ഫ്രാൻസിസ് തടത്തിൽ 

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനോടനുബന്ധിച്ച് നൽകുന്ന സാഹിത്യ അവാർഡ് നിർണയ കമ്മിറ്റി നിലവിൽ വന്നു.  ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് കോർഡിനേറ്റർ ആയുള്ള സാഹിത്യ അവാർഡ് പുരസ്‌ക്കാര കമ്മിറ്റിയുടെ ചെയർമാൻ  സാഹിത്യകാരനും എഡിറ്ററുമായ ബെന്നി കുര്യൻ ആണ് . ഫ്‌ലോറിഡയിൽ നിന്നുള്ള ഡോ . മഞജു സാമുവേൽ ആണ് ആണ് കോ. ചെയർ. 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ വച്ച് നടക്കുന്ന ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവെൻഷനിൽ വച്ചായിരിക്കും പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുക. അവാർഡിന്‌ പരിഗണിക്കാനുള്ള കൃതികൾ ക്ഷണിക്കുന്നത് സംബന്ധിച്ച കൂടുതൽ വിശദമായ വിവരങ്ങൾ അവാർഡ് കമ്മിറ്റി കൂടി പിന്നീട് അറിയിക്കുന്നതാണ്.

മലയാള ഭാഷയെയും സാഹിത്യത്തെയും എന്നും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫൊക്കാനയുടെ ആരംഭകാലം മുതൽ ഫൊക്കാന സാഹിത്യ അവാർഡുകൾ നൽകി വരുന്നത്. പുരസ്കാരത്തിനായി ലഭിക്കുന്ന സാഹിത്യ കൃതികൾ മലയാളത്തിലെ  പ്രഗത്ഭരായ സാഹിത്യകാരന്മാർ അടങ്ങിയ ജഡ്ജിംഗ്‌ പാനൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമായിരിക്കും  ജേതാക്കളെ നിർണയിക്കുകയെന്ന് ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു.

കോർഡിനേറ്റർ ആയി നിയമിക്കപ്പെട്ട ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന മുൻ ജനറൽ സെക്രെട്ടറി, ട്രസ്റ്റി ബോർഡ് വൈസ് ചെയർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.  ഫൊക്കാനയിലെ ഏറ്റവും മികച്ച പ്രാസംഗികരിലൊരാളായ ഫിലിപ്പോസ് ഒരു മികച്ച വാഗ്മിയും നിരൂപകനുമാണ്. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം കേരള എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക KEAN ന്റെ മുൻ പ്രസിഡണ്ടും സ്ഥാപക നേതാക്കളിലുമൊരാളാണ് . ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ പ്രസിഡണ്ട് പദവി ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ഫിലിപ്പോസ് ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയിൽ 
 ഫൊക്കാന നിലവിൽ കടന്നുപോകുന്ന നിയമ വ്യവഹാര നടപടികളിൽ വ്യക്തമായ ദിശാബോധത്തോടെ നയിക്കുകയും കൃത്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ സീനിയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.

ചെയർമാൻ ആയി നിയമിക്കപ്പെട്ട ബെന്നി കുര്യൻ അമേരിക്കൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന എഴുത്തുകാരനും എഡിറ്ററുമാണ്. നവമാധ്യമങ്ങളിലൂടെ നിരവധി ചെറുകഥകളും കവിതകളും  പ്രസദ്ധീകരിച്ചിട്ടുള്ള ബെന്നി സമകാലിക സംഭവങ്ങളെ കോർത്തിണക്കി രചിച്ച നിരവധി കഥകൾ ഏറെ ചിന്താ ദീപ്തമായ വായനാ അനുഭവങ്ങൾ പകർന്നിട്ടുണ്ട്. 2018 ഫൊക്കാന സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാനായിരിക്കേ, അമേരിക്കയിലും പുറത്തുമുള്ള സാഹിത്യപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്ന ബെന്നിയോട് 2022ലും കമ്മിറ്റിയിൽ തുടരാൻ ഫൊക്കാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.    

നോർത്ത് അമേരിക്കൻ മലയാളി എഴുത്തുകാരുടെ തെരഞ്ഞെടുത്ത മികച്ച ചെറുകഥകളുടെ ആന്തോളജിയാകുന്ന ബഹൃത്തായ ഒരു ഗ്രന്ഥം തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ. ഫൊക്കാനയുടെ വിവിധ കാലഘട്ടങ്ങളിലായി ഇറങ്ങിയ സുവനീറുകളിൽ വന്ന പ്രഗത്ഭരായ എഴുത്തുകാരുടെ കൃതികളെ ഏകോപിപ്പിച്ചുകൊണ്ട് ബെന്നി എഡിറ്റ് ചെയ്ത ‘കൈരളി സപര്യ’ എന്ന  ഗ്രന്ഥം കഴിഞ്ഞ ഫിലഡെൽഫിയ കൺവെൻഷനിൽ പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം കേരള എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക  K EAN ന്റെ സ്ഥാപക പ്രസിഡണ്ടും സ്ഥാപക നേതാക്കളിലുമൊരാളാണ് .

കോ- ചെയർ ആയി നിയമിക്കപ്പെട്ട ഫ്ലോറിഡയിൽ നിന്നുള്ള ഡോ. മഞ്ജു സാമുവേൽ കോളേജ് അധ്യാപികയും മികച്ച സംഘടനാ പ്രവർത്തകയുമാണ്. കൊടുവളഞ്ചി സ്വദേശിനിയായ ഡോ. മഞ്ജു മയാമി ലേക്‌സിലുള്ള സൗത്ത് ഈസ്റ്റേൺ കോളേജിലെ പ്രൊഫസർ ആണ്. കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ സെക്രെട്ടറികൂടിയായ ഡോ.മഞ്ജു നഴ്സസ് അസോസിയേഷൻ സൗത്ത് ഫ്ലോറിഡ ചാപ്റ്ററിന്റെ സെക്രെട്ടറികൂടിയാണ്. സി.എസ്.ഐ. ചർച്ച് ഓഫ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ ട്രഷറർ കൂടിയായ അവർ ടൌൺഗേറ്റ് ഹോം ഓണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിക്കുന്നു. ഫൊക്കാനയുടെ വിമൻസ് ഫോറം നാഷണൽ കമ്മിറ്റി അംഗം കൂടിയായ ഡോ. മഞ്ജു വിമൻസ് ഫോറം നടത്തിയ പല പരിപാടികളിലും പ്രധാന റോൾ നിർവഹിച്ചിട്ടുണ്ട്. 


കൂടുതൽ വിവരങ്ങൾക്ക്: www.fokanaonline.org എന്ന വെബ്സൈറ്റിലും നവമാധ്യമങ്ങളിലും എല്ലാ പ്രിന്റ്-ഓൺലൈൻ മലയാളം വെബ് പോർട്ടലുകളിലും പ്രസിദ്ധപ്പെടുത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here