പി.പി.ചെറിയാൻ

ഹൂസ്റ്റൺ : ഒ.ഐ.സി.സി മെമ്പര്‍ഷിപ്പ് കാമ്പയിനുകളുടെയും പുനഃസംഘടനയുടെയും മുന്നോടിയായി ഒ.ഐ.സി.സി അമേരിക്കയുൾപ്പടെ വിവിധരാജ്യങ്ങളില്‍ പുതിയ കോർഡിനേറ്റ ർമാരെയും ഭാരവാഹികളെയും നിയമിച്ചതായി ഒ.ഐ.സി.സി.യുടെ ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ള ചുമതലയേറ്റതിന് ശേഷം യു എസ് എ , കാനഡ , യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലും പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി സംഘടനാ സംവിധാനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
 
ഒ.ഐ.സി.സിയെ വിദേശ രാജ്യത്തും വിവിധ രാജ്യങ്ങളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിനുകള്‍ നടത്തി നാഷണല്‍, റീജിണല്‍, ജില്ലാ-ഏരിയാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുക, പരമാവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കണ്ടെത്തി സംഘടനയുടെ ഭാഗമാക്കുക, നിലവില്‍ കമ്മിറ്റികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അഡ്‌ഹോക്ക് കമ്മിറ്റികള്‍ രൂപീകരിക്കുക, നിര്‍ജീവമായ കമ്മിറ്റികള്‍ക്ക് പുതിയ നേതൃത്വത്തെ കണ്ടെത്തുക എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളാണ് പുതിയ നേതൃത്വത്തിനുള്ളതെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. സംഘടനാപരമായ എല്ലാ ആശയ കുഴപ്പങ്ങളും പരിഹരിച്ചുകൊണ്ട്, വരുംദിവസങ്ങളില്‍ പ്രവാസ മേഖലയിലെ ഏറ്റവും കരുത്തുള്ള പ്രസ്ഥാനമായി ഒ.ഐ.സി.സി മാറുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.
 
പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ദൗത്യം നിഷ്പക്ഷമായി നിറവേറ്റുമെന്നും അര്‍ഹരായ എല്ലാവര്‍ക്കും പുതിയ കമ്മിറ്റികളില്‍ അര്‍ഹമായ പരിഗണന ഉറപ്പുവരുത്തുമെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അഭിനന്ദിക്കുന്നതായും എല്ലാവിധ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പാന്റാമിക് വേളയില്‍ പ്രവാസികള്‍ അനുഭവിച്ച കഷ്ടതകളില്‍ അവര്‍ക്ക് താങ്ങായി നിന്ന ബഹുമാനപ്പെട്ട രമേശ് ചെന്നിത്തലയെയും അദ്ദേഹം ഓര്‍മിച്ചു.
 
കോവിഡ് മൂലം പ്രവാസലോകത്ത് മരിച്ചവരില്‍ ഏറെയും സാധാരണക്കാരും തൊഴിലാളികളുമാണ്. വലിയ ബാധ്യതയോടെയാണ് ഇവര്‍ പ്രവാസലോകത്തേക്ക് എത്തിയത് തന്നെ. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി ഇവരില്‍ പലരേയും സാമ്പത്തികമായി ദുരിതത്തിലാഴ്ത്തിയിരുന്നു. ഇവരുടെ മരണത്തോടെ ആ കുടുംബങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സര്‍ക്കാരുകളുടെ ചില അനാവശ്യമാനദണ്ഡങ്ങളെ തുടര്‍ന്ന് ഇത്തരം സഹായങ്ങള്‍ക്ക് പുറത്തുനില്‍ക്കേണ്ടി വരുന്ന കുടുംബങ്ങളും ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
 
മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണം. അവരുടെ മുന്നോട്ടുള്ള ജീവിതചെലവുകള്‍ക്കായി ചെറുകിട പദ്ധതികള്‍ തുടങ്ങുന്നതിന് പലിശരഹിത വായ്പ നല്‍കുക, കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഈ വിഷയങ്ങളിലെ അവ്യക്തത നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.
 
കേരളം വളരെയധികം പ്രതീക്ഷയോടെ മുന്നോട്ട് വച്ച ലോക കേരളസഭ അങ്ങേയറ്റം പരാജയമായിരുന്നു. അതിന് ചിലവാക്കിയ കോടികള്‍ നോര്‍ക്ക വഴി സാധാരണ പ്രവാസികളിലേക്ക് എത്തിക്കണമായിരുന്നു. കേരള മുഖ്യമന്ത്രിയുടെ ലോക കേരളസഭയെക്കുറിച്ചുള്ള ആശയങ്ങളും കാഴ്ചപ്പാടും വളരെയധികം നല്ലതാണെങ്കിലും പ്രവര്‍ത്തികമാക്കാന്‍ സാധിക്കാത്തത് മൂലം അത് കേവലം ഒരു പ്രഹസനം മാത്രമായിരുന്നു. വളരെയധികം അനുഭവസമ്പത്തും സാങ്കേതിക കഴിവുകളും ഉള്ള നിരവധി പ്രവാസികള്‍ കേരളത്തെ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുന്നത് ഇനിയും പുതിയ സുഗതന്മാര്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍ കരുതലായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല കേരളത്തില്‍ ഇപ്പോഴുള്ളത്. കരളത്തില്‍ രാഷ്ട്രീയപരമായും, വ്യവസായികമായും മൊത്തത്തിലുള്ള മാറ്റം പ്രവാസിക്ക് അനുകൂലമായിരിക്കും. ഒ.ഐ.സി.സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍മാരുടെ യോഗം ജനുവരി അവസാനത്തോടെ കെപിസിസി പ്രസിഡന്റ്ിന്റെ അദ്ധ്യക്ഷതയില്‍ ചേരുവാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും ഗ്ലോബല്‍ പ്രസിഡന്റ് അറിയിച്ചു.
 
അമേരിക്കയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും
 
ഒ.ഐ.സി.സിയുടെ അമേരിക്കയിലെ പ്രവര്‍ത്തനം നാഷണല്‍ കോ ഓഡിനേറ്റര്‍ ജെയിംസ് കൂടലിന്റെയും റീജണല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ജീമോന്‍ റാന്നി, സന്തോഷ് ഏബ്രാഹാം എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നതായി ശങ്കരപ്പിള്ള കുമ്പളത്ത് അറിയിച്ചു. ഇതിന്റെ ഭാഗമായി രൂപരേഖകള്‍ തയാറായി കഴിഞ്ഞു. യൂറോപ്പ്, കാനഡ അടക്കമുള്ള രാജ്യങ്ങളിലും കോണ്‍ഗ്രസിനെ ശകതിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.
 
കാനഡ നാഷണല്‍ കമ്മിറ്റി അംഗത്വ വിതരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി
 

ഒഐസിസി കാനഡ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കാനഡയില്‍ നിന്നുള്ള നൂറു മെമ്പര്‍ഷിപ്പ് കാനഡ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പ്രിന്‍സ് കാലായില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് കൈമാറി. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി രണ്ടാമത്തെ ഘട്ടത്തെ പ്രവര്ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രിന്‍സ് കാലായില്‍ പറഞ്ഞു. കാനഡ ഒഐസി സി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കെപിസിസി പ്രസിഡന്റ് എല്ലാ ഭാവുകങ്ങളും ആശംസിച്ചു ചടങ്ങില്‍ ഒഐസിസി ഓഫീസ് സെക്രട്ടറി കെ.ജി ബാബുരാജ്, കെപിസിസി ഓഫീസ് സെക്രട്ടറി ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുമ്പളത്ത് ശങ്കരപ്പിള്ള

LEAVE A REPLY

Please enter your comment!
Please enter your name here