കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ. നീതിക്കും ന്യായത്തിനും വേണ്ടിയുള്ള കര്‍ഷകരുടെ പോരാട്ടം ലക്ഷ്യത്തിലെത്തിയത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇത് മഹത്തായ ദിവസമാണെന്നും ഐഒസി യുഎസ്എ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം പറഞ്ഞു. ഈ പോരാട്ടത്തില്‍ അവര്‍ സഹിച്ച മഹത്തായ ത്യാഗങ്ങള്‍ അധികാര ദുര്‍വിനിയോഗത്തെ അതിജീവിച്ച അചഞ്ചലമായ ആത്മവീര്യത്തെയാണ് കാണിക്കുന്നത്.

അതേസമയം ന്യായത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ ജീവന്‍ നഷ്ടമായ എഴുന്നൂറോളം കര്‍ഷകരെ ഈ അവസരത്തില്‍ അഭിവാദ്യം ചെയ്യുന്നുവെന്നും ജോര്‍ജ്ജ് എബ്രഹാം പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിക്കുന്നതിന് ന്യായമായ അവകാശങ്ങള്‍ വിനിയോഗിച്ച കര്‍ഷകരെ ദേശവിരുദ്ധരെന്ന് പരാമര്‍ശിച്ചതിന് കേന്ദ്രസര്‍ക്കാര്‍ മാപ്പ് പറയണമെന്നും ജോര്‍ജ് അബ്രഹാം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ഈ തീരുമാനത്തിന് പിന്നില്‍ യുപി അടക്കമുള്ള പ്രധാന സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി വളരെയധികം ബന്ധമുണ്ടെന്ന കാര്യം ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം സാധാരണക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ യാതൊരു പരിഗണനയും നല്‍കിയില്ലെങ്കിലും കുത്തക മുതലാളിമാര്‍ക്ക് അനുകൂലമായിരുന്നു.



എന്തായാലും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ഐഒസി യുഎസ്എ സ്വാഗതം ചെയ്യുന്നു. നിയമങ്ങള്‍ റദ്ദാക്കാനും കര്‍ഷകര്‍ ആവശ്യപ്പെടുന്ന പ്രകാരം മിനിമം വില ഗ്യാരണ്ടി പുനഃസ്ഥാപിക്കാനുമുള്ള ബില്‍ പാസാക്കുന്നതിനായി പാര്‍ലമെന്റ് എത്രയും വേഗം വിളിച്ചുകൂട്ടണം. അതുപോലെത്തന്നെ സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here