(പി ഡി ജോർജ് നടവയൽ)

ചിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)-യുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അനിലാൽ ശ്രീനിവാസൻ (പ്രസിഡണ്ട്), ജോർജ്ജ് നടവയൽ (വൈസ് പ്രസിഡണ്ട്), ശങ്കർ മന (ജനറൽ സെക്രട്ടറി), ഷിബു പിള്ള (ജോയിന്റ് സെക്രട്ടറി), ഗീതാ രാജൻ (ട്രഷറർ), ഹരിദാസ് തങ്കപ്പൻ (ജോയിന്റ് ട്രഷറർ), പ്രസന്നൻ പിള്ള (പബ്ലിക്ക് റിലേഷൻസ് ചെയർ), സാമുവൽ യോഹന്നാൻ (പ്രോഗ്രാം കമ്മിറ്റി ചെയർ), കെ. കെ. ജോൺസൺ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം).

കേരളത്തിൽ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡ യിലേയ്ക്കും കുടിയേറിപ്പാർത്ത ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. സ്വതന്ത്ര മതേതര പുരോഗമന കാഴ്ചപ്പാടുള്ള എഴുത്തുകാരും സാഹിത്യാസ്വാദകരും ലാനയിൽ കൂട്ടുകൂടുന്നു.

ചിക്കാഗോയിൽ, ‘സുഗതകുമാരി നഗറിൽ’ (ക്നാനായ കാത്തലിക് സെന്ററിൽ -1800 Oakton st, Des Plaines),  ഒക്ടോബർ 1,2,3 തീയതികളിൽ നടന്ന, ലാനയുടെ പന്ത്രണ്ടാം ദ്വൈവാർഷിക സമ്മേളനത്തിലാണ്, പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

2022 ജനുവരി 9ന്, ജോസൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള ലാനാ മുൻ ഭാരവാഹികളും, അനിലാൽ ശ്രീനിവാസൻ്റെ നേതൃത്വത്തിലുള്ള പുതു ഭാരവാഹികളും, സംയുക്ത യോഗം ചേർന്ന്, ലാനാ പുതുഭരണസമിതിയ്ക്ക്, ചുമതലകൾ കൈമാറി. കഴിഞ്ഞ വർഷങ്ങളിൽ ലാനയെ മുന്നോട്ടു നയിച്ച എല്ലാ എഴുത്തുകാർക്കും ലാനാ പ്രേമികൾക്കും പ്രസിഡണ്ട് അനിലാൽ ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി. 2022-23 വർഷങ്ങളിലേക്കുള്ള, ലാനയുടെ പ്രവർത്തന രേഖ, അനിലാൽ അവതരിപ്പിച്ചു. പുതു സമിതിയുടെ നേതൃത്വത്തിലുള്ള ലാനാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്തും.

ജോസെൻ കാലഘട്ടത്തിൽ, ലാനയിൽ,  ഇൻ്റർനെറ്റ് സാങ്കേതിക വിദ്യകളെയും യുവപങ്കാളിത്തത്തെയും വിപുലമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്നെന്നും, ജോസെൻ്റെയും, അനിലാലിൻ്റെയും ജെയ്ൻ ജോസഫിൻ്റെയും  സേവനം അവിസ്‌മരണീയമായിരുന്നെന്നും ജോർജ് നടവയലും കെകെ ജോൺസണും വ്യക്തമാക്കി. മുൻ പ്രസിഡണ്ട് ജോസെൻ ജോർജ്ജും, മുൻ വൈസ് പ്രസിഡണ്ട് ജയ്ൻ ജോസഫും, മുൻ ഭരണ സമിതിയിലെ സഹപ്രവർത്തകർക്ക് നന്ദിയും, പുതു ഭരണ സമിതിയ്ക്ക് ഭാവുകങ്ങളും നേർന്നു.

ജോർജ്ജ് നടവയൽ, ഷിബു പിള്ള, ഹരിദാസ് തങ്കപ്പൻ, പ്രസന്നൻ പിള്ള, കെ. കെ. ജോൺസൺ എന്നിവർ പ്രവർത്തന രേഖാ ചർച്ചയിൽ ആശയങ്ങൾ അവതരിപ്പിച്ചു. പ്രോഗ്രം കമ്മിറ്റി ചെയർ സാമുവൽ യോഹന്നാൻ  പ്രവർത്തന പരിപാടികൾക്ക് പ്രാഥമിക രൂപം നൽകും. സെക്രട്ടറി ശങ്കർ മന സ്വാഗതവും, ട്രഷറർ ഗീതാ  രാജൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

ലാനാ ചരിത്രത്തിലെ പ്രധാന നാൾ വഴി:

 ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA ) യുടെ ഏഴാമത് അന്തർദ്ദേശീയ സമ്മേളനം 1996-ൽ ഡാളസ്‌ , ടെക്സസിൽ ഉള്ള വിൻഡം  അനറ്റോൾ ഹോട്ടലിൽ വെച്ചു നടന്നു .

കാലങ്ങളായി ഫൊക്കാന  സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്ന  സാഹിത്യ സമ്മേളനത്തിന്, ആ വർഷം ഹ്യൂസ്റ്റൺ മലയാളി എഴുത്തുകാരായിരുന്നു ചുക്കാൻ പിടിച്ചത്. പ്രശസ്‌ത സാഹിത്യകാരൻ എം. മുകുന്ദൻ ആയിരുന്നു മുഖ്യപ്രഭാഷകൻ.  പ്രസ്‌തുത  യോഗത്തിൽ,  സാമൂഹ്യ സമ്മേളനങ്ങളുടെ മേളക്കൊഴുപ്പുകൾക്കൊടുവിൽ , സാഹിത്യ സമ്മേളനത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നൊരു ആശങ്ക അമേരിക്കൻ മലയാളി സാഹിത്യ സ്നേഹികളിൽ സജീവമായി. സാഹിത്യ വിഷയങ്ങൾ ചർച്ച ചെയ്യ്യുവാനും ആസ്വദിക്കുവാനും തനതായ ഒരു തട്ടകം ആവശ്യമാണെന്ന ശക്തമായ ആശയം രൂപപ്പെട്ടു. പ്രധാന യോഗവേദിയിൽ ഫൊക്കാന തിരഞ്ഞെടുപ്പ് ബഹളങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ,  ഏകദേശം മുപ്പതോളം വരുന്ന സാഹിത്യപ്രേമികൾ, അതേ   ഹോട്ടലിലെ  താഴത്തെ നിലയിൽ  ഒത്തുചേർന്നു . അവിടെ നടന്ന ചർച്ചകളുടെ ഫലമായി മലയാള സാഹിത്യത്തെ  പ്രോത്സാഹിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന,  ഒരു  ദേശീയ സാഹിത്യ സംഘടന  രൂപപ്പെടുത്തുവാനുള്ള ശ്രമം ആരംഭിച്ചു . ഇതിന്റെ സാദ്ധ്യതകൾ പഠിക്കുന്നതിനായി ഡോക്ടർ എം. എസ്. ടി . നമ്പൂതിരി ചെയർമാനായുള്ള ഒരു പ്രാഥമിക കമ്മിറ്റി നിലവിൽ വന്നു. ഫിലഡൽഫിയയിലെ ‘രജനി’ മാസികയുടെ എഡിറ്ററും നോവലിസ്റ്റുമായ, ചിരസ്‌മരണീയനായ, ചാക്കോ ശങ്കരത്തിലിൻ്റെ ശ്രമങ്ങൾ വലിയ തുണയായി.

തുടർന്ന് 1997-ൽ, ഈ സംരംഭത്തിന്റെ സ്വപ്നസാക്ഷാൽക്കാരമായ ആദ്യ ദേശീയ കൺവെൻഷൻ ടെക്സസിലെ  ഡാളസ് കേരള സെന്ററിൽ നടന്നു. ചെയർമാൻ എബ്രഹാം തെക്കേമുറിയുടെ നേതൃത്വത്തിൽ ഈ ദേശീയ സംഘടനയുടെ നിയമാവലി അംഗീകരിക്കുകയും “ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക” എന്ന ലാന (LANA ) രൂപം കൊള്ളുകയും ചെയ്‌തു . ഡോക്ടർ എം. എസ്.ടി.  നമ്പൂതിരി (പ്രസിഡണ്ട്), ജോസഫ് നമ്പിമഠം (സെക്രട്ടറി ), സി. എം. ചാക്കോ (ട്രഷറർ) എന്നിവർ ലാനയുടെ ഒന്നാമത്തെ കമ്മിറ്റിയായി സ്ഥാനമേൽക്കുകയും ചെയ്‌തു. രണ്ടു വർഷമായിരുന്നു കമ്മിറ്റിയുടെ കാലപരിധി. 

LEAVE A REPLY

Please enter your comment!
Please enter your name here