ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്ത വേളയിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ വലഞ്ഞ് യുപി ബിജെപി. രണ്ട് ദിവസത്തിനിടെ 15 എംഎൽഎമാരാണ് ഉത്തർപ്രദേശിൽ ബിജെപിയിൽ നിന്നും രാജിവെച്ചത്. ആയുഷ് മന്ത്രി ധരം സിംഗ് സൈനി ഉൾപ്പടെ 8 പേരാണ് ഇതുവരെ പാർട്ടി വിട്ടത്. ഹാഥ്‌റസ് എം എൽ എ ഹരിശങ്കർ മാഹോറാണ് അവസാനമായി പാർട്ടിയിൽ നിന്നും പുറത്തേക്ക് പോയത്.

ഉത്തർപ്രദേശിൽ ഇതുവരെ നിശബ്ദമായി കരുക്കൾ നീക്കിയ അഖിലേഷ് യാദവ് അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപിക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ബി ജെ പി ക്യാംപിൽ നിന്ന് ഇതുവരെ 15 പേരെ അടർത്തി മാറ്റിയത് എസ് പിക്ക് വലിയ നേട്ടമാണ്. തൊഴിൽ മന്ത്രി സ്വാമിപ്രസാദ് മൗര്യ ആണ് ആദ്യം രാജിനല്കിയത്. വനം മന്ത്രി ദാരാ സിംഗ് ചൗഹാൻ ഉൾപ്പെ നാലുപേർ ഇന്നലെ രാജി നല്കി. ആയുഷ് മന്ത്രി ധരം സിംഗ് സൈനി, എംഎൽഎമാരായ മുകേഷ് വെർമ്മ, റോഷൻലാൽ വെർമ്മ, മാധുരി വെർമ്മ, ലഖിംപുർ ഖേരിയിലെ ബാലപ്രസാദ് അവസ്തി തുടങ്ങിയവരാണ് ഇന്ന് രാജി നല്കിയത്. ഹാഥ്‌റസിലെ ഹരിശങ്കർ മാഹോറും പാർട്ടി വിട്ടു. പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണനയാണ് പലരും പാർട്ടിവിടാൻ കാരണമായി പറയുന്നത്.

അതിനിടെ സമാജ് വാദി പാർട്ടി യുപിയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 29 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. 19 സീറ്റിൽ ആർഎൽഡിയും 10 സീറ്റിൽ സമാജ്വാദി പാർട്ടിയും മത്സരിക്കാനാണ് ധാരണ. ബിജെപി വിട്ട എല്ലാവരെയും എസ്പിയിലേക്ക് സ്വീകരിക്കും എന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. യാദവർ ഒഴികെയുള്ള പിന്നാക്ക സമുദായങ്ങളായ മൗര്യ, കുർമി, കുശ്വാഹ, ശാക്യ, സൈനി തുടങ്ങിയവയെ കൂടെ നിർത്തിയായിരുന്നു കഴിഞ്ഞ തവണത്തെ ബിജെപിയുടെ സോഷ്യൽ എഞ്ചിനീയറിംഗ്. യോഗി ആദിത്യനാഥിന്റെ നേതൃശൈലിയോടുള്ള വിയോജിപ്പാണ് പാർട്ടി വിട്ട് നേതാക്കൾ പ്രകടമാക്കുന്നുത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഉൾപ്പടെയുള്ളവരെ കൂടെക്കൂട്ടി ബിജെപി വിരുദ്ധ സഖ്യം വിശാലമാക്കുകയാണ് അഖിലേഷ് യാദവ്.

അതേ സമയം ഉത്തർപ്രദേശിൽ  50 വനിതകൾക്ക് സീറ്റ് നൽകി കോൺഗ്രസിൻറെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ടു.  125 അംഗ സ്ഥാനാർത്ഥി പട്ടികയാണ് ആദ്യ ഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതിൽ നാൽപ്പത് ശതമാനം സ്ഥാനാർത്ഥികൾ വനിതകളും 40 ശതമാനം പേർ യുവാക്കളുമാണ്. ചരിത്രപരമായ തീരുമാനത്തിലൂടെ പുതിയ രാഷ്ട്രീയത്തിന് തുടക്കമിടുകയാണെന്ന് പറഞ്ഞായിരുന്നു പ്രിയങ്കയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. ഉന്നാവിലെ പെൺകുട്ടിയുടെ അമ്മ ആശ സിംഗും കോൺഗ്രസ് സ്ഥാനാർത്ഥിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here