘടനാ ഗ്രൂപ്പ് രൂപികരിച്ചു.

വിരമിച്ചതിന് ശേഷം 2009-ലും 2010-ലും സോമര്‍സെറ്റ് കൗണ്ടിയിലെ മീല്‍സ് ഓണ്‍ വീല്‍സിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
1990-കളില്‍ പട്ടിണിക്കെതിരെ കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ ഭക്ഷണ ശേഖരണം. 2000 ല്‍ ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ ഏലിയയുടെ സൂപ്പ് കിച്ചന്‍. കൂടാതെ, മറ്റ് നിരവധി കമ്മ്യൂണിറ്റി സേവന സന്നദ്ധ പദ്ധതികളിലും അദ്ദേഹം ഭാഗഭാക്കായിട്ടുണ്ട്. 2000ല്‍ ബോണ്‍മാരോ മാച്ചസിനായി (സ്വാബ് ടെസ്റ്റ്) ഉമിനീര്‍ ശേഖരിക്കുന്നതിനായി സന്നദ്ധസേവനം നടത്തിയിരുന്നു. ഒരു വര്‍ഷത്തോളം KANJ- യുടെ ചാരിറ്റി കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിക്കുകയും ഡോ. സാമുവല്‍ ഫിലിപ്പ് സ്‌കോളര്‍ഷിപ്പ് സ്ഥാപിക്കുകയും ചെയ്തു. ഭാര്യ: ശാന്ത റേച്ചൽ തോമസ്. മക്കൾ: ടെറി തോമസ്, താര തേർമഠം.

റാൻഡോൾഫ്‌ ഹൈ സ്ക്കൂളിലെ സോഫ്മോർ സ്റ്റുഡന്റ് ആയ അദ്വെ രാജേഷ് ബോയ്സ് സ്‌കൗട്ടിങ്, ട്രാക്ക് ആൻഡ് ഫീൽഡ്, ചെസ്സ്, മാർച്ചിങ്ങ് ബാൻഡ്, തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള യുവ പ്രതിഭയാണ്. സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്നുതന്നെ സാമൂഹ്യ സേവനം ആരംഭിച്ച അദ്വെ രാജേഷ് മറ്റു നിരവധി സംഘടനകളുമായി ചേർന്നും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ന്യൂജേഴ്സിയിലെ പട്ടിണി പാവങ്ങൾക്ക് ഭക്ഷണം ശേഖരിക്കുന്നതിനായി അടുത്ത കാലങ്ങളിൽ ശ്രദ്ധേയമായ ഫുഡ് ഡ്രൈവിനും അദ്വെ നേതൃത്വം നൽകിയിരുന്നു. കഴിഞ്ഞ അധ്യയന വര്ഷം 100 മണിക്കൂറിൽ പരം സന്നദ്ധ സേവനമാണ് അദ്വെ രാജേഷ് നടത്തിയിട്ടുള്ളത്. റാൻഡോൾഫിൽ താമസിക്കുന്ന രാജേഷ് വിദ്യ എന്നിവരുടെഏക മകനാണ്.


സാമൂഹ്യ – സന്നദ്ധ മേഖലയിൽ 50 മണിക്കൂർ സേവനം നല്കിയയതിനാണ് കേവലം നാലാം ഗ്രേഡ് വിദ്യാർത്ഥിയായ ദേവ് പിന്റോ ചാക്കോയെ സിൽവർ മെഡലിന് അർഹനായത്. യുവ കവികൂടിയായ ദേവ് രചിച്ച കവിതകൾ ഏറെ ഹൃദ്യമാണ്. മാർട്ടിൻ ലൂതർ കിങ്ങിന്റെ ജന്മദിനത്തോടനുബന്ധിച്ചു എഡിസൺ ടൗൺഷിപ് നടത്തിയ കവിത രചന മത്സരത്തിൽ എഡിസൺ സിസ്റ്റത്തിൽ നാലാം ഗ്രേഡ് വിദ്യാർഥിയായിരിക്കെ ഡേവ് പിന്റോ വിജയിയായിരുന്നു. നാലാം വയസുമുതൽ നുറുങ്ങു കവിതകൾ പറഞ്ഞുതുടങ്ങിയ ഡേവ് ഒന്നാം ഗ്രേഡിൽ വച്ച് എഴുതിയ “ ഹൌ ഇറ്റ് ഫീൽസ്‌ വിതൗട് ഡാഡ് എറൗണ്ട്” എന്ന കവിത അമേരിക്കയിലെ ഒന്നാം നിര ബാല പുസ്തക പ്രസാധകരിലൊന്നായ സ്കോളാസ്റ്റിക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സഹപാഠിയുടെ മാതാപിതാക്കൾ വിവാഹ ബന്ധം വേര്പിരിഞ്ഞപ്പോൾ സുഹൃത്തുലുണ്ടായ വേദനയാണ് അത്തരമൊരു കവിത എഴുതാൻ ഡേവിനു പ്രേരിപ്പിച്ചത്.

സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു കവി ആകണം എന്ന് ആഗ്രഹിക്കുന്ന ഇ നാലാം ഗ്രേഡുകാരൻ സ്കൂൾ സ്ടുടെന്റ്റ് കൗൺസിലിലും സ്കൂൾ അംബാസിഡർ പ്രോഗ്രാമിലും എല്ലാം ഇതൊനൊടകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . Achieving Equality and Peace’എന്ന കവിതയും ഏറെ ശ്രദ്ധേയമാണ്. ഇതുവരെ രചിച്ച കവിതകൾ പ്രസീദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുക്കുന്ന ഡേവ് പിന്റോ ബിർസ്റ്റോൾ മേയർ സ്ക്വിബ്ബിൽ സീനിയർ മാനേജരും വേൾഡ് മലയാളീ കൌൺസിൽ റീജിയണൽ സെക്രട്ടറിയുമായ പിന്റോ ചാക്കോയുടെയും രാജശ്രീ പിന്റോയുടെയും മകനാണ്. ഏക സഹോദരൻ:സാമ്മി.

5 വയസ്സുള്ള കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും വളണ്ടറി സർവീസ് നടത്തുന്ന മുറയ്ക്ക് പ്രസിഡൻഷ്യൽ അവാർഡ് നേടുവാൻ അർഹത ലഭിക്കുന്നതാണ്. അവാർഡുകൾ ബ്രോൺസ്, സിൽവർ, ഗോൾഡ് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും സർവീസ് ചെയ്യുന്ന മണിക്കൂറുകൾ അടിസ്ഥാനപെടുത്തിയാണ് അവാർഡിന്റെ ഗണം തീരുമാനിക്കുന്നത് . PVSA പ്രോഗ്രാമിൽ ചേരാൻ താത്പര്യമുള്ളവർ അമേരിക്ക റീജിയൻ മുഖേനെയോ അല്ലെങ്കിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന സംഘടന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയനിൽ സമർപ്പിക്കുകയോ ചെയ്യുമ്പോൾ പ്രസിഡണ്ട് ഒപ്പിട്ട പ്രസിഡന്റ്‌സ്‌ വോളന്റീർ അവാർഡ് വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയനിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് wmcamerica.pvsa@gmail.com email ചെയ്യുകയോ അല്ലെങ്കിൽ www.wmcamerica.org/services/ സന്ദേർശിക്കുകയോ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here