ന്യൂഡൽഹി: ഒമിക്രോൺ   ബാധിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ടത് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തൽ. കൊവിഡ്  ബാധിച്ച ഇയാളിൽ നിന്നും പണം വാങ്ങി കൊവിഡ് നെഗറ്റീവാണെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.4500 രൂപയ്ക്കാണ് കൊവിഡ് ബാധിച്ച ഇയാൾക്ക് ദുബായിലേക്ക് മടങ്ങാൻ ബംഗ്ലൂരുവിലെ സ്വകാര്യ ലാബ് വ്യാജസർട്ടിഫിക്കറ്റ് നൽകിയതെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ലാബിനെതിരെ പൊലീസ് കേസെടുത്തു.

ദക്ഷിണാഫ്രിക്കൻ സ്വദേശി താമസിച്ച ബംഗ്ലൂരു ഷാംഗ്രിലാ ഹോട്ടലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് ഹോട്ടലിന് നോട്ടീസ് നൽകിയത്. കൊവിഡ് ബാധിതനായിട്ടും പുറത്ത് പോവാൻ അനുവദിച്ചതിലും വിശദീകരണം തേടി. കൊവിഡില്ലാ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ദക്ഷിണാഫ്രിക്കൻ സ്വദേശി ബംഗ്ലൂരുവിൽ കറങ്ങിയിട്ടുണ്ടെന്നും നിരവധി പേരുമായി ഇടപെട്ടിട്ടുണ്ടെന്നുമുള്ള വിവരമാണ് ആരോഗ്യവകുപ്പിനെയും ജനങ്ങളെയും ആശങ്കപ്പെടുത്തുന്നത്.

ബംഗ്ലൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ സ്വദേശികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവർ ബംഗ്ലൂരു വിട്ട് പോയതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ അന്വേഷണം ബംഗ്ലൂരുവിന് പുറത്തേക്കും നീളുകയാണ്. ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ കർണാടകയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. ബംഗ്ലൂരുവിൽ പ്രവേശിക്കാൻ കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൊതുഇടങ്ങളിൽ രണ്ട് ഡോസ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം.

അതേ സമയം, ബംഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്ടർ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തിരുന്നതായുള്ള റിപ്പോർട്ടുകൾ ലഭിച്ചു. ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ നടന്ന പരിപാടിയിൽ വിദേശികൾ പങ്കെടുത്തിരുന്നു. ഇവരുടെ പട്ടിക തയാറാക്കുന്നതായി കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഡോക്ടർ വിദേശരാജ്യങ്ങളൊന്നും സന്ദർശിച്ചിരുന്നില്ല. അതിനാൽ എവിടെ നിന്നാണ് രോഗം പകർന്നതെന്ന ആശങ്ക നിലനിൽക്കുകയായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here