‘മെലഡികളുടെ രാജ്ഞി’, ‘വോയ്സ് ഓഫ് ദ നേഷൻ’, ‘വോയ്സ് ഓഫ് ദ മില്ലേനിയം’, ‘ഇന്ത്യയുടെ വാനമ്പാടി ‘തുടങ്ങി നിരവധി വിശേഷണങ്ങൾ ഉണ്ട് ലതാ മങ്കേഷ്‌കർക്ക്. ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീതജീവിതത്തിൽ ലതാ മങ്കേഷ്‌കർ ശബ്ദം നൽകിയത് നാൽപതിനായിരത്തിലധികം ഗാനങ്ങൾക്കാണ്. അഭിനയരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിച്ച പെൺകുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയർന്നതിനു പിന്നിൽ കരുത്തായത് സംഗീതത്തോടുള്ള അടങ്ങാത്ത അഭിരുചി തന്നെ. ഇന്ന് ലത മങ്കേഷ്‌കർ യാത്രയാകുമ്പോൾ ഓർമയിൽ ഒരുപിടി മധുര ഗാനങ്ങൾ ബാക്കിയാകുന്നു.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിലാണ് ജനനം. ഹേമ എന്നായിരുന്നു പേര്. ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്ന പേരിലേക്ക് എത്തിയത്. സഹോദരി ആശാ ഭോസ്ലേയും ഇന്ത്യയുടെ പ്രിയ ഗായികയായി മാറി.

അഭിനയമായിരുന്നു ആദ്യ തട്ടകം. അഞ്ചാം വയസു മുതൽ ലത തന്റെ അച്ഛന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു. ലത മങ്കേഷ്‌കറുടെ പതിമൂന്നാം വയസിൽ അച്ഛൻ മരിച്ചു. ഇതോടെ കുടുംബത്തിനെ നോക്കാൻ ലത സിനിമാ അഭിനയം തുടങ്ങി. അത് പിന്നണി സംഗീതത്തിലേക്കും എത്തിച്ചു. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. സിനിമയിൽ ഈ ഗാനമുണ്ടായിരുന്നില്ല. അതേവർഷം തന്നെ പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943 ലെ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂവാണ് ആദ്യ ഹിന്ദി ഗാനം.1948ൽ മജ്ബൂർ എന്ന ചിത്രത്തിന് വേണ്ടി ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്‌കറെ പ്രശസ്തിയിലേക്ക് എത്തിച്ചത്. ഇന്ത്യൻ സിനിമയുടെ ഗാന വിഭാഗം അടക്കിവാഴുകയായിരുന്നു തുടർന്നങ്ങോട്ട് ലതാ മങ്കേഷ്‌കർ. പേരും പെരുമയ്ക്കുമൊപ്പം പ്രേക്ഷകപ്രീതിയും ഒരുപോലെ ലഭിച്ച ഒട്ടേറെ ഗാനങ്ങൾ ലതാ മങ്കേഷ്‌കറുടെ സ്വരമാധുരിയിൽ പിറന്നു. ശബ്ദം മോശമെന്ന് പറഞ്ഞ് തിരസ്‌ക്കരിച്ചവരുടെ മുന്നിൽ തലയുയർത്തി നിന്ന് ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു ലതാ മങ്കേഷ്‌കർ.

ഒരൊറ്റ ഗാനം മാത്രമായിരുന്നു മലയാളത്തിൽ ആലപിച്ചതെങ്കിലും ലതാ മങ്കേഷ്‌കർ സ്വന്തമെന്ന പോലെയായിരുന്നു മലയാളിക്ക്. ‘കദളി.. ചെങ്കദളി’ എന്ന ഒരൊറ്റ ഗാനം മതി ആ ശബ്ദം മലയാളികളുടെ കേൾവിയിൽ ഓർമയായി എത്താൻ. രാമു കാര്യാട്ടിന്റെ നെല്ലെന്ന ചിത്രത്തിന് സലിൽ ചൗധരിയുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു ലതാ മങ്കേഷ്‌കർ ആ ഗാനം ആലപിച്ചത്.

അറുപതുകളിൽ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിർവഹിച്ച ലത ഒരിക്കൽ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സർക്കാർ പുരസ്‌കാരവും നേടിയിട്ടുണ്ട്.

പ്രശസ്തമായ ഒട്ടുമിക്ക ചലച്ചിത്ര അവാർഡുകൾ ലതാ മങ്കേഷ്‌കറെ തേടിയെത്തി. 1969ൽ രാജ്യം പത്മഭൂഷൺ നൽകി ലതയെ ആദരിച്ചു. 1989ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു.1999ൽ പത്മവിഭൂഷൺ. നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ പാടിയ ലതയ്ക്ക് മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായികയായും മികവ് കാട്ടിയ ലതാ മങ്കേഷ്‌കറെ 2001ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നൽകി ആദരിച്ചിരുന്നു. എട്ട് പതിറ്റാണ്ടിനിപ്പുറവും കണ്ഠമിടറാതെ നദിപോലെ ഒഴുകിയ പ്രിയ ഗായിക മനോഹരമായ ഗാനങ്ങളിലൂടെ ജനങ്ങളിൽ എന്നും ജീവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here