ന്യൂഡൽഹി: 2022ലെ പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ എട്ട് വരെ നടത്താൻ തീരുമാനം. ഇരു സഭകളുടെയും സാന്നിധ്യത്തിൽ സമ്മേളനം ജനുവരി 31ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അഭിസംബോധനയോടുകൂടി ആരംഭിക്കും.

 

2022- 2023 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്‌ജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 11ന് സമാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനും ഇടയിലാണ് ബഡ്‌ജറ്റ് സമ്മേളനം നടക്കുന്നത്. പകർച്ചാവ്യാധിയുടെ ഫലമായി കഴിഞ്ഞ അ‌ഞ്ച് പാർലമെന്റ് സമ്മേളനങ്ങളും ചുരുക്കിയിരുന്നു.

 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളനത്തിൽ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നതായി അധികൃതർ അറിയിച്ചു. സമ്മേളനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ലോക സഭാ സ്പീക്കറും രാജ്യസഭാദ്ധ്യക്ഷനും ജനുവരി 25നോ 26നോ യോഗം ചേരുമെന്നും അധികൃതർ പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് 14ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here