ന്യൂഡൽഹി : സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തീരുമാനം. പാർട്ടിയുടെ സ്വന്തം കോട്ടയായ മെയിൻപുരിയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് അഖിലേഷ് മത്സരിക്കുമെന്നാണ് സൂചന.

നേരത്തേ അഖിലേഷ് യാദവ് മത്സരിച്ചേക്കില്ല എന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സ്വന്തം ശക്തികേന്ദ്രമായ ഗോരഖ്പൂരിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ, ബിജെപിയുടെ മുഖ്യ എതിരാളിയായി കണക്കാക്കപ്പെടുന്ന എസ് പിയുടെ അധ്യക്ഷൻ അഖിലേഷും മത്സരക്കളത്തിലിറങ്ങുകയാണ്. യു പി തെരഞ്ഞെടുപ്പ് അങ്ങനെ യോഗി – അഖിലേഷ് പോരാട്ടമായിക്കൂടി മാറുകയാണ്.

മെയിൻപുരിയിലെ കർഹാൽ മണ്ഡലം സമാജ്‌വാദി പാർട്ടിയുടെ സ്വന്തം കോട്ടയാണ്. മെയിൻപുരി ലോക്‌സഭാ മണ്ഡലം മുലായം സിംഗ് യാദവ് പല വട്ടം വിജയിച്ച് ലോക്‌സഭയിലേക്ക് പോയ ഇടം കൂടിയാണ്. 1993 മുതൽ രണ്ട് വട്ടമൊഴിച്ചാൽ ബാക്കിയെല്ലാ തെരഞ്ഞെടുപ്പുകളിലും എസ്പി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്ത മണ്ഡലമാണ് കർഹാൽ. 2002-ലും 2007-ലും ഇവിടെ നിന്ന് ജയിച്ചത് ബിജെപിയാണ്. നിലവിൽ എസ്പി നേതാവായ സൊബാരൻ യാദവാണ് ഇവിടത്തെ എം എൽ എ.

അഞ്ച് തവണയാണ് യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ നിന്ന് മത്സരിച്ച് എം പിയായത്. എന്നാൽ ഇതുവരെ ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് മത്സരിച്ചിട്ടില്ല. ആദ്യമായി യോഗിയെ കളത്തിലിറക്കുമ്പോൾ വീണ്ടും ഭരണത്തിലേറ്റുക എന്നതിൽക്കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. എന്നാൽ അത്ര പെട്ടെന്ന് ബിജെപിക്ക് വിജയം എളുപ്പമാക്കില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് അഖിലേഷ് യാദവ് ഇറങ്ങുന്നത്.

മത്സരിക്കാൻ കളത്തിലിറങ്ങിയാലും അഖിലേഷ് അസംഗഢിൽ നിന്ന് മത്സരിക്കേണ്ടതില്ലെന്നാണ് ഇന്ന് ലഖ്‌നൗവിൽ ചേർന്ന സമാജ്‌വാദി പാർട്ടി യോഗം വിലയിരുത്തിയത്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള അസംഗഢിൽ മത്സരിക്കുന്നത് ബി ജെ പിയുടെ ധ്രുവീകരണ നീക്കങ്ങളെ സഹായിക്കുമെന്നായിരുന്നു വാദം. കർഹലിലെ അഖിലേഷിൻറെ സാന്നിധ്യം ഈ മേഖലയിലെ പല സീറ്റുകളെയും സ്വാധീനിക്കുമെന്നുറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here