ന്യൂഡൽഹി:നാഗാലാൻഡിൽ ഭീകര വിരുദ്ധ ഓപ്പറേഷന് വലവിരിച്ച സുരക്ഷാസേന ഗ്രാമീണർക്ക് നേരേ അബദ്ധത്തിൽ നടത്തിയ വെടിവയ്‌പ്പിൽ പതിമ്മൂന്ന് പേർ കൊല്ലപ്പെട്ടത് രാജ്യത്തെ ഞെട്ടിച്ചു. രോഷാകുലരായ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു സൈനികനും ജീവൻ നഷ്ടമായി. നാഗാലാൻഡിലെ മോൺ ജില്ലയിൽ ശനിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം ഇന്നലെ അസാം റൈഫിൾസിന്റെ ക്യാമ്പ് ആക്രമിച്ചു.

തുടർന്ന് സൈന്യം വെടിവച്ചതിൽ ഒരാൾ കൂടി കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജില്ലയിൽ സംഘർഷാവസ്ഥയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംസ്ഥാന പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ഇന്റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ നിറുത്തിവച്ചു. കൊഹിമയിലെ ഹോൺ ബിൽ ഫെസ്റ്റിവൽ മാറ്റിവച്ചു.

ഈ സംഭവത്തോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിവാദ സായുധ സേനാ പ്രത്യേകാധികാര നിയമം (ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് ആക്ട് ) റദ്ദാക്കണമെന്ന ആവശ്യവും ശക്തമായി.

മോൺ ജില്ലയിലെ ഒട്ടിംഗ് ഗ്രാമത്തിൽ തിരു എന്ന പ്രദേശത്താണ് സേനയുടെ ഓപ്പറേഷൻ പാളിയത്. ഭീകരരെന്ന് കരുതി ഗ്രാമീണരുടെ വാഹനത്തിന് നേരെ സൈന്യം ആദ്യം നടത്തിയ വെടിവയ്പ്പിൽ ആറു പേരാണ് മരിച്ചത്. തുടർന്ന് നാട്ടുകാർ ആക്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചതിൽ ഏഴ് പേരും കൊല്ലപ്പെട്ടു. പതിനൊന്ന് ഗ്രാമീണർക്ക് പരിക്കേറ്റു. രണ്ട് പേരെ കാണാതായി. നാട്ടുകാരുടെ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. സൈന്യത്തിന്റെ രണ്ട് വാഹനങ്ങൾ കത്തിച്ചു.

 

ഉന്നമിട്ടത് നാഗാ ഭീകരരെ

 

നിരോധിക്കപ്പെട്ട നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് ( ഖാപ്‌ലാങ് -യുങ് ഓങ് വിഭാഗം)​ ഗ്രൂപ്പിലെ ഭീകരർ വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച സേന അവിടം വളഞ്ഞിരുന്നു. ഭീകരരുടെ വാഹനത്തിന്റെ മോഡലും നിറവും വരെ സേനയ്ക്ക് ലഭിച്ചിരുന്നു. അതേപോലുള്ള പിക്കപ്പ് വാനിൽ വന്ന ഗ്രാമീണരെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് സൈന്യം വെടിവയ്‌ക്കുകയായിരുന്നു. ജില്ലയിലെ കോന്യാക് സമുദായക്കാരാണ് വാനിൽ വന്നത്. കൽക്കരി ഖനിയിലെ ദിവസക്കൂലിക്കാരായ തൊഴിലാളികളായിരുന്നു ഇവർ. ശനിയാഴ്ച വൈകിട്ട് വീടുകളിൽ എത്തി തിങ്കളാഴ്ച വീണ്ടും ജോലിക്കു പോകുന്നതായിരുന്നു ഇവരുടെ പതിവ്. ആ വരവിലാണ് ദുരന്തത്തിനിരയായത്.

സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ആർമിയുടെ മൂന്നാം കോർ കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടു. നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനും ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here