തോമസ് കൂവള്ളൂര്‍

ന്യൂയോര്‍ക്ക്: ടെക്‌സസിലെ റോയിസ്‌ സിറ്റിയില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ താമസിക്കുന്ന, കേരളത്തില്‍ നിന്നും കുടിയേറിയ രണ്ടാം തലമുറക്കാരായ കേരള ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമായി അവരുടെ പണംകൊണ്ട് രൊക്കം പണംകൊടുത്ത് വാങ്ങിയ 432 ഏക്കര്‍ സ്ഥലം അന്യാധീനപ്പെടുത്തുന്നതിനെതിരേ പ്രസ്തുത പ്രസ്ഥാനത്തില്‍ പണം മുടക്കിയ ഓഹരി ഉടമകളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു സൂം മീറ്റിംഗ് അടിയന്തരമായി കൂടാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇക്കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ടെക്‌സസിലെ കോളിന്‍ കൗണ്ടി ഡിസ്ട്രിക്ട് കോര്‍ട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നിയമയുദ്ധത്തിന്റെ അവസനാമെന്നോണം കേരള ക്രിസ്ത്യാനികളെ അവരുടെ ബലഹീനത മനസിലാക്കി കബളിപ്പിക്കുന്ന തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരിക്കുകയാണ്. വെള്ളക്കാരായ പതിനഞ്ചില്‍പ്പരം വക്കീലന്മാരുടേയും, അമേരിക്കന്‍ മലയാളികളിലെ സമ്പന്നരായ ചില പ്രമാണിമാരുടേയും ഗൂഢാലോചനയുടെ ഫലമായി കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ക്രിസ്ത്യാനികള്‍ക്ക് മാത്രമായി വാങ്ങിയ 432 ഏക്കര്‍ സ്ഥലം വിറ്റ് പണവുമായി കടന്നുകളയാന്‍ റിസീവര്‍ തുനിഞ്ഞിറങ്ങിയത് കോടതിയില്‍ മെമ്പമാരുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ മൊഴി പോലും എടുക്കാതെയാണ് റിസീവര്‍ വഞ്ചനാപരമായ രീതിയില്‍ ഒരു തീരുമാനം എടുത്തതെന്നുള്ളത് വളരെ വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ക്രിസ്തുമസിന്റെ ഈ വേളയില്‍ ഇത്തരത്തില്‍ ഒരു സൂം മീറ്റിംഗ് വിളിച്ചുകൂട്ടാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നത്.

മുഖ്യമായും കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല ക്രസ്ത്യാനികളെ ഉദ്ദേശിച്ചാണ് ‘കെ.സി.എ.എച്ച്’ എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന കമ്പനി രൂപീകരിച്ചത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ തണുപ്പുള്ള സ്റ്റേറ്റുകളില്‍ താമസിക്കുന്നവരുടെ പേര് പറഞ്ഞാണ് പ്രസ്ഥാനം തുടങ്ങിയത്. 2004 ഡിസംബര്‍ 17-ന് ന്യൂജേഴ്‌സിയില്‍ കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്‍ എന്ന പേരില്‍  ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് സ്റ്റേറ്റുകളില്‍ അക്കാലത്ത് അറിയപ്പെട്ടിരുന്ന വൈദീകര്‍ അടങ്ങിയ ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പാണ് ഈ കമ്പനിക്ക് രൂപംകൊടുത്തതും, കമ്പനി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചതും.

ഒരു കുടുംബത്തിന് ഒരു ഷെയര്‍ മാത്രം എന്നും, 25000 (ഇരുപത്തയ്യായിരം) ഡോളര്‍ മുടക്കി ഒരു ഷെയര്‍ വാങ്ങുന്നവര്‍ പ്രസ്ഥാനത്തിന്റെ സ്ഥല ഉടമകള്‍ ആയിരിക്കുമെന്നും, പ്രസ്ഥാനം വിപുലപ്പെട്ടു കഴിയുമ്പോള്‍ ലാഭവിഹിതവും ഓഹരി ഉടമകള്‍ക്ക് നല്‍കുമെന്നും കമ്പനിയുടെ തുടക്കത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത അതിമനോഹരമായ കളര്‍പ്രിന്റില്‍ അടിച്ചിറക്കിയ പ്രൊസ്‌പെക്ടസില്‍ വളരെ കൃത്യമായി  അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

2005-ല്‍ത്തന്നെ കമ്പനി ഓഫര്‍ ചെയ്ത 150 ഷെയറുകളും ചൂടപ്പം പോലെ വിറ്റുപോയി എന്നതാണ് സത്യം. വൈദീകര്‍ക്ക് പുറമെ ഡോക്ടര്‍മാര്‍, ബാങ്ക് പ്രസിഡന്റ്, സിറ്റി മാനേജര്‍, പി.എച്ച്.ഡിക്കാര്‍ എന്നീ ഉന്നത നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് ഈ കമ്പനിയുടെ ചുക്കാന്‍ പടിച്ചിരുന്നത് എന്ന ഒറ്റക്കാരണത്താല്‍ പണം പ്രസ്ഥാനത്തിലേക്ക് ഒഴുകിയെത്തി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്ത് റിട്ടയര്‍ ചെയ്തിരുന്ന ചില അമേരിക്കന്‍ ഡോക്ടര്‍മാരുടെ പ്രായമായ മാതാപിതാക്കളും അമേരിക്കയിലെ മിനി കേരളത്തില്‍, സ്വപ്ന ഭൂമിയില്‍ അന്തിയുറങ്ങുന്നതിനായി പണം മുടക്കി എന്നു പറയുമ്പോള്‍ എത്രമാത്രം പരസ്യങ്ങളും, പ്രവര്‍ത്തനവും ഇതിന്റെ പിന്നില്‍ നടത്തി എന്നു വായനക്കാരോട് പറയേണ്ട ആവശ്യമില്ലല്ലോ. സിനിമാ നടന്മാര്‍ വരെ ഈ പ്രസ്ഥാനത്തിനുവേണ്ടി കേരളത്തില്‍ നിന്നും അമേരിക്കയിലെത്തി യുട്യൂബിലൂടെ പ്രചാരണം നടത്തി എന്നു പറഞ്ഞാല്‍ ഊഹിക്കാമല്ലോ. രണ്ടായിരാമാണ്ടിന്റെ തുടക്കമായിരുന്നതിനാല്‍ മാധ്യമങ്ങള്‍ക്കും, ടിവിക്കാര്‍ക്കുമെല്ലാം അക്കാലത്ത് കൊയ്ത്തായിരുന്നു. പ്രസ്ഥാനം വേണ്ടവിധത്തില്‍ നടത്താതെ സ്വന്തം കീശ വീര്‍പ്പിക്കുക എന്ന മനുഷ്യമനസാക്ഷിക്കു നിരക്കാത്ത വളഞ്ഞ വഴികളാണ് ഇതിനു നേതൃത്വം നല്‍കിയ മനസാക്ഷിയില്ലാത്ത, കഠിന ഹൃദയന്മാര്‍ ചെയ്തത് എന്നുള്ള സത്യം ഈ ലേഖകന് തെളിവ് സഹിതം മനസിലാക്കാന്‍ സാധിച്ചു. അങ്ങനെ തെളിവില്ലെങ്കില്‍ ഇക്കഴിഞ്ഞ നാലര വര്‍ഷം എനിക്ക് സമൂഹ മധ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമായിരുന്നു.

പുറംലോകത്ത് ഇക്കൂട്ടര്‍ പോട്ട ധ്യാനകേന്ദ്രങ്ങളിലും, അതുപോലെ തന്നെ ഇന്ത്യയിലും, മറ്റു രാജ്യങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പകല്‍ മാന്യന്മാരാണെന്ന് ഓര്‍ക്കണം. ഞാനിത്രമാത്രം  ഹൃദയ വേദനയോടെ ഇക്കാര്യം തുറന്നെഴുതാന്‍ കാരണം 80 വയസിനുമേല്‍ പ്രായമുള്ള വിധവകളേയും, അതുപോലെ തന്നെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്ന ചില പ്രായമായവരേയും ഇക്കൂട്ടര്‍ ശരിക്കും ചൂഷണം ചെയ്തു എന്ന് കണ്ണുനീരോടുകൂടി ചില പ്രായമായവര്‍ അവരുടെ അവസാനത്തെ ചില്ലിക്കാശുവരെ ഈ മനസാക്ഷിയില്ലാത്ത മൃഗങ്ങള്‍ ചിരിച്ചുകൊണ്ട് തട്ടിച്ചെടുത്തു എന്നു ഈ ലേഖകനോട് പറയുകയുണ്ടായി.

വാസ്തവത്തില്‍ എന്നെ ദൈവം ഈ അനീതിക്കെതിരേ തെരഞ്ഞെടുത്തതായി ഞാന്‍ കരുതുന്നു. കഴിഞ്ഞ നാലര വര്‍ഷമായി എല്ലാ പ്രസ്ഥാനങ്ങളില്‍ നിന്നും മാറിനിന്നുകൊണ്ട് ഈ പ്രസ്ഥാനത്തിന് എന്തുപറ്റി എന്നും, എങ്ങനെ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കഴിയുമെന്നും, സ്വന്തം ബുദ്ധി ഉപയോഗിച്ച് ഞാന്‍ അന്വേഷിക്കുകയായിരുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ എന്റെ അന്വേഷണം പൂര്‍ത്തിയായിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പ്രത്യേകം തെരഞ്ഞെടുത്ത, എന്റെ വലംകൈയ്യായി പ്രവര്‍ത്തിച്ചിരുന്നവര്‍ യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുത്തതുപോലെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചു. ഏതായാലും യേശുക്രിസ്തുവില്‍ നിന്നും പാഠം പഠിച്ച ഞാന്‍ സ്വയം ബലിയാടാകാതെ, പിടികൊടുക്കാതെ, ശ്രീനാരായണ ഗുരുവിന്റെ അടവുകള്‍ കൂടി പഠിച്ചതിനാല്‍ രക്ഷപെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

ജനങ്ങളില്‍ നിന്നും പണം വാങ്ങിയ ഈ പരമ ദുഷ്ടന്മാര്‍ എന്തു ചെയ്തു എന്നുകൂടി പറയട്ടെ. മൂന്നേമുക്കാല്‍ മില്യന്‍ ഡോളര്‍ 2005-ല്‍ തന്നെ വിശ്വാസികളില്‍ നിന്നും വാങ്ങിയ ഇതിന്റെ മേലാളന്മാര്‍ കമ്പനിയുടെ പ്രൊസ്‌പെക്ടസില്‍ പറഞ്ഞിരുന്നതുപോലെ ചെയ്യാതെ, കമ്പനിയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍  ഷെയര്‍ ഉടമകളെ കാണിക്കാതെ, ഒരു ജനറല്‍ബോഡി പോലും വിളിക്കാതെ ഇടയ്ക്കിടെ അവര്‍ തന്നെ കമ്പനികള്‍ പുതുതായി മാറ്റാന്‍ തുടങ്ങി. ഇതിനെ ചോദ്യം ചെയ്ത വിവരമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ളവരെ ഇക്കൂട്ടര്‍ പ്രസ്ഥാനത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന പ്രവണത കാണിച്ചതിനാല്‍ ജനമധ്യത്തില്‍ ഇക്കൂട്ടരുടെ കുതന്ത്രങ്ങള്‍ വെളിച്ചത്തില്‍ കൊണ്ടുവരുന്നതിന് കഴിയാതെപോയി.

പ്രസ്ഥാനത്തിന് ചുക്കാന്‍പിടിച്ചവര്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരും അതിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ സാത്താന്റെ സന്തതികളായി ചിത്രീകരിച്ച്, പള്ളികളിലും, മറ്റ് വിവാഹവേദികളിലും, കുടുംബക്കൂട്ടായ്മകളിലുമെല്ലാം പ്രഖ്യാപനം നടത്തി. പ്രസ്ഥാനത്തെപ്പറ്റി ചോദിച്ചിരുന്നവരോട് എല്ലാം ഭംഗിയായി പോകുന്നു. ഗേറ്റഡ് കമ്യൂണിറ്റി, ചാപ്പല്‍, ഗസ്റ്റ് ഹൗസ്, വീടുകള്‍ എല്ലാം ഉണ്ടാക്കിക്കഴിഞ്ഞു. പണമുണ്ടെങ്കില്‍ കുറഞ്ഞ ചെലവില്‍ വീടുകള്‍ വച്ചു നല്‍കുന്നതായിരിക്കും എന്നു പറഞ്ഞ് അവരെ ശാന്തരാക്കിക്കൊണ്ടിരുന്നു.

ഒടുവില്‍ 2017-ല്‍ ആണ് അറിയുന്നത് സമൂഹത്തിലെ രണ്ട് മാന്യന്മാര്‍432 ഏക്കറില്‍ 410 ഏക്കര്‍ സ്ഥലം അവരുടെ പേരിലാക്കിയെന്നും ബാക്കിയുള്ള സ്ഥലത്ത് ഒരു ചാപ്പലും (സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് റോയി സിറ്റി ഇന്‍ കോര്‍പറേഷന്‍) ഉണ്ടാക്കി, അത് ചര്‍ച്ചാണല്ലോ എന്നു പറഞ്ഞപ്പോള്‍, ചര്‍ച്ചല്ല ചാപ്പല്‍ മാത്രമാണ് എന്ന് മാധ്യമങ്ങളില്‍ അവര്‍ തന്നെ വാര്‍ത്ത കൊടുത്തതുമെല്ലാം ചുരുക്കംചില വായനക്കാര്‍ ഇപ്പോഴും ഒര്‍ക്കുന്നുണ്ടാകുമെന്നു കരുതുന്നു.

ഒടുവില്‍ 2017 ജൂണ്‍ മാസത്തിലാണ് ഈ ലേഖകന്‍ പ്രസ്തുത സ്ഥലം യഥാര്‍ത്ഥ ഉടമകള്‍ അറിയാതെ ഇടനിലക്കാര്‍ക്ക് കൈമാറ്റംചെയ്തു എന്ന വാര്‍ത്ത അറിഞ്ഞത്. പക്ഷെ വിശ്വാസികളില്‍ നല്ലൊരു വിഭാഗവും, വൈദീകരും, പ്രാര്‍ത്ഥനാഗ്രൂപ്പുകാരും അങ്ങനെ ചെയ്യുകയില്ല എന്ന് ഈ ലേഖകനോട് തറപ്പിച്ചുപറഞ്ഞത് ഞാനോര്‍ക്കുന്നു. അവരില്‍ ഒരാള്‍ ഇതിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്നയാളും, സമൂഹ മധ്യത്തില്‍ അറിയപ്പെടുന്ന മാന്യനുമായിരുന്നു എന്നുള്ള സത്യം ഇവിടെ തുറന്നുപറയേണ്ടിയിരിക്കുന്നു. കമ്പനിയുടെ സ്ഥലം രണ്ട് മാന്യന്മാര്‍ തങ്ങളുടെ പേരിലാക്കി എന്നു പറഞ്ഞപ്പോള്‍ എല്ലാം അറിയാമായിരുന്ന ആ മനുഷ്യദ്രോഹി എന്നോട് പറഞ്ഞത് അങ്ങനെ ഒരിക്കലും ഉണ്ടാവില്ല എന്നാണ്. വാസ്തവത്തില്‍ കോവിഡ് എന്ന മഹാമാരി ദൈവം തുറന്നുവിട്ടത് ഒരുപക്ഷെ ഇക്കൂട്ടരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി മാത്രമായിരുന്നില്ലേ എന്ന് ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു. യേശുക്രിസ്തു പറഞ്ഞ വാക്ക് ഇവിടെ ഞാന്‍ കടമെടുക്കുകയാണ്. ‘അണലികളുടെ സന്തതികളെ, വെള്ളയടിച്ച കുഴിമാടങ്ങളെ’ നിങ്ങള്‍ ദൈവത്തിന്റെ പേരില്‍ തുടങ്ങിയ ഈ പ്രസ്ഥാനം ദൈവനാമത്തില്‍ തന്നെ പണം തന്നു നിങ്ങളെ പരിപോഷിപ്പിച്ചവര്‍ക്ക്, പണംകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനുള്ള സ്ഥലമെങ്കിലും അവര്‍ക്ക് വീതിച്ചുകൊടുത്ത് ക്രിസ്തീയ രീതിയില്‍ അവസാനിപ്പിച്ചുകൂടായിരുന്നോ. മഹാദ്രോഹികളെ, നിങ്ങള്‍ എത്രയോ പ്രായമായവരുടെ കണ്ണീര്‍ ഈ ഭൂമിയില്‍ വീഴുന്നതിന് കാരണമാക്കി. എന്നിട്ടും നിങ്ങള്‍ അടിച്ചുവിടുന്നു : ‘കൂവള്ളൂര്‍ കള്ളനാണെന്ന്’ എന്നെ ഇല്ലായ്മ ചെയ്താലും ദൈവം നിങ്ങളെ വിടുമെന്നു ഓര്‍ക്കേണ്ട. സത്യം താമസിയാതെ പുറത്തുവരും. പണം മുടക്കിയ ഷെയര്‍ ഉടമകളാണ് 432 ഏക്കര്‍ ഭൂമിയുടെ അവകാശികള്‍ എന്ന് 2017 ഡിസംബര്‍ രണ്ടാം തീയതി ടെക്‌സസിലെ റോയിസ് സിറ്റിയില്‍ വച്ചു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട കെ.സി.എ.എച്ച് എന്ന കമ്പനിയുടെ ആദ്യത്തെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ പറയുന്നു. ഷെയര്‍ ഉടമകള്‍ തെരഞ്ഞെടുത്ത എന്നെ മാറ്റണമെങ്കില്‍ ഒന്നുകില്‍ ഞാന്‍ കുറ്റക്കാരനാണെന്ന് കണ്ടുപിടിക്കപ്പെട്ട് കുറ്റം ആരോപിച്ച് പൊതുയോഗത്തില്‍ വേണം നീക്കം ചെയ്യാന്‍. വെള്ളക്കാരന്റെ കൂടെകൂടി വഞ്ചനാപരമായ രീതിയില്‍ ആയിരിക്കരുത്. കോടതിയില്‍ കള്ള റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കപ്പെട്ടതായി കണ്ടുപിടിക്കപ്പെട്ടു. ഇനി നിങ്ങള്‍ക്ക് രക്ഷയില്ല.

ഇപ്പോള്‍ നിങ്ങള്‍ അടിച്ചുവിടുന്നു ടെക്‌സാസ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഏറ്റവും വലിയ അറ്റോര്‍ണിയാണ് റിസീവര്‍ എന്ന്. റിസീവറെ വെച്ചത് ആരാണെന്ന് അറിഞ്ഞിട്ടാണോ മഹാ ദ്രോഹികളെ നിങ്ങള്‍ ഇത് പ്രായമായവരുടെ ഇടയില്‍ അടിച്ചുവിടുന്നത്.

തല്‍ക്കാലം ഞാനിവിടെ നിര്‍ത്തുകയാണ്. വെള്ളക്കാരേയും, വക്കീലന്മാരേയും, വൈദീക ശ്രേഷ്ഠരേയും, അമേരിക്കന്‍ പ്രസിഡന്റുമാരേയും, പോലീസിനേയും, എഫ്.ബി.ഐയേയും എല്ലാം കണ്ട് അവരുമായി ഇടപെട്ടിട്ടുള്ള എന്നെ താറടിക്കുന്നത് ഇനിയെങ്കിലും നിങ്ങള്‍ നിര്‍ത്തുക. നിങ്ങള്‍ ചെയ്ത തെറ്റിനെയോര്‍ത്ത് പശ്ചാത്തപിക്കുക. ഇല്ലെങ്കില്‍ ഇഹലോകത്തിലും പരലോകത്തിലും നിങ്ങള്‍ക്ക് രക്ഷയുണ്ടാകില്ലെന്ന് ഒരിക്കല്‍ക്കൂടി പറഞ്ഞുകൊള്ളട്ടെ.

ഡിസംബര്‍ 18 ശനിയാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സമയം എട്ടുമണിക്ക് നടത്താനിരിക്കുന്ന സൂം മീറ്റിംഗില്‍ പണം നഷ്ടപ്പെട്ട ഓഹരി ഉടമകളെ എല്ലാവരേയും ക്ഷണിക്കുന്നു. കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസില്‍ പണം മുടക്കി എല്ലാം നഷ്ടപ്പെട്ട ഷെയര്‍ ഉടമകള്‍ക്കു വേണ്ടിയാണെങ്കില്‍ക്കൂടി സമൂഹത്തില്‍ അനീതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ തയാറുള്ള മറ്റ് രാഷ്ട്രീയ- സാമൂഹ്യ നേതാക്കള്‍ക്കും ഈ സൂമിലേക്ക് സ്വാഗതം. ശത്രുവായിക്കൊള്ളട്ടെ മിത്രമായിക്കൊള്ളട്ടെ എല്ലാവരേയും ഈ സൂം മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു. സമയം പരിമിതമായതിനാല്‍ ഇതൊരു വിശദീകരണയോഗമാക്കാനാണ് പ്ലാന്‍. തുടര്‍ന്നും ഇത്തരത്തിലുള്ള സൂം മീറ്റിംഗുകള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഇതൊരു തുടക്കം മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.
1). തോമസ് കൂവള്ളൂര്‍ (914 409 5772)
2). ആന്റണി മാത്യു (917 691 7699)
3). ജയിംസ് കടവുങ്കല്‍ (718 219 1415)
4). റവ. ഫാ. രാജന്‍ പീറ്റര്‍ (718 612 9549)
5). മേരി ഏബ്രഹാം (469 348 4726)
6). ജയിംസ് ജോസഫ് (469 226 8237)
7). ദാനിയേല്‍ ജോര്‍ജ് (407 731 0209)
8). ബാബുജി ജോര്‍ജ് (732 485 3387).

Zoom Meeting ID: 223 474
Passcode: JUSTICE

വാര്‍ത്ത അയച്ചത്: തോമസ് കൂവള്ളൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here