രാജേഷ് തില്ലങ്കേരി


പത്രപ്രവർത്തകരെ പണ്ടേ പിണറായി സഖാവിന് വലിയ പഥ്യമല്ല, അത് പാർട്ടി സെക്രട്ടറിയായ കാലം മുതൽ തുടങ്ങിയതാണ്. സിണ്ടിക്കേറ്റ് പത്രക്കാരും സി എ ജിയുടെ ചാരന്മാരായ പത്രക്കാരും ഉണ്ടെന്ന് സഖാവ് വർഷങ്ങൾക്ക് മുൻപു തന്നെ കണ്ടെത്തിയ സ്‌കൂപ്പ് (അന്വേക്ഷണാത്മക- investigative വാർത്ത റിപ്പോർട്ടിങ്ങിനു പത്രഭാഷയിൽ പറയുന്ന വാക്ക്) . പിണറായി സഖാവ് ആദ്യം മുഖ്യമന്ത്രിയായിരുന്ന കാലത്തും മാധ്യമ പ്രവർത്തകരെ എന്നും ഒരു കൈ അകലത്തിൽ തന്നെയാണ് നിർത്തിയിരുന്നത്. അതിനായി അദ്ദേഹത്തിന്റേതായ ശൈലിയിൽ അവതരിപ്പിക്കപ്പെട്ട  ‘കടക്ക് പുറത്ത്…’  എന്ന വാക്ക് മലയാള നിഘണ്ടുവിൽ ഏറെ തിരയപ്പെട്ടിരുന്നു.
കഴിഞ്ഞ കൊറോണക്കാലത്തുണ്ടായ സ്വർണക്കടത്ത് കേസിൽ മാധ്യമങ്ങൾ സ്ഥിരമായ വാർത്ത കൊടുത്തതും, മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ പ്രതിരോധത്തിലാക്കിയതും മുഖ്യമന്ത്രിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറെ മാധ്യമങ്ങൾ പിന്തുടർന്നത് ‘മാധ്യമ വേട്ട’യെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്. രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോൾ മുഖ്യമന്ത്രി മാധ്യമങ്ങളോട് കുറച്ചുകൂടി അകലം പാലിക്കാൻ ശ്രമിച്ചു. 
 
കെ. റെയിൽ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ആരോപണം. പദ്ധതിയെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്നാണ് സഖാവിന്റെ ആരോപണം. കുത്തിത്തിരിപ്പുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. കോർപ്പറേറ്റുകൾക്ക് വേണ്ടി വാർത്തകൾ സൃഷ്ടിക്കുന്നുവെന്നാണ് പ്രധാന പരാതി. കുറ്റി പറിക്കുന്നതിനും, പൊലീസ് സമരക്കാരായ സത്രീകളെ വലിച്ചിഴക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നതും തെറ്റാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രധാന പരാതി.

മാധ്യമങ്ങളും, പ്രതിപക്ഷവും എതിർത്താലും കെ റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇരട്ടിതുക നൽകിയാണെങ്കിലും സ്ഥലം ഏറ്റെടുക്കും, പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചാൽ അത് നടപ്പാക്കുകതന്നെ ചെയ്യുമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കയാണ്. പദ്ധതി നടപ്പാക്കാൻ ഈ ഭരണകാലത്ത് കഴിഞ്ഞില്ലെങ്കിലും അടുത്ത തുടർ ഭരണത്തിലെങ്കിലും പൂർത്തിയാക്കാമെന്ന വ്യാമോഹത്തിലാണ് കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയൻ.

എന്തായാലും സമരവുമായി കെ റെയിൽ വിരുദ്ധസമിതിയും കോൺഗ്രസും ബി ജെ പിയും മുന്നോട്ടുതന്നെയാണ്.  സാമൂഹ്യാഘാത പഠനം നിശ്ചയിച്ച സമയത്ത് തീർക്കാനാവില്ലെന്ന് പഠനം നടത്തുന്നവർ വ്യക്തമാക്കിയിരിക്കയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലയിൽ പഠനം തല്ക്കാലം നിർത്തിവച്ചു. ജനരോഷം എല്ലാവിടങ്ങളിലും ശക്തമായി തുടരുന്നതാണ് തിരിച്ചടിയാവുന്നത്.


വി ഡി സതീശൻ -ഐ എൻ ടി യു സി പോര് ആർക്കുവേണ്ടി ?



കേരളത്തിലെ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലാണ്. സംഘടനാ തെരഞ്ഞെടുപ്പുമായി ഉണ്ടായ അഭിപ്രായഭിന്നത കഴിഞ്ഞ 10 മാസമായിട്ടും പരിഹരിക്കാനാവാതെ മുന്നോട്ട് പോവുകയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ഒരുമിച്ച് നീങ്ങുമെന്നും, കേരളത്തിലെ കോൺഗ്രസിനെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ ഇവർ ഒറ്റക്കെട്ടായി, ഒറ്റമനസോടെ മുന്നേറുമെന്നും കരുതിയവർക്ക് തെറ്റി. രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും അനുനയിപ്പിക്കാൻ ഇവർ ഒരുമിച്ചു നിന്നെങ്കിലും സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി. ഗ്രൂപ്പില്ലെന്ന് പറഞ്ഞവർ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായി.

ഐ എൻ ടി യു സി -കോൺഗ്രസിന്റെ പോഷക സംഘടനയാണോ, അതോ സ്വതന്ത്ര സംഘടനാണോ എന്ന തർക്കമാണ് ഇപ്പോഴത്തെ പുതിയ വിവാദം. വി ഡി സതീശൻ പറയുന്നു, ഐ എൻ ടി യു സി പോഷക സംഘടനയല്ലെന്നും, അത് സ്വതന്ത്ര സംഘടനയാണെന്നാണ്. ഇതോടെ വി ഡി സതീശനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ചങ്ങനാശേരിയിൽ വി ഡി സതീശനെതിരെ പരസ്യ പ്രകടനം ഉണ്ടായി. കോൺഗ്രസിൽ രണ്ട് പക്ഷമാണീവിഷയത്തിൽ ഉണ്ടായിരിക്കുന്നത്.

കോൺഗ്രസ് ദുർബലമായ സമയത്ത് വിവാദങ്ങളുണ്ടാക്കി പാർട്ടിയെ നശിപ്പിക്കാനുള്ള ശ്രമം തടയുമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്.

പാർട്ടിയെ സെമി കേഡറാക്കാനുള്ള ജോലിയിൽ മുഴുകിയിരിക്കുന്ന കണ്ണൂർ സിംഹം കെ സുധാകരൻ  പ്രത്യേകിച്ച് ഈ വിഷയത്തിൽ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. നടപടി വരട്ടേയെന്നാണ് ഐ എൻ ടി യു സി നേതാക്കളുടെ പ്രതികരണം. സംസ്ഥാന അധ്യക്ഷനായ ചന്ദ്രശേഖരന് നേരത്തെ തന്നെ ചെറിയൊരു ചാഞ്ചല്യം പ്രകടിപ്പിച്ചിരുന്ന നേതാവാണ്. സി പി എമ്മിലേക്കാണോ, അതോ എൻ സി പിയിലേക്കാണോ പോക്കെന്ന് മാത്രമേ അറിയാനുള്ളൂ. 
എന്തായാലും ഒരു കാര്യം ഉറപ്പാണ്, കോൺഗ്രസിലെ കലാപങ്ങൾക്ക് ഒരു ശമനവും അടുത്ത കാലത്തൊന്നും ഉണ്ടാവില്ലെന്ന്.


സ്റ്റാലിനാണ് ശക്തനായ മുഖ്യമന്ത്രിയെന്ന് യച്ചൂരി; പറഞ്ഞത് അങ്ങിനെയല്ലെന്ന് എം എ ബേബി….


സി പി എം ജന സെക്രട്ടറി കഴിഞ്ഞ ദിവസം ഒരു സത്യം പറഞ്ഞു; ഇന്ത്യയിൽ ബി ജെ പിയെ നേരിടാനുള്ള ശക്തി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുണ്ടെന്നും, ബി ജെ പി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും ശക്തൻ സ്റ്റാലിനാണെന്നും! വലിയ പ്രതിഷേധമാണ് പാർട്ടിക്കാരിൽ ഈ പ്രസ്താവനയുണ്ടാക്കിയത്. ഇവിടെ സാക്ഷാൽ സ്റ്റാലിനേക്കാൾ ശക്തനാണ് പിണറായി വിജയനെന്ന് വിശ്വസിച്ചിരുന്ന പാർട്ടി സഖാക്കൾ ശരിക്കും ഞെട്ടി, യെച്ചൂരി പറഞ്ഞത് സത്യമോ എന്നായിരുന്നു സഖാക്കളുടെ സംശയം. എന്നാൽ അത് ശരിയല്ലെന്നാണ് എം എം ബേബി സാർ പറയുന്നത്.

മധുരയിൽ പറഞ്ഞത് അങ്ങിനെയല്ലെന്നാണ്, ബേബി സാറിന്റെ വെളിപ്പെടുത്തൽ. തമിഴ് നാട്ടിലായതിനാൽ തമിഴന്മാരെ ആവേശം കൊള്ളിക്കാനുള്ള സഖാവ് യെച്ചൂരിയുടെ ഒരു പൊടികൈ മാത്രമാണ സ്റ്റാലിൻ സ്തുതിയെന്നുമാണ് ബേബിസാറിന്റെ വെളിപ്പെടുത്തൽ. 
ഏറ്റവും വലിയ ഏകാധിപതിയായിരുന്ന ഇന്ദിരാഗാന്ധിയെ  ഭരണത്തിൽ നി്ന്നും പുറത്താക്കിയ ചരിത്രം ഇന്ത്യയിൽ ഉണ്ടെന്നും, ബി ജെ പി ഇതര പാർട്ടികളെ ഏകോപിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പറ്റുമെന്നും അതിനായി സ്റ്റാലിൻ നയപരിപാടികൾ സ്വീകരിക്കണമെന്നുമാണ് സി പി എം ജന. സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞതെന്നുമാണ് ബേബി സഖാവ് വ്യക്തമാക്കുന്നത്. പരിപാടി തമിഴ് നാട്ടിലായതിനാലാണ് യെച്ചൂരി സ്റ്റാലിനെ പ്രകീർത്തിച്ചത്. 
 
ദേശീയ ബദൽ കെട്ടിപ്പെടുക്കാനുള്ള ശക്തി സ്റ്റാലിന് ഉണ്ടെന്നാണ് യെച്ചൂരി പറഞ്ഞതെന്ന് എം എ ബേബി പറയുമ്പോഴും എന്തു കൊണ്ട് സ്വന്തം പാർട്ടിയുടെ നേതാവായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശക്തനായ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. തമിഴ് നാട്ടിലായതിനാലാണ് അങ്ങിനെ പറഞ്ഞതെന്നും കേരളത്തിൽ വരുമ്പോൾ യെച്ചൂരി പിണറായി ശക്തനായ മുഖ്യമന്ത്രിയാണെന്ന് പറയുമെന്നാണ് ബേബി സഖാവിന്റെ പ്രതികരണം. എന്തായാലും കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ യെച്ചൂരി എന്തായിരിക്കും ഇതേക്കുറിച്ച് പറയുന്നതെന്ന് കേൾക്കാം.


ആലപ്പുഴയിലെ പ്രതിഭയും മഹാപ്രതിഭയും സി പി എമ്മിന് തലവേദന തന്നെ

ആലപ്പുഴയിൽ ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന വാക്കായിരുന്നു സഖാവ് ജി സുധാകരൻ. സുധാകരൻ തീരുമാനിച്ചാൽ അത് അന്തിമമാണ്, സുധാകരനെ വെട്ടി ആർക്കും മുന്നോട്ട് പോവാനാവില്ല. എന്നാൽ അതൊക്കെ പഴങ്കഥകളായി ഇനി ആലപ്പുഴക്കാർ ഓർക്കും. ഇന്ന് ജി സുധാകരൻ പാർട്ടിയിൽ കറിവേപ്പിലയായി പരിണമിച്ചിരിക്കുന്നു. ഒരു വർഷമായി ആ കവിഹൃദയം തേങ്ങുന്നത് ആരും കണ്ടില്ല, കണ്ടില്ല എന്നല്ല, ആ വിപ്ലവകാരിയെ പുകച്ചുചാടിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴുണ്ടായി.
 
 പാർട്ടി സ്ഥാനാർത്ഥിയായിരുന്ന എച്ച്. സലാമിനെ തോൽപ്പിക്കാൻ സ്വന്തം തട്ടകത്തിൽ ശ്രമമുണ്ടായി എന്നായിരുന്നു സുധാകരനെതിരെ ഉയർന്ന ആരോപണം. അമ്പലപ്പുഴയിലെ വിപ്ലവ സിംഗം ഒന്ന് ഞെട്ടിയ സംഭവമാണിത്. ചിലർ തന്നെ ഇല്ലാതാക്കാൻ  ഗൂഢാലോചന നടത്തുന്നതായി വലിയ ആരോപണം ഉന്നയിച്ചിരുന്നു. കവി കൂടിയായ സുധാകരൻ അന്ന് ഒരു  കവിതയെഴുതി അതിന് സ്വയം പ്രതിരോധം തീർത്തു. 

പാർട്ടി അന്വേഷണവും ആക്രമണങ്ങളും ആരോപണങ്ങളും ആ കവിഹൃയത്തെ തകിടം മറിച്ചു. സ്വന്തം രാജ്യത്ത് ആയുധം നഷ്ടപ്പെട്ട ഭരണാധികാരിയെപ്പോലെ ജി സുധാകരൻ നിൽക്കുന്ന കാഴ്ചയാണ് പിന്നീട് ആലപ്പുഴയിലെ പാർട്ടിക്കാർ കണ്ടത്. നിലം പരിശാക്കിയതോടെ ശത്രുക്കൾ അട്ടഹാസം മുഴക്കുന്നത് കവിയുടെ നെഞ്ച് പൊള്ളി. ഇതോടെ ഉഗ്രശപഥമെടുത്തിരിക്കയാണ്, കവി. ഇല്ല, ഞാൻ ഇനി ഒന്നിനുമില്ല. 

വി എസ് പാർട്ടിസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ ശക്തമായ നിലപാടുമായി പിണറായിക്കൊപ്പം നിന്ന അതേ സുധാകരനാണ് പിണറായിയുടെ തട്ടകത്തിൽ കോടിയേരിയുടേ കൂടി തട്ടകത്തിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് പങ്കെടുക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. പകരക്കാനരെ തീരുമാനിച്ചുവെന്നാണ് കോടിയേരി പറഞ്ഞത്. “ഏതു വിപ്ലവകാരി പകരം ആ കസേരയിലിരിക്കാൻ …. ” എന്ന പേരിൽ ഒരു കവിത എഴുതാനുള്ള സാധ്യതയും തളളികളയാനാവില്ല. എന്തായാലനും വി എസുമില്ല, ജി എസുമില്ല ഈ പാർട്ടി കോൺഗ്രസിൽ എന്നു രത്‌നചുരുക്കം.

 

 പ്രതിഭയെന്ന എം എൽ എയുടെ ‘പ്രതിഭ’യെ ഇല്ലാതാക്കുന്ന വിഷമവൃത്തങ്ങൾ അറിയുക 

കായംകുളം എം എൽ എ യു പ്രതിഭ വിവാദങ്ങളുണ്ടാക്കുന്നതിൽ ഗവേഷണത്തിലാണ്. പാർട്ടിപ്രവർത്തകരാണ് പ്രതിഭയുടെയും ശത്രുക്കൾ. പ്രതിഭ കായംകുളം എം എൽ എയായി ഇത് രണ്ടാം തവണയാണ് വിജയിച്ച് കയറിയത്. പ്രതിഭ അവരുടെ പ്രതിഭ തെളിയിച്ചിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകളിലാണ്. പാർട്ടിയിലെ ചിലർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രതിഭയുടെ ആരോപണം. പാർട്ടി അവരെ സംരക്ഷിക്കുന്നുവെന്നും പ്രതിഭ ആരോപിച്ചു. 
 
പാർട്ടിയെ വെട്ടിലാക്കിയ പ്രതിഭയുടെ ഫെയിസ് ബുക്ക് കുറിപ്പുകൾ ആലപ്പുഴയിലെ പാർട്ടി നേതാക്കളെ ഞെട്ടിച്ചു. നേരത്തെയും പ്രതിഭയും യുവജന സംഘടനാ നേതാക്കളുമായി പ്രതിഭയ്ക്ക് ചില എതിർപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും പാർട്ടി സമ്മേളനത്തിന് ശേഷം ഉയർന്ന പരസ്യ പ്രതികരണത്തിൽ നേതാക്കൾ ഞെട്ടി.

തനിക്കെതിരെ നീക്കം നടത്തിയവരെ പാർട്ടി സംരക്ഷിക്കുന്നുവെന്നായിരുന്നു പ്രതിഭയുടെ ആരോപണം. ആരോപണം വിവാദമായപ്പോൾ തെറ്റ് ഏറ്റുപറഞ്ഞ് ഫെയിസ് ബുക്ക് അക്കൗണ്ട് പൂട്ടി തടിതപ്പിയതോടെ പാർട്ടിയും ആശ്വാസത്തിലായി, എന്നാൽ കഴിഞ്ഞ ദിവസം പ്രതിഭ വീണ്ടും നേതൃത്വത്തിനെ വിമർശിച്ച് രംഗത്തെത്തി. പാർട്ടി കോൺഗ്രസ് നടക്കുന്ന സാഹചര്യത്തിൽ പ്രതിഭയുടെ ആരോപണം വളരെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടല്ലോ…. എന്തായാലും എം എൽ എ  പ്രതിഭയ്ക്ക് ഇനി പാർട്ടി മാപ്പുനൽകില്ലെന്നാണ് ആലപ്പുഴയിൽ നിന്നും വരുന്ന വാർത്തകൾ. പാർട്ടി കോൺഗ്രസ് കഴിഞ്ഞാലുടൻ പ്രതിഭയ്‌ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് വ്യക്തം.


ഇന്ധനവിലയും വിലക്കയറ്റവും റോക്കറ്റുപോലെ കുതിക്കുന്നു; ജനജീവിതം അതീവ ദുഃസ്സഹമാകുന്നു 


ഇന്ധനവില വിഷം കയറുന്നതുപോലെ കയറുകയാണ്. നിത്യവും കുതിച്ചുയരുന്ന ഇന്ധനവില ജനജീവിതത്തെ ഗുരുതരമായി ബാധിച്ചുതുടങ്ങി. പാചകവാതകത്തിനും വിലകൂടിയിട്ടുണ്ട്. ഇതോടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വിലഉയർന്നിട്ടുണ്ട്. ഓട്ടോ, ടാക്‌സി ചാർജും, ബസ് ചാർജും ഉടൻ വർധിക്കും. 
ഭൂമി റജിസ്റ്റർ ചെയ്യാനുള്ള സ്റ്റാംപ് ഡ്യൂട്ടിയും ഇരട്ടിയായി ഉയർത്തി. അവശ്യമരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയും ഉയർത്തി. പെട്രോൾ, ഡീസൽ വില വർദ്ധന സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്ന് വ്യക്തമാണെങ്കിലും സർക്കാർ ഇന്ധന വർധനയിൽ മൗനത്തിലാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വിലയിൽ മാറ്റ മുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനം ഭയന്നിരുന്നത് തന്നെ സംഭവിച്ചു. എല്ലാറ്റിനും വിലകൂടി. ഒരു വിലയുമില്ലാത്ത ചില മനുഷ്യർ മാത്രമുള്ള സംസ്ഥാനമായി മാറി കേരളം.

മദ്യനയത്തിൽ ജോസ് മോന് അത്ര യോജിപ്പില്ലത്രേ…


ഇടതുപക്ഷത്തിന്റെ എല്ലാ നയപരിപാടികളിലും നൂറു ശതമാനം യോജിപ്പായിരുന്നു സഖാവ് ജോസ് കെ മാണിക്ക്. കേരളാ കോൺഗ്രസ് എം എന്ന പാർട്ടിയെ ഇടത് പാളയത്തിൽ തളയ്ക്കാൻ തീരുമാനിച്ചപ്പോൾ തന്നെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവരെ പഠിച്ച വ്യക്തിയാണ് ജോസ് കെ മാണി.

ഇടതുപക്ഷമാണ് ശരിയുടെ പക്ഷമെന്ന് തിരിച്ചറിഞ്ഞതാണ് ജോസ് മോന്റെ ഏറ്റവും വലിയ തിരിച്ചറിവ്. ഇപ്പോഴിതാ എൽ ഡി എഫിന്റെ മദ്യനയത്തിൽ ചെറിയൊരു വിയോജിപ്പുണ്ടത്രേ, ജോസ് മോന്… കെ സി ബി സി യുടെ എതിർപ്പുകൾക്ക് പിന്നാലെയാണ് ജോസ് മോന്റെ പ്രതികരണം ഉണ്ടായതെന്നും ശ്രദ്ധേയം.


ങേ, അതെന്താണ് ഇപ്പോ അങ്ങിനെയൊരു വിയോജിപ്പെന്നൊന്നും ചോദിക്കരുത്. സഭാ നേതൃത്വവും ബിഷപ്പുമാരും ഇടത് മുന്നണിയുടെ മദ്യനയത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയതോടെ  മദ്യനയത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സഭയെയും ബിഷപ്പുമാരെയും ബോധ്യപ്പെടുത്താനെങ്കിലും പ്രതികരിച്ചല്ലേ പറ്റൂ എന്നാണ് ജോസ് മോന്റെ നിലപാട്.
എന്തായാലും ഐ ടി പാർക്കിൽ മദ്യം ലഭ്യമാക്കാനുള്ള തീരുമാനം സർക്കാർ എടുത്തുകഴിഞ്ഞു. വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനും, കൂടുതൽ മദ്യ ഔട്ട് ലെറ്റുകളും തുടങ്ങാനാണ് സർക്കാർ തീരുമാനം.


നടൻ ദിലീപും, നടി അക്രമണ കേസും


നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ അന്വേഷവും കോടതി നടപടികളും അഞ്ചു വർഷമായി നടക്കുകയാണ്. ഇതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയതെന്ന വെളിപ്പെടുത്തലുണ്ടാവുന്നത്. എല്ലാം അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്നാണ് കേസിൽ വലിയ ട്വിസ്റ്റുണ്ടാവുന്നത്.


എന്തായാലും കേസന്വേണം മുന്നോട്ട് പോവുകയാണ്. നിയമ പോരാട്ടങ്ങളും ശക്തമാണ്. തെളിവുകളും സാഹചര്യ തെളിവുകളും നിരത്തി ദിലീപിനെ പ്രതിരോധത്തിലാക്കിയിരിക്കയാണ് ക്രൈംബ്രാഞ്ച്. കേരളം ഏറെ ആകാംഷയോടെയാണ് ഈ കേസ് നോക്കുകാണുന്നത്.


വാൽകഷണം :

കമ്യൂണിസ്റ്റ് ചൈനയിൽ മാധ്യമങ്ങൾ,  സർക്കാർ പരിപാടിമാത്രം റിപ്പോർട്ട് ചെയ്യുന്ന രീതിയാണ്. കേരളം കമ്യൂണിസ്റ്റ് കേരളമാണ്, അതിനാൽ സർക്കാർ പരിപാടി മാത്രം റിപ്പോർട്ട് ചെയ്യുക. പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുക. അങ്ങിനെ കേരളം വികസിക്കട്ടെ….

LEAVE A REPLY

Please enter your comment!
Please enter your name here