ന്യൂ ഡൽഹി: കൊവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ വാക്‌സിനേഷൻ തന്നെയാണ് പോംവഴിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഒമിക്രോണിനെ തടയാൻ മന്ത്രാലയങ്ങൾ ഏറെ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കൊവിഡ് വരുന്നതിന്  മുൻപ് നരേന്ദ്രമോദി അധികാരത്തിലെത്തിയത് ഭാഗ്യമായെന്നും വെല്ലുവിളികളെ അദ്ദേഹം സമർത്ഥമായി നേരിടുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

രാജ്യത്ത് ഒമിക്രോൺ തീവ്രമായേക്കില്ലെന്നാണ് കേന്ദ്ര നിലപാട്. രോഗലക്ഷണങ്ങൾ നേരിയ തോതിൽ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗ സാധ്യത കുറവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒമിക്രോൺ ഭീഷണിയിൽ ബൂസ്റ്റർ ഡോസ് നൽകുന്നത് സർക്കാരിൻറെ സജീവപരിഗണനയിലാണ്.

നിലവിലെ വാക്‌സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാൻ ഒമിക്രോണിനാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റർ ഡോസ് ആവശ്യം ശക്തമാകുന്നത്. 40 വയസിന് മുകളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റ് രോഗങ്ങളലട്ടുന്നവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്ന് സർക്കാരിൻറെ തന്നെ കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പ് ശുപാർശ നൽകുകയും ചെയ്തു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ വാക്‌സിനേഷിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന സൂചന ആരോഗ്യമന്ത്രി നൽകി.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തിയ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവാകുന്നവരുടെ സമ്പർക്കത്തിൽ വരുന്നവരെ 72  മണിക്കൂറിനുള്ളിൽ പരിശോധിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയ 16000 പേരെ പരിശോധിച്ചതിൽ 18 പേർക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്നും മന്ത്രി മൻസൂഖ് മാണ്ഡവ്യ പാർലമെൻറിനെ അറിയിച്ചു.

ഇവരുടെ സാമ്പിൾ ജിനോം സീക്വൻസിംഗിന് അയച്ചിട്ടുണ്ട്. അതേസമയം ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാനായിരുന്നു കേന്ദ്രം സംസ്ഥാനങ്ങൾക്ക് ആദ്യം നിർദ്ദേശം നൽകിയിരുന്നെതെങ്കിൽ എല്ലാ അന്താരാഷ്ട്ര യാത്രികരെയും കർശന നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ കേന്ദ്ര ആരോഗ്യസെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here