മുംബൈ: കോവിഡിന്‍റെ ഒമിക്രോൺ വകഭേദം മഹാരാഷ്​ട്രയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയയാൾക്കാണ്​ രോഗം ബാധിച്ചത്​. കല്യാൺ-ഡോംബിവിലി സ്വദേശിക്കാണ്​ രോഗം ബാധിച്ചതെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. മഹാരാഷ്​ട്രയിൽ ഇതാദ്യമായാണ്​ ഒമിക്രോൺ വകഭേദം ഒരാൾക്ക്​ സ്ഥിരീകരിക്കുന്നത്​. രാജ്യത്ത്​ ഇതുവരെ നാല്​ പേർക്ക്​ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്​.

ഗുജറാത്തിലെ ജാംനഗറിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന്​ മടങ്ങിയെത്തിയയാൾക്ക്​ ഒമിക്രോൺ സ്​ഥിരീകരിച്ചിരുന്നു. ജാംനഗർ സ്വദേശിയായ 72കാരനാണ്​ രോഗം. സിംബാബ്​വെയിൽനിന്ന്​ അടുത്തിടെയാണ്​ ഇയാൾ ഇന്ത്യയിലെത്തിയത്​. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടർന്ന്​ നടത്തിയ വിദഗ്​ധ പരിശോധനയിൽ ഒമിക്രോൺ വകഭേദമാണെന്ന്​ സ്​ഥിരീകരിക്കുകയായിരുന്നു.

നിലവിൽ ജി.ജി ആശു​പത്രിയിൽ ചികിത്സയിലാണ്​ 72കാരൻ. കഴിഞ്ഞ ആഴ്ചയിൽ മൂന്നുപേരാണ്​ ജാംനഗറിൽ സിംബാവ്​വെയിൽ നിന്ന്​ മടങ്ങിയെത്തിയത്​. മറ്റു രണ്ടു​േപരുടെ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. രാജ്യത്ത്​ സ്​ഥിരീകരിക്കുന്ന മൂന്നാമത്തെ ഒമിക്രോൺ കേസാണിത്​. കർണാടകയിൽ രണ്ടുപേർക്ക്​ കഴിഞ്ഞദിവസം രോഗബാധ സ്​ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here