ന്യൂഡല്‍ഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“നിലവില്‍ അന്വേഷണ സംഘം ദൃക്‌സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും വിവിധ ഡാറ്റകളുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുകയുമാണ്. അടുത്ത 15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്”- ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരിയുടെ സൂക്ഷ്മ മേല്‍നോട്ടത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിലെ പുരോഗതികള്‍ ഓരോ ദിവസവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. 

ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 14 പേര്‍ മരിച്ചത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം.

ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്,  നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്‌കുമാർ, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here