ആഷാ മാത്യു 


യുഎഇയുടെ ബഹുവംശീയ സമൂഹവും കുടിയേറ്റ സമൂഹത്തോടുള്ള തുറന്ന സമീപനവും തന്റെ ആദ്യകാല ജീവിതത്തെ രൂപപ്പെടുത്തുകയും യുഎസിലെ കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരാന്‍ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്. ദുബായ് എന്നതു പോലെ തന്നെ അമേരിക്കയും എല്ലാം സംസ്‌കാരങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു മെല്‍റ്റിങ് പോട്ടാണ്. എന്നാല്‍ വ്യത്യസ്ഥ സംസ്‌കാരങ്ങള്‍ ഇവിടെ ആഘോഷിക്കപ്പെടുന്നില്ല, ആ മാറ്റം നടപ്പിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കെവിന്‍ തോമസ് പറഞ്ഞു.

ദുബായില്‍ ജനിച്ചു വളര്‍ന്ന കെവിന്‍ തോമസ് പത്താം വയസ്സിലാണ് യുഎസിലേക്ക് പോകുന്നത്. ദുബായിലെ സെന്റ് മേരീസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മഹത്തായ രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കാന്‍ കുടിയേറ്റക്കാര്‍ എങ്ങനെ സഹായകമാകും എന്നതിന്റെ ഉദാഹരണങ്ങളാണ് യുഎഇയും അമേരിക്കയും എന്ന് അദ്ദേഹം പറഞ്ഞു.

ദേശീയതയോ വംശീയതയോ പരിഗണിക്കാതെ മനുഷ്യര്‍ ഒരുമിച്ച് ഭൂമി പങ്കിടുന്നു. അമേരിക്കയും യുഎഇയും പിന്തുടരുന്ന രീതിയും അതു തന്നെയാണ്. കുടിയേറ്റക്കാര്‍ക്കായി ഇരു രാജ്യങ്ങളും തങ്ങളുടെ വാതില്‍ തുറന്നിട്ടു. കാരണം അവര്‍ രാജ്യത്തെ മികവുറ്റതാക്കുകയും സമ്പദ്വ്യവസ്ഥ ഉയര്‍ത്തുകയും ചെയ്യുന്നു. കുടിയേറ്റക്കാരെ തുറന്ന് സ്വീകരിക്കുന്നതിലൂടെ രാജ്യം കൂടുതല്‍ അഭിവൃദ്ധിപ്പെടും. കുടിയേറ്റക്കാരില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭകരും കഠിനമായി പഠിച്ച് രാജ്യത്തിന് സംഭാവന നല്‍കുന്ന വ്യക്തികളും നമുക്കുണ്ട്. കെവിന്‍ തോമസ് പറഞ്ഞു.

യുഎഇ ദേശീയ ദിനമായ ഡിസംബര്‍ 2, ന്യൂയോര്‍ക്കില്‍ എമിറാത്തി ദിനമായി പ്രഖ്യാപിക്കാന്‍ സെനറ്റില്‍ നിയമ പ്രമേയം അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സെനറ്റര്‍ കെവിന്‍ തോമസ് ഇത് താന്‍ ജനിച്ചു വളര്‍ന്ന രാജ്യത്തിന് തിരികെ നല്‍കുന്ന സമ്മാനമാണെന്ന് പറഞ്ഞു. ‘ഞാന്‍ യുഎഇയിലാണ് ജനിച്ചത്. പിന്നീട് യുഎസിലേക്ക് വരികയും ന്യൂയോര്‍ക്കിലെ ആദ്യത്തെ ദക്ഷിണേഷ്യന്‍ സെനറ്ററാവുകയും ചെയ്തു. യുഎഇ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്ന് എനിക്കറിയാം, 50-ാം ദേശീയ ദിനത്തിന്റെ പ്രത്യേക അവസരത്തില്‍ യുഎഇക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. കെവിന്‍ തോമസ് പറഞ്ഞു.

എന്റെ ജീവിതം രൂപപ്പെടുത്തിയ ഒരു രാജ്യത്തെ ആഘോഷിക്കുന്നതിനാണിത്. മിഡില്‍ ഈസ്റ്റിനും ലോകത്തിനും എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള സ്വന്തം ആളുകള്‍ക്കും വേണ്ടി വളരെയധികം കാര്യങ്ങള്‍ ചെയ്യുന്ന ഒരു രാജ്യമാണ് യുഎഇ. വിദ്യാഭ്യാസം, ഇന്നൊവേഷന്‍, ബിസിനസ്സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിങ്ങനെ എല്ലാക്കാര്യത്തിലും മറ്റ് രാജ്യങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന മാതൃകയാണ് യുഎഇ എന്നും കെവിന്‍ തോമസ് പറഞ്ഞു. യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു പ്രത്യേക അഭിമുഖത്തിലാണ് കെവിന്‍ തോമസ് ഇക്കാര്യം പറഞ്ഞത്.

യു.എ.ഇയില്‍ താനുണ്ടായിരുന്ന വര്‍ഷങ്ങളെക്കുറിച്ച് തോമസിന് അവ്യക്തമായ ഓര്‍മ്മകളേയുള്ളൂ. പക്ഷേ ദേശീയ ദിനത്തില്‍ അവര്‍ എങ്ങനെയാണ് യുഎഇ ദേശീയ ഗാനം ആലപിച്ചതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. യുഎസിലേക്ക് പോയി നിയമ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, 2010 ല്‍ മൂന്ന് മാസത്തേക്ക് ജനറല്‍ ഇലക്ട്രിക്കില്‍ ഇന്റേണ്‍ ചെയ്യുന്നതിനായി തോമസ് യുഎഇയിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. എനിക്ക് യുഎഇയില്‍ വിപുലമായ കുടുംബ ബന്ധങ്ങളുണ്ട്. താമസിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലമാണ് ദുബായ് എന്നും കെവിന്‍ തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here