ഫ്രാൻസിസ് തടത്തിൽ 

ഫൊക്കാനയുടെ 2022- 2024 ഭരണസമിതിയിലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി  ലീല മാരേട്ട് വീണ്ടും മത്സരിക്കുന്നു. ഇത് മൂന്നാം തവണയാണ് ഫൊക്കാന പ്രസിഡണ്ട് സ്ഥാനത്തേക്ക് ലീല മാരേട്ട് അങ്കം കുറിക്കുന്നത്. 

കഴിഞ്ഞ രണ്ടു തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്ന ലീല 2018-2020 വർഷത്തെ തെരെഞ്ഞെടുപ്പിൽ മാധവൻ ബി. നായരോട് നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണ വീണ്ടും മത്സരരംഗത്തുണ്ടായിരുന്ന ലീലയ്ക്ക് സംഘടനയിലെ ചില തർക്കങ്ങളും ആശയക്കുഴപ്പങ്ങളും മൂലം പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ല.  തുടർന്ന്  ജോർജി വർഗീസ് എതിരില്ലാതെ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കുകയുമായിരുന്നു. 

ഫൊക്കാനയുടെ ഭൂരിപക്ഷം വരുന്ന നേതാക്കളുടെയും സംഘടനകളുടെയും പിന്തുണയോടെയാണ് ലീല മാരേട്ട് ഇത്തവണ മത്സരിക്കുന്നത്.  കഴിഞ്ഞ തവണത്തേക്കാൾ അംഗബലം ( സംഘടനയുടെ എണ്ണം) ഗണ്യമായി വർധിച്ച ഇത്തവണ മിക്കവാറുമുള്ള എല്ലാ അംഗസംഘടനകളുടെയും പിന്തുണ മുൻകൂട്ടി നേടിയ ശേഷമാണ് ലീല തന്റെ സ്ഥാർത്ഥിത്വം പ്രഖ്യാപിക്കുന്നത്. ഫൊക്കാനയിലെ എല്ലാ മുൻ പ്രസിഡണ്ടുമാരുടെയും മുതിർന്ന നേതാക്കന്മാരുടെയും പിന്തുണയും ലീല ഉറപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ജോർജി വര്ഗീസ് ടീമിനൊപ്പം ശക്തമായി നിലകൊണ്ട് പ്രവർത്തനം നടത്തി വരുന്ന ലീല ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ അമേരിക്കയിലങ്ങോളമിങ്ങോളം സംഘടിപ്പിച്ചിട്ടുള്ള ഒട്ടു മിക്ക പരിപാടികളിലും സജീവ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇതുവരെ മറ്റാരും മത്സരരംഗത്ത് ഇല്ലാത്തതിനാൽ ഇത്തവണ ലീല മാരേട്ട് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. വിവിധ ഭരണസമിതികളിലായി  ഫൊക്കാനയുടെ പല ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ലീല മാരേട്ട് അമേരിക്കയിലെ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശക്തയായ സ്ത്രീ സാന്നിധ്യമാണ്. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന ഫൊക്കാന ഇന്റർനാഷണൽ  കൺവെൻഷന്റെ നാഷണൽ കോർഡിനേറ്റർ കൂടിയായ ലീല മാരേട്ട് ഫൊക്കാനയുടെ കമ്മിറ്റി മെമ്പര്‍, റീജണല്‍ പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ദേശീയ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള വനിതാ നേതാവാണ്. 
 
മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ സ്ത്രീ ശാക്തീകരണത്തിന് ഉതകുന്ന ഒട്ടേറെ പദ്ധതികളാണ് നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. വിമൻസ് ഫോറം ചെയർ പേഴ്സൺ ഡോ.കല ഷഹിയുടെ നേതൃത്വത്തിൽ വിമൻസ് ഫോറത്തെ അന്താരഷ്ട്ര തലത്തിൽ വരെ വിപുലീകരിച്ചുകൊണ്ട് 140 പരം അംഗങ്ങൾ ഉള്ള കമ്മിറ്റി വരെ രൂപീകരിച്ചിരുന്നു. ഫൊക്കാനയുടെ ഈ കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിച്ചതുതന്നെ വിമൻസ് ഫോറത്തിന്റെ ഒരു വലിയ പദ്ധതിയോടെയാണ്. ഇത്തവണ ഫൊക്കാന പ്രസിഡണ്ട് ആയി ലീല മാരേട്ട് തെരെഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകളുടെ നേതൃത്വത്തിന് ഫൊക്കാന നൽകുന്ന മറ്റൊരു ആദരവുകൂടിയായിരിക്കും. ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടാൽ, ഫൊക്കാനയുടെ ഉരുക്കു വനിതയെന്ന് അറിയപ്പെടുന്ന മറിയാമ്മ പിള്ളയ്ക്ക് ശേഷം ഫൊക്കാനയുടെ പ്രസിഡണ്ട് ആകുന്ന രണ്ടാമത്തെ വനിതയാകും ലീല. 
 
 14 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിഡന്റ് സ്ഥാനം ലീലയെ തേടിയെത്തിയതാണ്. അന്നു സ്ഥാനത്തിനുവേണ്ടി മത്സരിക്കുവാന്‍ തയാറല്ലായിരുന്ന അവർ  ഇപ്പോള്‍വിവിധ സ്ഥാനങ്ങള്‍ വഹിച്ച് ലഭിച്ചതിലെ  അനുഭവജ്ഞാനം, സംഘടനയെ നയിക്കാനുള്ള നേതൃപാടവം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് വീണ്ടും രംഗത്തു വന്നിരിക്കുകയാണ്.
 
1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. അമേരിക്കന്‍ മലയാളികളുടെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയായ ഫൊക്കാന നിലവില്‍ വന്ന സമയം തൊട്ട് സംഘടനയുടെ പദവികള്‍ ഏറ്റെടുത്തും പ്രവര്‍ത്തനത്തിലൂടെ ആ പദവിയില്‍ നീതി പുലര്‍ത്തിയും അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവാന്‍ ലീല മാരേട്ട് ശ്രമിച്ചിരുന്നു.
 
2004-ല്‍ വാശിയേറിയ ഇലക്ഷനില്‍ കൂടിയാണ് ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നും കണ്‍വന്‍ഷന് സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ നല്ല പങ്കുവഹിച്ചു.2006-ല്‍ തമ്പി ചാക്കോ പാനലില്‍ ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റായി.ശക്തമായ ഇലക്ഷനില്‍ എല്ലാവരും പരാജയപ്പെട്ടിട്ടും ഒറ്റയ്ക്ക് വിജയിച്ചു .
 
വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം കാഴ്ചവെച്ചു. നിര്‍ധനരായവര്‍ക്ക് നാട്ടില്‍ പത്തു വീടുകള്‍ നിര്‍മ്മിച്ചു. ഇന്‍ഡിപെന്‍ഡന്റ്സ് ഡേ പരേഡില്‍ ഫൊക്കാനയുടെ പ്രൗഢി നിലനിര്‍ത്തുവാന്‍ രണ്ടു പ്രാവശ്യം ഫ്ളോട്ടുകള്‍ ഇറക്കി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 50 വര്‍ഷത്തെ കേരളപ്പിറവി ആഘോഷിച്ചു. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുവാന്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്തി. വനിതകള്‍ക്കുവേണ്ടി സൗന്ദര്യമത്സരം അരങ്ങേറി.
 
2008-ല്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടത്തപ്പെട്ട ഫൊക്കാന കണ്‍വന്‍ഷന്‍ സുവനീര്‍ കോര്‍ഡിനേറ്ററായിരുന്നു. പരസ്യങ്ങള്‍ പിടിച്ചെടുത്ത സാമ്പത്തികം കൊണ്ട് കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ നടന്നു. തൊട്ടടുത്ത ടുത്ത ആല്‍ബനി കണ്‍വന്‍ഷനില്‍ ട്രഷററായിരുന്നു. ആ വര്‍ഷവും കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ കലാശിച്ചു.

വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും വിമന്‍സ് ഫോറം സംഘടിപ്പിച്ചു. സെമിനാറുകള്‍, വിവിധ കലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരങ്ങള്‍, അവയവദാന രജിസ്ട്രി എന്നിവ സംഘടിപ്പിച്ചു. കാനഡയിലും ഫിലഡല്ഫിയയിലും നടന്ന രണ്ടു കണ്‍വന്‍ഷനിലും വളരെയധികം രജിസ്ട്രേഷനുകളും, പരസ്യവും ശേഖരിച്ച് അങ്ങേയറ്റം സഹായിക്കുകയുണ്ടായി.  1988ല്‍ ആരംഭിച്ച പൊതുപ്രവര്‍ത്തനം കൊണ്ട് ലീല മാരേട്ട് നേടിയ അനുഭവസമ്പത്ത് അളന്നു തിട്ടപ്പെടുത്താന്‍ ഒരു മനുഷ്യായുസ്സ് മതിയായെന്ന് വരില്ല. ഫൊക്കാനയുടെ അംഗമായത് മുതല്‍ക്കുള്ള ലീല മാരേട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപ്പത്തിന്റെ ആവേശവും ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നു. ഇന്നും ആ ചെറുപ്പത്തില്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് ലീല മാരേട്ട്.

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ലീല മാരേട്ട് താല്‍പ്പര്യം കാണിച്ചിരുന്നു. അമേരിക്കന്‍ മലയാളികളില്‍ രാഷ്ട്രീയബോധം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിരുന്നു.

ലീലയുടെ ഔദ്യോഗിക ജീവിതത്തിന്റേയും പൊതുകാര്യ ജീവിതത്തിന്റേയും മണ്ഡലങ്ങള്‍ വളരെ വിസ്തൃതമാണ്. രസതന്ത്രത്തില്‍ എം.എസ്.സി. ബിരുദമുള്ള ഇവര്‍ ആലപ്പുഴ സെന്റ്. ജോസഫസ് കോളേജിൽ അസിസ്റ്റന്റ് പ്രഫസർ ആയിരുന്നു. പിന്നീട് അമേരിക്കയിൽ എത്തിയ ശേഷം  ബ്രോങ്ക്സ് കമ്മ്യൂണിറ്റി കോളേജിലും അധ്യാപികയായി ജോലി നോക്കി. ന്യൂയോര്‍ക്ക് നഗരത്തിലെ പരിതസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ നിന്നും വിരമിച്ചു.
 
ഫൊക്കാനയിലെ സംഘടനാ പ്രവർത്തങ്ങൾക്കു പുറമെ നിരവധി രാഷ്ട്രീയ- സാമുദായിക- സംഘടനാ രംഗത്ത് നേതൃത്വവും സജീവ സാന്നിധ്യവും അറിയിച്ച നേതാവാണ് ലീല. നിലവിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്- യു.എസ്.എ (ഐ.ഒ.സി.-യു.എസ്. എ) കേരള ചാപ്പ്റ്റർ പ്രസിഡണ്ട് ആയ ലീല  കേരള സമാജം പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ എന്നീ നിലകളില്‍ ആദ്യകാലത്തു. പ്രവര്‍ത്തിച്ചുകൂടാതെ, ഇന്ത്യ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സിറ്റി യൂണിയന്റെ ലോക്കല്‍ 375 ന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി, വുമണ്‍സ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി കോചെയര്‍, ഡെലിഗേറ്റ്, ട്രഷറര്‍, കോ ചെയര്‍ ഓഫ് ഡിസി 37 ഏഷ്യന്‍ ഹെറിറ്റേജ്, ഏഷ്യന്‍ പസഫിക് ലേബര്‍ അലൈന്‍സ് എക്സിക്യൂട്ടീവ് മെമ്പര്‍, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്, ന്യൂ അമേരിക്കന്‍ ഡെമോക്രാറ്റിക് ക്ലബിന്റെ ബോര്‍ഡ് മെമ്പര്‍ തുടങ്ങി ഒട്ടനവധി കർമ്മമേഖലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here