ഏതോ നാട്ടിലെ ഏതോ സ്‌കൂൾ. അവിടെയുള്ള പ്രൈമറി ക്‌ളാസിൽ ഒരു ടീച്ചർ കുട്ടികളെ സാമൂഹിക ബോധമുള്ളവരാക്കാൻ ഒരു പ്രൊജക്റ്റ് നിർദ്ദേശിക്കുകയാണ്.

കുട്ടികൾ ഒരു റിബ്ബൺ വാങ്ങണം. അവരുടെ ചുറ്റുമുള്ള ജീവിതങ്ങളെ നിരീക്ഷിച്ച്  അവർക്ക് അഭിനന്ദിക്കാൻ തോന്നിയ ഒരു വ്യക്തിയെ കണ്ടെത്തി അവരുടെ കയ്യിൽ ആ റിബ്ബൺ കെട്ടി കൊടുക്കണം. അതിനു മുൻപായി അവരെ അഭിനന്ദിക്കാനുള്ള കാരണം മുഖത്തു  നോക്കി പറയണം. ഇത് ഒരു പ്രോജക്ടിന്റെ ഭാഗമായി ഞാൻ ചെയ്തതാണെന്നും ഈ റിബ്ബൺ നിങ്ങൾ മറ്റൊരാളെ കണ്ടെത്തി ഇതുപോലെ കൈമാറണണം എന്നും കൂടി അറിയിക്കേണ്ടതുണ്ട്.

ടീച്ചർമാർ ഇത്തരം പ്രൊജക്റ്റ് പറയുമ്പോൾ ആത്മാർഥമായി ചെയ്യുന്ന ചില കുട്ടികൾ ഉണ്ടാവുമല്ലോ. നമ്മുടെ ക്‌ളാസ്സിലും ഉണ്ടായിരുന്നു അത്തരം ഒരു മിടുക്കി. സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്ന വഴിയിൽ അവൾ ഒരു റിബ്ബൺ വാങ്ങി. ആർക്കാണ് കെട്ടി കൊടുക്കുക? പല മുഖങ്ങൾ തെളിഞ്ഞെങ്കിലും അവൾക്ക് തൃപ്തി ആയില്ല. സന്ദേശം കൃത്യമായി പറയേണ്ട ഒരു സ്വാതന്ത്ര്യം കൂടി കിട്ടണമല്ലോ?

പിറ്റേദിവസം രാവിലെ സ്‌കൂൾ ബസിനു കാത്ത് നിൽക്കുമ്പോഴും ബാഗിലെ റിബ്ബൺ അവളെ അസ്വസ്ഥയാക്കികൊണ്ടിരുന്നു . അപ്പോഴാണ് ആ അങ്കിളിനെ അവൾ കണ്ടത്. ദിനേന  അവൾ ബസ് കാത്തു നിൽക്കുമ്പോൾ  കൃത്യ സമയത്ത് തിടുക്കത്തിൽ അടുത്ത റെയിൽവേ സ്റ്റേഷനലിലേക്കു പോകുന്ന അയാളെ!  എന്നും  അവളോട് കൈ വീശി പോകുന്ന അയാളെ പ്രൊജക്റ്റ് തീർക്കേണ്ട ആവശ്യമുള്ളതിനാൽ അവൾ തടഞ്ഞു നിർത്തുക തന്നെ ചെയ്തു. അങ്കിളിന്റെ ജോലിക്കു പോവുന്നതിലെ കൃത്യനിഷ്ഠ ഗ്രേറ്റ് ആണ്. പ്രോജക്ടിന്റെ ലക്‌ഷ്യം അവളുടെ ഭാഷയിൽ വിവരിച്ചുകൊണ്ട്  റിബ്ബൺ അയാളുടെ കയ്യിൽ കെട്ടി കൊടുത്തു. ഒരു പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് തടവി  അയാൾ യാത്ര തുടരുമ്പോൾ  റിബ്ബൺ ആർക്കെങ്കിലും കൈമാറാൻ മറക്കല്ലേ എന്നവൾ ഓർമിപ്പിച്ചു.

ഓഫീസിലെ പണി ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോഴാണ് ലാപ്ടോപ്പ് ബാഗിൽ വച്ച റിബ്ബൺ അയാളുടെ ഓർമ്മയിലെത്തിയത്. കൊച്ചു മിടുക്കിയുടെ ആവശ്യം അയാൾക്കു  നിരസിക്കാൻ തോന്നിയില്ല. പക്ഷെ ആർക്ക്? രണ്ടും കൽപ്പിച്ചാണ് അയാൾ ഓഫീസറുടെ മുറിയിലേക്ക് കയറിയത്.

“സാർ, താങ്കൾ ഞാൻ വർക്ക് ചെയ്തതിൽ വച്ച് ഏറ്റവും കർശനക്കാരനായ ഓഫീസർ ആണ്. ചിലപ്പോഴൊക്കെ എന്നെ അത് വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷെ പ്രൊജെക്ടുകൾ കൃത്യമായി തീർക്കുന്നതിലും, അതിനു വേണ്ടി കൂടുതൽ സമയം  സ്വയം ഇരുന്ന് മറ്റുള്ളവരെ കൃത്യസമയത്ത് മടങ്ങി  പോകാൻ അനുവദിക്കുന്ന താങ്കളെ അഭിനന്ദിക്കാൻ എനിക്ക് തോന്നുന്നു. ഈ റിബ്ബൺ അതിനു വേണ്ടിയാണ്. പക്ഷെ ഞാനിത് ചെയ്യുന്നത് ഒരു കുട്ടി എന്നെ ഏൽപ്പിച്ച  ഒരു പ്രോജക്ടിന്റെ തുടർച്ച ആയിട്ടാണ്. താങ്കളും ഇത് തുടരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു”

ഗൗരവക്കാരനായ ഓഫീസറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നെങ്കിലും, പെട്ടെന്ന് തന്നെ അദ്ദേഹം ജോലിയിൽ മുഴുകി. പക്ഷെ രാത്രി വൈകി വീട്ടിലേക്കു മടങ്ങുമ്പോൾ ആ റിബ്ബൺ അയാളിലും ചിന്തകൾ ഉണ്ടാക്കി?

ആർക്ക്?

അയാൾ ഒരു സിംഗിൾ പാരന്റ് ആയിരുന്നു. ഏകമകൻ സമർത്ഥനാണ്. ജോലിയിലുള്ള മുടിഞ്ഞ ആത്മാർത്ഥത  കാരണം അവനെ വേണ്ടത്ര ശ്രദ്ദിക്കാൻ അയാൾക്ക്‌ കഴിഞ്ഞിരുന്നില്ല. ഇടക്ക് പ്രോഗ്രസ്സ് റിപ്പോർട്ടിൽ ഒപ്പിടാൻ വരുമ്പോൾ അവന്റെ വിവിധ വിഷയങ്ങളിലുള്ള മാർക്ക് അയാളെ ആനന്ദിപ്പിച്ചിട്ടുണ്ട്. എന്നാലും വേണ്ട രീതിയിൽ അവനെ അഭിനന്ദിക്കാൻ അയാൾക്ക് സാധിച്ചിരുന്നില്ല. അച്ഛൻ അവന്റെ മിടുക്കിന് അഭിനന്ദനം അറിയിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട്   ഇന്ന് റിബ്ബൺ അവന്റെ കയ്യിൽ കെട്ടികൊടുക്കണമെന്ന് അയാൾ തീരുമാനിച്ചു.   ചില സ്നേഹങ്ങൾ വെളിപ്പെടാനും ചില നിമിത്തങ്ങൾ വേണ്ടി വരുമല്ലോ?

മകൻ ഉറങ്ങി കാണുമെന്ന പ്രതീക്ഷയിലാണ്  അയാൾ വീടണഞ്ഞത്. അവന്റെ മുറിയിൽ അരണ്ട വെളിച്ചമുണ്ട്. വാതിലിൽ പതുക്കെ മുട്ടി. വാതിൽ തുറക്കപ്പെട്ടു. മകന്റെ  കണ്ണുകൾ കരഞ്ഞതു പോലെ തോന്നിപ്പിച്ചു. പറയാനുള്ള കാര്യം പതുക്കെ പറഞ്ഞു റിബ്ബൺ മകന്റെ കയ്യിൽ കെട്ടി  കൊടുത്തപ്പോഴാണ്  അവന്റെ കൈയിലുള്ള പേപ്പർ താഴെ വീണത്. അതെടുത്ത് വായിച്ച അയാൾക്ക് അവനെ കെട്ടിപിടിച്ചു കരയേണ്ടി വന്നു.

“ഈ വീട്ടിൽ ആരും എന്നെ സ്നേഹിക്കാനില്ല, ഞാൻ മരിക്കുന്നു” എന്നെഴുതി വച്ച ഒരാത്മഹത്യ കുറിപ്പായിരുന്നു അത്. ഏതോ സ്‌കൂളിലെ ഏതോ ടീച്ചറുടെ ഒരു പ്രോജക്ടിന്റെ സുന്ദരമായ പര്യവസാനം.

അവൻ അന്ന് മരിച്ചില്ല, ആ റിബ്ബൺ ആർക്കും കൈമാറിയതുമില്ല. ഒരു നിധി പോലെ അവൻ അത് സൂക്ഷിച്ചു. അച്ഛൻ കൂടുതൽ സമയം അവന്റെ കൂടെ ചിലവഴിക്കാൻ തുടങ്ങിയപ്പോൾ  റിബ്ബണിന്റെ കഥ അവൻ ചികഞ്ഞെടുത്തു. അച്ഛന്റെ ഓഫീസിലെ ചെറുപ്പക്കാരൻ വഴി ആ കൊച്ചു പെണ്കുട്ടിയിലേക്ക്. പിന്നെ  അവൾ വഴി ആ ടീച്ചറിലേക്ക്. വേര് വെള്ളത്തെ അന്വേഷിച്ചു ചെന്നതോ അതോ വെള്ളം വേരിനെ തേടി ചെന്നതോ?

കാലങ്ങൾക്കു ശേഷം ടീച്ചറുടെ വിടവാങ്ങൽ ചടങ്ങിൽ ഒരതിഥി എത്തി. ക്ഷണിക്കപ്പെടാതെ. ആ നാട്ടിലെ പബ്ലിക് ഹെൽത്ത് സെന്ററിലെ ജനകീയനായ ഡോക്ടർ. ഡോക്ടറുടെ കയ്യിൽ ഒരു റിബ്ബൺ ഉണ്ടായിരുന്നു. അത് ടീച്ചറിന് കെട്ടി കൊടുത്തശേഷം ചെറുപ്രായത്തിൽ അദ്ദേഹത്തെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ച ഒരു റിബ്ബൺ കഥ പറഞ്ഞു. റിബ്ബൺ അതിന്റെ അവകാശിയെ / കണ്ടെത്തുക തന്നെ ചെയ്യും. നന്മയുടെ പ്രതിഫലം നന്മയല്ലാതെ മറ്റെന്ത്?

ആരേയും അഭിനന്ദിക്കാൻ മറക്കരുത്
 നന്നായിയെന്ന് മുഖത്തു നോക്കി യുള്ള ഒരു പ്രശംസ മതി എല്ലാം മാറ്റിമറിക്കാൻ
നമ്മുടെ മുന്നിലിരിക്കന്ന കുട്ടികളും അതാഗ്രഹിക്കുന്നുണ്ടാവും

LEAVE A REPLY

Please enter your comment!
Please enter your name here