യുഎഇ: തടവുകാർക്ക് മോചനം അനുവദിച്ച് യു എ ഇ പ്രസിഡന്റിന്റെ ഉത്തരവ്. യു എ ഇയിലെ വിവിധ എമിറേറ്റുകളിലെ തിരഞ്ഞെടുത്ത തടവുകാർക്കാണ് മോചനം ലഭിക്കുക. റമസാനോട് അനുബന്ധിച്ചാണ് തീരുമാനം.
ഇത്തരത്തിൽ എല്ലാ വർഷവും റമസാൻ കാലത്ത് തിരഞ്ഞെടുത്ത തടവുകാർക്ക് മോചനം നൽകാറുണ്ട്.

അതീവ ഗുരുതരം അല്ലാത്ത കേസുകളിൽ പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് ഇളവ് ലഭിക്കുക. ഇതിന് പുറമെ, തടവുകാരുടെ നല്ല പെരുമാറ്റം പരിഗണിക്കാറുണ്ട്. ഇതിന്റെ ഭാഗമായി 870 പേരെ മോചിപ്പിക്കാൻ യു എ ഇ പ്രസിഡന്റിന്റെ ഉത്തരവ് പുറത്തിറങ്ങി.

സ്വദേശികളും വിദേശികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. യു എ ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവിന് പിന്നാലെ വിവിധ എമിറേറ്റുകളിലായി ആയിരത്തി അഞ്ഞൂറിലധികം തടവുകാർ മോചിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ട്.

ജയിൽ മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കും. ജയിലിലെ ശിക്ഷാ കാലത്ത് മികച്ച പെരുമാറ്റം ഉണ്ടായ 659 തടവുകാരെയും മോചിപ്പിക്കും. യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, അജ്മാൻ ഭരണാധികാരിയും യു എ ഇ സുപ്രീംകൌൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അജ്മാനും തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. 82 തടവുകാർക്കാണ് മോചനം ലഭിക്കുക. എന്നാൽ, 210 തടവുകാരെയാണ് ഷാർജയിലെ ജയിലുകളിൽ നിന്നും മോചിപ്പിക്കുക. യു എ ഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇത് സംബന്ധിക്കുന്ന ഉത്തരവ് പുറത്ത് വിട്ടത്.

അതേസമയം, റാസൽഖൈമയിലും ജയിൽ കഴിയുന്ന തടവുകാരെ ജയിൽ മോചിതരാക്കും. 345 തടവുകാരെയാണ് പുതിയ നിർദ്ദേശത്തിന്റെ ഭാഗമായി മോചിപ്പിക്കുന്നത്. ഭരണാധികാരി ഷെയ്ഖ് സൌദ് ബിൻ സഖ്ർ അൽ ഖാസിമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഉത്തരവിന് പിന്നാലെ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിന്റെ നടപടിയിൽ പ്രതികരിച്ച് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി രംഗത്ത് എത്തിയിരുന്നു.

ക്ഷമാ ശീലവും സഹിഷ്ണുതയും മുന്നിൽ കണ്ടുളള സുല്‍ത്താന്റെ മനുഷ്യത്വപരമായ പദ്ധതിയാണിത്. നടപടിയിൽ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജയിൽ തടവുകാരുടെ മോചനം തടവുകാരുടെ കുടുംബത്തില്‍ സന്തോഷം പകരും. ഇതിലൂടെ തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാൻ സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here